June 13, 2026 |

‘കരിവേടനെന്ന് ആക്ഷേപിച്ചു ശുചിമുറിയില്‍ വിട്ടില്ല’; പേര്‍ക്കാട് സ്‌കൂളില്‍ നടന്നത് കൊടിയ ജാതി അധിക്ഷേപം

ആലപ്പുഴ ഹരിപ്പാട് എംഎസിഎൽപി സ്കൂളിലെ നാലാം ക്ലാസുകാരന് അധിക്ഷേപമേൽക്കേണ്ടി വന്നത് ​ഗുരുനാഥയിൽ നിന്നാണ്

ജാതി ഉന്മൂലനവും പട്ടിക ജാതി മുന്നേറ്റങ്ങളും കാര്യക്ഷമമാണെന്ന് വാദിക്കുന്ന കേരളത്തിൽ നിന്ന് തന്നെയാണ് നാലാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ജാതീയമായ അധിക്ഷേപം നേരിട്ട വാർത്തയെത്തുന്നത്. ആലപ്പുഴ ഹരിപ്പാട് എംഎസിഎൽപി സ്കൂളിലെ നാലാം ക്ലാസുകാരന് അധിക്ഷേപമേൽക്കേണ്ടി വന്നത് ​ഗുരുനാഥയിൽ നിന്നാണ്. ഒരു വർഷത്തിൽ മുകളിലായി പലതവണ പള്ളിപ്പാട് സ്വദേശിയായ ശാലിനിയുടെ മകനെ അധ്യാപിക ഉപദ്രവിക്കുന്നത്.  ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ട് കാര്യമില്ലെന്നാണ് അധ്യാപിക കുട്ടിയോട് പറഞ്ഞത്.

എന്റെ മകനും ചേട്ടന്റെ മകനും പേർക്കാട് എം.എസ്.സി എൽപി സ്കൂളിൽ നാലാം ക്ലാസിലാണ് പഠിക്കുന്നത്. ഇവരെ രണ്ടും പേരെയുമാണ് സ്കൂളിലെ പ്രധാന അധ്യാപിക ജാതീയമായി അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. കറുത്തവരെ ഇഷ്ടമല്ല, കറുത്ത നിറമുള്ളവരെ പഠിപ്പിക്കില്ല ഇതൊക്കെയാണ് ടീച്ചറുടെ നിലപാടെന്ന് പള്ളിപ്പാട് സ്വദേശിയായ ശാലിനി അഴിമുഖത്തോട് പറഞ്ഞു

മൂന്ന് വർഷത്തോളമായി ഈ സ്കൂളിലെ പ്രധാന അധ്യാപികയാണ് ​ഗ്രേസി. കഴിഞ്ഞ വർഷവും ഇരുവരെയും ഈ അധ്യാപിക പഠിപ്പിച്ചിരുന്നു. അന്ന് വിദ്യാർത്ഥികളെ ഉപദ്രവിച്ചിരുന്നു. മക്കൾ പഠിക്കാൻ വേണ്ടിയല്ലേ ഉപദ്രവിക്കുന്നതെന്നാണ് അന്ന് ശാലിനി മറുപടി പറ‍ഞ്ഞിരുന്നത്. ഈ കഴി‍ഞ്ഞ ജൂൺ 17ന് ബോർഡിൽ എഴുതിയത് വേ​ഗത്തിൽ എഴുതിയെടുത്തില്ല എന്ന് പറ‍‍ഞ്ഞ് കുട്ടിയെ അവർ നന്നായി ഉപദ്രവിച്ചു. കുഞ്ഞ് എഴുതിയത് തെറ്റിയെന്ന് പറഞ്ഞ് കുഞ്ഞിനെ പിച്ചി. അന്നത്തെ ദിവസം അവനെ യൂറിൻ പാസ് ചെയ്യാൻ പോലും വിട്ടിരുന്നില്ല. ഇന്റർബെൽ സമയത്ത് ശുചിമുറിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും നൽകിയില്ല. അന്ന് മൂന്നേ കാലോടെ കുഞ്ഞിനെ തിരക്കി തൊട്ടടുത്ത ക്ലാസിലെ ടീച്ചർമാർ എത്തിയപ്പോഴാണ് ക്ലാസിലിരുന്ന് കരയുന്ന കുഞ്ഞിനെ കാണുന്നത്. നിങ്ങൾ നിങ്ങളുടെ ക്ലാസിലെ കാര്യം നോക്കിയാൽ മതി എന്റെ ക്ലാസിലെ കാര്യം തിരക്കേണ്ട എന്നായിരുന്നു ഇതിനെക്കുറിച്ച് മറ്റു അധ്യാപകർ ചോദിച്ചപ്പോൾ അധ്യാപിക നൽകിയ മറുപടി.

”എന്റെ ഇളയ മകൾ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത് വീട്ടിൽ ചെന്ന് അവരുടെ കൂടെ കളിക്കുകയോ മറ്റോ ചെയ്തെന്ന് അറിഞ്ഞാൽ കൈയും കാലും തല്ലിയൊടിക്കുമെന്നും പറഞ്ഞു. ഇളയ മകളാണ് ഈ വിവരം വീട്ടിൽ വന്ന് പറയുന്നത്. അന്ന് രാത്രിയിൽ വീട്ടിൽ വന്നിട്ട് യൂറിൻ പാസ് ചെയ്യാൻ പോലും എന്റെ കു‍ഞ്ഞ് കൂട്ടാക്കിയില്ല. ചോദിച്ചപ്പോൾ ടീ‌ച്ചർ തല്ലുമെന്ന് പേടിയോടെ മറുപടി പറ‍ഞ്ഞു.

