June 08, 2026 |

മലയാള കാര്‍ട്ടൂണിനെ മലബാറില്‍ വളര്‍ത്തിയ പി.കെ.എസ്.കുട്ടി

ലളിതമായ വരകളാണ് കുട്ടിയുടെ പ്രത്യേകത

എറണാകുളം പ്രസ്സ് ക്ലബിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളത്ത് ഒരു കാര്‍ട്ടൂണ്‍ സംഗമം നടത്തി. അതില്‍ പങ്കെടുക്കാന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി, സുധീര്‍ ധര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി എത്തിയിരുന്നു. അന്നു മുതലാണ് കാര്‍ട്ടൂണിസ്റ്റ് കുട്ടിയുമായി അടുക്കുന്നത്. പിന്നീട് കത്തുകളിലൂടെ ബന്ധം നില നിര്‍ത്തി. 1996ല്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വീണ്ടും അടുത്തിടപഴകി. പലപ്പോഴും തിലക് ലൈനിലെ വീട്ടിലേയ്ക്ക് ഫീയറ്റ് കാറില്‍ വിളിച്ചു കൊണ്ടുപോകും. അദ്ദേഹത്തിന്റെ ഒറിജിനല്‍ കാര്‍ട്ടൂണുകളും, വിദേശ കാര്‍ട്ടൂണുകളും അദ്ദേഹം സമ്മാനിച്ചത് നിധിപോലെ ഇന്നും സൂക്ഷിക്കുന്നു.

എത്രയോ പ്രാവശ്യമാണ് കുട്ടി സാറിനെ ഐ.എന്‍.എസ്. ബില്‍ഡിങ്ങില്‍ വെച്ച് കണ്ടിട്ടുള്ളത്. കാര്‍ട്ടൂണിസ്റ്റ് കുട്ടി രാവിലെ ഡല്‍ഹിയിലെ റാഫി മാര്‍ഗ്ഗിലെ ഐ.എന്‍.എസ്. ബില്‍ഡിങ്ങിലെ കേരള കൗമുദി ഓഫീസില്‍ എത്തുന്നത് പതിവ് കാഴ്ച്ചയാണ്. അവിടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നരേന്ദ്രനും ഉണ്ടാകും. പല അവസരങ്ങളിലും അവിടെ വെച്ചാണ് കുട്ടി സാറിനെ കണ്ടുമുട്ടിയിരുന്നത്. രാവിലെ പത്രങ്ങള്‍ നോക്കി, വാര്‍ത്തകള്‍ മനസിലാക്കി കാര്‍ട്ടൂണും വരച്ചാണ് വരിക. രാവിലെ കൊടുത്താലേ പിറ്റേന്ന് രാവിലെ ബംഗാളി പത്രത്തില്‍ കാര്‍ട്ടൂണ്‍ വരൂ. ഇന്നത്തെ പോലെ സാങ്കേതിക വിദ്യ അത്രകണ്ട് വളര്‍ന്നിരുന്നില്ല.

1921 സെപ്റ്റംബര്‍ നാലാം തീയതിയാണ് കയരാട്ട് നാരായണ മേനോന്റെയും കോട്ടുത്തോടി നാരായണി അമ്മയുടേയും മകനായി പുതുക്കൊടി കൊറ്റുതൊടി ശങ്കരന്‍കുട്ടി നായര്‍ എന്ന പി.കെ.എസ്.കുട്ടി ഒറ്റപ്പാലത്ത് ജനിക്കുന്നത്. ശങ്കരന്‍കുട്ടിയുടെ വരയിലെയും നര്‍മ്മത്തിലുമുള്ള കഴിവ് കണ്ടെത്തിയത് സഞ്ജയന്‍ ആയിരുന്നു. സഞ്ജയന്‍ പത്രാധിപരായ വിശ്വരൂപത്തിലാണ് 1940 ല്‍ ശങ്കരന്‍കുട്ടി ആദ്യത്തെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്.

മലയാള കാര്‍ട്ടൂണിനെ മലബാര്‍ മേഖലയില്‍ വളര്‍ത്തുന്നതില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കാര്‍ട്ടൂണിസ്റ്റ് ശിവറാമിനെ പോലെ ലളിതമായ വരകളാണ് കുട്ടിയുടെ പ്രത്യേകത. പുരാണ കഥകള്‍ പലതും സമകാലീന രാഷ്ട്രീയ സംഭവങ്ങളുമായി കൂട്ടി കെട്ടി കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന രീതി കുട്ടിക്കുണ്ട്. ശാകുന്തളത്തെ അടിസ്ഥാനമാക്കി ഐക്യകേരള കാലത്ത് കുട്ടി വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയതായിരുന്നു.

