ഒക്ടോബര്‍ മൂന്നിന് സുപ്രിം കോടതിയില്‍ നിന്നുവന്ന സുപ്രധാന വിധിയായിരുന്നു രാജ്യത്തെ ജയില്‍ മാനുവല്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശം. ജയില്‍ മാനുവലുകളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനപരമായ നടപടികളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് പരമോന്നത കോടതി പ്രഖ്യാപിച്ചത്.
ജയില്‍ മാനുവലിലെ സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനങ്ങളില്‍ ഇതിന് ഭേദഗതി വരുത്തിയ നിര്‍വചനം ഇല്ലെങ്കില്‍, അതിന് തയ്യാറാകണമെന്ന സുപ്രധാന നിര്‍ദേശവും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റീസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ വിധിയിലുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദി വയറിലെ സുകന്യ ശാന്ത നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രിം കോടതിയുടെ നിര്‍ണായക വിധി വരുന്നത്. ഇന്ത്യന്‍ ജയിലുകളില്‍ സര്‍ക്കാര്‍ അനുവാദത്തോടെ നടക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെയും വേര്‍തിരിവിനെയും കുറിച്ച് സുകന്യ ചെയ്ത അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
തടവുകാര്‍ക്കിടയില്‍ ഓരോരുത്തരുടെയും ജാതി അവരെ വേര്‍തിരിക്കുന്നതിനുള്ള അടിസ്ഥാനമാക്കിയാല്‍ അത് ശത്രുതയുണ്ടാക്കുന്നതിലേക്ക് നയിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്. ജയില്‍ മനുവലുകള്‍ പ്രകാരം ഉയര്‍ന്ന ജാതിക്കാരായ തടവുകാരെ ഭക്ഷണം തയ്യാറാക്കാനും പാകം ചെയ്യാനും തെരഞ്ഞെടുക്കുമ്പോള്‍, താഴ്ന്ന ജാതിക്കാരെ കൊണ്ട് ശുചീകരണ ജോലികള്‍ ചെയ്യിക്കുന്നു. നിന്ദ്യമായത്, ശീലിച്ചത് തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ നേരിട്ടല്ലാതെയുള്ള ജാതി വിവേചനമാണ് കാണിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
ജാതി വിവേചനം ഭരണഘടന വിരുദ്ധമാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എങ്കില്‍ പോലും ഈ 2024 ലും ജാതി വിവേചനം നിങ്ങള്‍ക്ക് ജയില്‍ മാനുവലുകളില്‍ കാണാം. ഇതില്‍ എഴുതിയിരിക്കുന്നത് പ്രകാരം ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം ചുമതലകളാണ് നല്‍കുന്നത്. ഉദ്ദാഹരണത്തിന്, ബ്രാഹ്‌മണനായൊരു തടവുകാരന്‍ പാചകം ചെയ്യുമ്പോള്‍ ഒരു ദളിത് തടവുകാരനെ കൊണ്ട് വൃത്തിയാക്കല്‍ പോലുള്ള വിടുപണികള്‍ എടുപ്പിക്കുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതി സ്വമേധയ കേസ് എടുത്തിരുന്നു. കോടതി വഴി ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കിയെടുത്താല്‍ മാത്രമാണ് ഈ വിഷയം ദേശീയതലത്തില്‍ ഉയര്‍ത്താന്‍ സാധിക്കുകയെന്ന് ഞങ്ങള്‍ക്ക് മനസിലായി. അല്ലാത്തപക്ഷം സംസ്ഥാനങ്ങള്‍ ഇത് ഗൗരവമായി എടുക്കില്ല’ കോടതി ഉത്തരവ് സ്വാഗതം ചെയ്തു കൊണ്ട് സുകന്യ ശാന്ത പറഞ്ഞ വാക്കുകള്‍.
ഈ വര്‍ഷം ജൂലൈയില്‍ പരിഗണിച്ച മറ്റൊരു ഹര്‍ജിയില്‍ വാദം കേള്‍ക്കെ, ഇന്ത്യന്‍ ജയിലുകളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചന നടപടികള്‍ ഇല്ലാതാക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്.
ബ്രിട്ടീഷ് രാജിന്റെ കാലത്ത് ക്രിമിനല്‍ ട്രൈബല്‍ ആക്ടിന്റെ ഭാഗമായി ജന്മനാ കുറ്റവാളി’കളവായി മുദ്രകുത്തിയ ആദിവാസി സമൂഹങ്ങളില്‍പ്പെട്ടവര്‍ ഇപ്പോഴും നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും ഈ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. പുലിസ്റ്റര്‍ സെന്റര്‍ ഫോര്‍ ക്രൈസിസ് റിപ്പോര്‍ട്ടിംഗുമായി സഹകരിച്ച് തയ്യാറാക്കിയ ബാര്‍ഡ്-ദി പ്രിസണ്‍ പ്രൊജക്ട് എന്ന അഞ്ചു ഭാഗങ്ങളുള്ള ജയില്‍ പരമ്പരയിലെ ലേഖനങ്ങളില്‍ ഒന്നിനെ അടിസ്ഥാനമാക്കി നല്‍കിയ ഹര്‍ജിയായിരുന്നു അത്. ജൂലൈയില്‍, ഹര്‍ജി പരിഗണിക്കവെ സംസ്ഥാന ജയില്‍ മാന്വലുകളില്‍ നിന്നുള്ള ചില വ്യവസ്ഥകള്‍ വായിച്ച സുപ്രിം കോടതി ഈ രീതികളെ ‘ഏറ്റവും അസ്വസ്ഥമാക്കുന്നത്’ എന്നാണ് കുറ്റപ്പെടുത്തിയത്. caste based discriminatory practices in prison manuals unconstitutional says supreme court of india
Content Summary; caste based discriminatory practices in prison manuals unconstitutional says supreme court of india