പിറ്റേന്ന് മോനെ കുളിപ്പിക്കാനായി നിർത്തിയപ്പോഴാണ് രണ്ട് തോളുകളിലും പിച്ചി തൊലിയെടുത്തത് കാണുന്നത്. നിങ്ങൾ പുലയരല്ലേ, പുലയരോട് ഞാൻ എന്തും ചെയ്യുമെന്ന് ആയിരുന്നു പിറ്റേന്ന് സ്കൂളിലെത്തി ടീച്ചറോട് കാര്യം തിരക്കിയപ്പോൾ ലഭിച്ച മറുപടിയെന്ന് ശാലിനി പറഞ്ഞു.

‍ഞാൻ കാര്യം ചോദിക്കുമ്പോഴൊക്കെ തന്നോട് അല്ലെന്ന ഭാവത്തിൽ ആയിരുന്നു ടീച്ചർ ഇരുന്നത്. വേടൻ, കരിവേടൻ, കരിങ്കുരങ്ങ്, എന്നിങ്ങനെയൊക്കെയാണ് അവർ കുഞ്ഞുങ്ങളെ വിളിച്ചത്. ആദ്യം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചപ്പോൾ ടീച്ചർ നിഷേധിച്ചിരുന്നു. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തോളാൻ പറഞ്ഞു. അധ്യാപകർക്കെല്ലാം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അത് നിഷേധിക്കുന്നത് അവരുടെ നിലനിൽപ്പ് ഓർത്തായിരിക്കുമെന്നും ശാലിനി വ്യക്തമാക്കി.

ജൂലൈ 17ന് കുഞ്ഞിന് നേരിട്ട അധിക്ഷേപം ചൂണ്ടിക്കാട്ടിക്കൊണ്ട് ഞങ്ങൾ എ.ഇ.ഒ ഓഫീസിൽ പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആളു വന്നെങ്കിലും ഒത്തു തീർപ്പിന് നിർബന്ധിക്കുകയാണുണ്ടായത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്കൂളിനും മാനേജ്മെന്റിനും കോട്ടം തട്ടാത്ത രീതിയിലുള്ള ഒത്തുതീർപ്പിനാണ് സ്കൂൾ ശ്രമിക്കുന്നത്. ഏകദേശം 20 ദിവസത്തോളമാണ് ഞങ്ങളെ ഇക്കാര്യം പറഞ്ഞ് നടത്തിച്ചത്. അവർ സ്ത്രീയല്ലേ 56 വയസില്ലേ അതുകൊണ്ട് ഒത്തുതീർപ്പാക്കൂവെന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും പറയുകയുണ്ടായി. എന്നാൽ അതിന്റെ തൊട്ടടുത്ത ദിവസം അധ്യാപികയുടെ ഭർത്താവ് ഞങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങൾ കേസ് കൊടുത്തോളു ഞങ്ങൾ നിസാരമായി അതിൽ നിന്ന് ഊരി പോകുമെന്ന് അയാൾ പറഞ്ഞതായും ശാലിനി വ്യക്തമാക്കുന്നു.

മകന് നേരെ ജാതി അധിക്ഷേപം നേരിട്ടുവെന്ന് കാണിച്ച് ശാലിനി പ്രധാന അധ്യാപികയ്ക്കെതിരെ പരാതി നൽകിയതിന് ശേഷമാണ് തങ്ങൾ വിവരം അറിയുന്നതെന്നാണ് പള്ളിപ്പാട് പഞ്ചായത്തിലെ 3ാം വാ‌‍‍ർഡ് മെമ്പർ തോമസ് മാത്യു അഴിമുഖത്തോട് വ്യക്തമാക്കിയത്. കേസിൽ ആരോപിതയായ പ്രധാന അ​ദ്ധ്യാപികയാണ് തന്നെ ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുന്നതെന്ന് മെമ്പർ പറയുന്നു. ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് തനിക്ക് എതിരെ കേസ് നൽകിയിട്ടുണ്ടെന്നും, ശാലിനി ആരോപിക്കുന്ന തരത്തിൽ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് പ്രധാന അധ്യാപിക മെമ്പറോട് പറയുന്നത്. ‍പല തവണയായി സ്കൂളിൽ  പോകുന്ന വ്യക്തിയാണ് താനെന്നും തെറ്റായ രീതിയിൽ കുട്ടികളോട് പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മെമ്പ‍ർ പറയുന്നു. കാണാത്ത കാര്യം തനിക്ക് പറയാൻ കഴിയില്ലെന്നും മെമ്പർ പറയുന്നു.

 

content summary: A serious incident of caste-based discrimination occurred at Percadu School, where students were subjected to casteist insults and denied permission to use the toilet

.

Leave a Reply

Your email address will not be published. Required fields are marked *

×