1941 ല്‍ പ്രശസ്ത നയതന്ത്രജ്ഞനും, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വിശ്വസ്ഥനുമായ വി.പി.മേനോനാണ് കുട്ടിയെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടു വരുന്നത്. കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ വി.പി.മേനോന്റെ ശുപാര്‍ശയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനായി. കോണ്‍ഗ്രസ്സിന്റെ പത്രമായ നാഷ്ണല്‍ ഹെറാള്‍ഡില്‍ കാര്‍ട്ടൂണിസ്റ്റായ കുട്ടി ലഖ്‌നൗവിലേയ്ക്ക് മാറി. പിതാവിന് സുഖമില്ലെന്നറിഞ്ഞ് നാട്ടില്‍ പോയ അദ്ദേഹം പിതാവിന്റെ മരണശേഷം ബോംബെയിലും, തുടര്‍ന്ന് ഡല്‍ഹിയിലും എത്തി. ശങ്കറിന്റെ മരണം വരെ ശിഷ്യനായി തുടര്‍ന്ന കുട്ടി പ്രമുഖ ദേശിയ പത്രങ്ങളിലെല്ലാം കാര്‍ട്ടൂണുകള്‍ വരച്ചു.

ഡല്‍ഹിയില്‍ ഇരുന്ന് ബംഗാളി പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ച് ഏറെ പ്രശസ്തനായി. ആനന്ദ ബസാര്‍ പത്രിക ഗ്രൂപ്പിലെ പത്രങ്ങള്‍ക്കും, ആജ്കല്‍ പത്രത്തിലും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. ജന്‍മം കൊണ്ട് മലയാളിയാണെങ്കിലും കര്‍മ്മം കൊണ്ട് ബംഗാളിയാണ് കുട്ടി. ബംഗാളി ഭാഷ അറിയാതെയാണ് വര്‍ഷങ്ങളായി ബംഗാളി പത്രങ്ങളില്‍ കുട്ടി കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. ബംഗാളികളോട് അവരുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റാരാണെന്ന് ചോദിച്ചാല്‍ കുട്ടി ബാബു എന്നായിരുന്നു പറഞ്ഞിരുന്നത്. കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ കാര്‍ട്ടൂണുകള്‍ക്ക് ഒരു കാലത്ത് വലിയ പ്രചാരമായിരുന്നു. ബംഗാളി കാര്‍ട്ടൂണിസ്റ്റുകള്‍ക്കിടയില്‍ കുട്ടിയുടെ ശൈലി അനുകരിക്കുന്ന പതിവും കണ്ടിരുന്നു.

പ്രായം തളര്‍ത്തിയപ്പോള്‍ മക്കള്‍ അദ്ദേഹത്തേയും ഭാര്യയേയും അമേരിക്കയില്‍ അവരോടൊപ്പം താമസിക്കുവാന്‍ കൊണ്ടു പോയി. 2011 സെപ്തംബര്‍ 4 ന് ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ സുഹ്യത്തുക്കള്‍ അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്‍മദിനം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. അന്ന് ചടങ്ങില്‍ എത്തിയവരാരൊക്കെ എന്ന് അമേരിക്കയില്‍ നിന്ന് അദ്ദേഹം വിളിച്ച് ചോദിച്ചു (അപ്പോള്‍ അമേരിക്കയില്‍ സൂര്യന്‍ ഉദിച്ചിട്ടില്ല, അവിടെ പുലര്‍ച്ചെ മൂന്ന് മണിയാകും). ചടങ്ങിനെ കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് പരിപാടിക്ക് ശേഷം വിളിച്ച് പറഞ്ഞ് കൊടുത്തു. ചടങ്ങിന്റെ ചിത്രങ്ങള്‍ രാത്രി തന്നെ (അമേരിക്കയില്‍ പുലര്‍ച്ചെ) അയച്ചു കൊടുത്തു. ഒരു ഇമെയില്‍ സന്ദേശം അയച്ചാല്‍ നീണ്ട ഒരു കത്ത് മറുപടിയായി അദ്ദേഹം അയച്ചിരുന്നു. എപ്പോഴും ഒരു പഴയ കഥ കത്തിനൊപ്പം ഉണ്ടാകും. അങ്ങിനെ അദ്ദേഹം അയച്ചു തന്ന എത്ര എത്ര കഥകള്‍…

മലയാള ഹാസ്യസാഹിത്യത്തിന്റെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കുന്ന സഞ്ജയനാണ് പുതുക്കൊടി കൊറ്റുതൊടി ശങ്കരന്‍ കുട്ടി എന്ന പി.കെ.എസ്.കുട്ടി എന്ന കാര്‍ട്ടൂണിസ്റ്റിനെ കണ്ടെത്തി വളര്‍ത്തിയത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശിക്ഷണത്തില്‍ കാര്‍ട്ടൂണ്‍ രംഗത്ത് വളര്‍ന്ന കുട്ടി ഡല്‍ഹിയിലെ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ കേരള ക്ലബിന്റെ സജീവ പ്രവര്‍ത്തകനായ കുട്ടിയും സംഘവും ഇന്ത്യയ്ക്ക് സ്വതന്ത്രം ലഭിച്ച വിവരം കിട്ടിയപ്പോള്‍ പാര്‍ലമെന്റിലേയ്ക്ക് നടത്തിയ ആഹ്‌ളാദ പ്രകടനം ചരിത്ര രേഖകളിലുണ്ട്.

ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജ്ജി ഒരു കാലത്ത് തുടര്‍ച്ചയായി പുകവലിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടില്‍ ഏത് സമയവും പൈപ്പും, അതില്‍ നിന്ന് പുകയും ഉണ്ടാകും. ബംഗാളിലെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്റെ കാര്‍ട്ടൂണുകളില്‍ പ്രണാബിന്റെ പൈപ്പ് പര്‍വ്വതീകരിച്ച് കാണിക്കുന്നത് പതിവാക്കി. ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് രാജ്യത്തെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും അദ്ദേഹത്തെ കഥാപാത്രമാക്കിയിരുന്നു. അവരൊക്കെ തന്നെ കുട്ടിയുടെ വരയെ അനുകരിച്ച് പ്രണാബ് കുമാര്‍ മുഖര്‍ജ്ജിയുടെ പൈപ്പ് വരച്ചു. കാര്‍ട്ടൂണ്‍ അക്കാദമി കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ രാഷ്ട്രപതി ഭവനില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ ഒന്നാം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജ്ജി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞത് തന്റെ പുകവലി ശീലം മാറ്റുന്നതില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ കാര്‍ട്ടൂണുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ്.

കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കുന്ന ഒരു സംഭവം ഉണ്ട്. ഒരു റിപബ്ലിക്ക് പരേഡ്. കാരണവരായി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. ശിഷ്യനായ കാര്‍ട്ടൂണിസ്റ്റ് കുട്ടി കാരണവത്തിയായി. 1952 ല്‍ രാജ്പഥിലൂടെ റിപബ്ലിക്ക് ദിനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നീങ്ങിയ ഫ്‌ളോട്ടിലെ കാരണവരേയും കാരണവത്തിയേയും കണ്ടവരാരും ആ രംഗം മറക്കില്ല. കേരള ക്ലബ് സെക്രട്ടറിയായിരുന്നു അന്ന് കുട്ടി. പരേഡ് ഒരുക്കിയത് കേരള ക്ലബും.

2011 ഒക്‌റ്റോബര്‍ മാസം 22 ന് തേജസ് പത്രത്തിന്റെ ഒരു പൊതുപരിപാടിയുമായി ഡല്‍ഹിയിലെ റാഫി മാര്‍ഗ്ഗിലെ സ്പീക്കേഴ്‌സ് ഹാളില്‍ ഇരിക്കുന്ന സമയം. അമേരിക്കയില്‍ നിന്ന് കാര്‍ട്ടൂണിസ്റ്റ് തൊമ്മിയുടെ ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു. കുട്ടി സര്‍ മരിച്ചു. തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ നാരായണന്‍ കുട്ടിയുടെ ഫോണ്‍. അച്ഛന്‍ മരിച്ചു. തൊണ്ണൂറാം വയസിന്റെ ആഘോഷം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മരണ വാര്‍ത്ത. മുന്‍പും കുട്ടി സാറിന്റെ മരണ വാര്‍ത്ത പത്രങ്ങളില്‍ വന്നിട്ടുണ്ട്. ആര്‍ട്ടിസ്റ്റും, കാരിക്കേച്ചറിസ്റ്റുമായ ശങ്കരന്‍കുട്ടിയുടെ മരണ വാര്‍ത്തയാണ് കാര്‍ട്ടൂണിസ്റ്റ് കുട്ടി മരിച്ചതായി തെറ്റിദ്ധരിച്ച് സ്റ്റേറ്റ്‌സ്മാന്‍ പത്രമടക്കം ബംഗാളിലെ ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്. താന്‍ മരിച്ചിട്ടില്ല എന്നറിയിക്കാന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി ഒരു കാര്‍ട്ടൂണ്‍ വരച്ച് പ്രസിദ്ധീകരിച്ചത് സംസാരമായിരുന്നു.

[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് മുറതെറ്റാതെ അദ്ദേഹം അയച്ചിരുന്ന നീണ്ട കുറിപ്പുകള്‍ ഇനി വരില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അത്രകണ്ട് അദ്ദേഹത്തിന്റെ കത്തുകളില്‍ ആക്യഷ്ടനായിരുന്നു ലേഖകന്‍. എത്രയോ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ കുട്ടി സാര്‍ തിരക്കഥ പോലെ എല്ലാം കത്തില്‍ വിവരിക്കും. ഒരു സിനിമ കാണുന്നത് പോലെ വായനക്കാര്‍ക്ക് അത് ആസ്വദിക്കാനാകും. കപ്പന ഗൗരി മേനോനാണ് ഭാര്യ. മായയും നാരായണനുമാണ് മക്കള്‍. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. cartoonist pks kutti; the man who raised malayalam cartoons in malabar 

Content Summary: cartoonist pks kutti; the man who raised malayalam cartoons in malabar

Leave a Reply

Your email address will not be published. Required fields are marked *

×