പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്തം പറയേണ്ട രീതിയില്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ മാറിയാല്‍ ഇന്ത്യ പോലൊരു രാജ്യത്ത് അതൊരുപാട് മാറ്റങ്ങളുണ്ടാക്കും. അതിന്റെ ഒരുദാഹരണമാണ് സി.എ.ജി.
സി.ബി.ഐക്ക് അത്ര വലിയ സല്‍പ്പേരൊന്നും സംരക്ഷിക്കാനില്ലെന്നു തന്നെ പറയാം. കൂട്ടിലടച്ച തത്ത എന്ന്‍ ഇന്ത്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അന്വേഷണ ഏജന്‍സിലെ വിശേഷിപ്പിച്ചത് രാജ്യത്തെ പരമോന്നത കോടതി തന്നെയാണ്.
അതിനു ശേഷവും സിബിഐ നേരിട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ കുറവല്ല. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമായിരുന്നു ഇന്നലെ നടന്നത്. മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിക്ക് ജാമ്യമനുവദിച്ചു കൊണ്ട് ഡല്‍ഹിയിലെ ഒരു സ്‌പെഷ്യല്‍ സി.ബി.ഐ കോടതി ജഡ്ജി സി.ബി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. 2010-ല്‍ ഓഗസ്റ്റവെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് വിവിഐപി ഹെലികോപ്റ്റര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ത്യാഗി കോഴ സ്വീകരിച്ചു എന്നാരോപിച്ച് 18 ദിവസം മുമ്പാണ് സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സി.ബി.ഐയുടെ അക്കൗണ്ടബിലിറ്റി മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നതിന് ഏറ്റവും അടുത്തുള്ള ഉദാഹരണമാണ് ഇന്നലെ നടന്നത്. ദുരുപയോഗം ചെയ്യപ്പെടാന്‍ നിന്നുകൊടുത്ത് വിശ്വാസ്യതയും സല്‍പ്പേരും ജോലി ചെയ്യാനുള്ള മിടുക്കുമൊക്കെ നഷ്ടപ്പെട്ട് അധികാരത്തിലിരിക്കുന്നവരുടെ കാല്‍ച്ചുവട്ടില്‍ ചുരുണ്ടുകൂടുന്നത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്. സി.എ.ജി മാതൃകയില്‍ സി.ബി.ഐയെ പാര്‍ലമെന്റിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരിക എന്നതാണ് ഇത് പരിഹരിക്കാനുള്ള ഏക പോംവഴി.
തിങ്കളാഴ്ചയുണ്ടായത്
കഴിഞ്ഞ മൂന്നു വര്‍ഷവും ഒമ്പതു മാസവും അന്വേഷിച്ചിട്ടും കുറ്റാരോപിതര്‍ക്ക് എത്ര പണം നല്‍കിയെന്നോ എന്നാണ് നല്‍കിയതെന്നോ പോലും കണ്ടെത്താന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ സി.ബി.ഐ ജഡ്ജി അരവിന്ദ് കുമാര്‍ കുമാര്‍ തിങ്കളാഴ്ച കുറ്റപ്പെടുത്തിയത്.
കോടതിയുടെ പ്രസ്താവം ത്യാഗി കുടുംബത്തെ കണ്ണീരിലാഴ്ത്തി. കേസിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ വിസമ്മതിച്ച അവര്‍ “നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുന:സ്ഥാപിക്കപ്പെട്ടിരിക്കുന്നു” എന്നു മാത്രമാണ് പ്രതികരിച്ചത്. വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ പങ്കെടുക്കുന്നതിന് ഓഗസ്റ്റവെസ്റ്റ്‌ലാന്‍ഡിന് അവസരമൊരുക്കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് ഡിസംബര്‍ ഒമ്പതിനാണ് ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.
മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ത്യാഗി തന്റെ സ്വാധീനം ഉപയോഗിച്ചുവെന്നും അതിന് പ്രതിഫലമായി അദ്ദേഹം കോഴ വാങ്ങിയെന്നുമായിരുന്നു സി.ബി.ഐയുടെ ആരോപണം. കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന പേരില്‍ ത്യാഗിയുമായി ബന്ധപ്പെട്ടവരുടെ വിവിധ കമ്പനികളിലേക്കാണ് ഈ കോഴപ്പണം പോയതെന്നും സി.ബി.ഐ പറയുന്നു.
മുന്‍ വ്യോമസേനാ തലവന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സി.ബി.ഐ, മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റുള്ള സാക്ഷികളില്‍ നിന്നും ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2013-ല്‍ ത്യാഗിയുടെ വീട്ടില്‍ റെയ്ഡ് നടത്തി വിവിധ രേഖകള്‍ പിടിച്ചെടുത്ത കാര്യവും അറസ്റ്റിന് മുമ്പ് അദ്ദേഹം അന്വേഷണവുമായി സഹകരിച്ചിരുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ത്യാഗി ഏതെങ്കിലും വിധത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നോ സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ത്യാഗി 2007-ല്‍ വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹം തനിക്ക് കീഴില്‍ ജോലി ചെയ്തിരുന്നവരെ ഇപ്പോള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നത് നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
മാത്രമല്ല, കുറ്റാരോപിതന്റെ വസ്തുവകകള്‍ ഏതെങ്കിലും വിധത്തില്‍ നിയമവിരുദ്ധമായി സമ്പാദിച്ചതാണെന്ന് തെളിയിക്കാനും സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴയായി ലഭിച്ചുന്നെ് പറയുന്ന പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിചാരണാ വേളയില്‍ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
ത്യാഗിയുടെ അറസ്റ്റ് സൈനികരുടെ ആത്മവിശ്വാസം തകര്‍ത്തിട്ടുണ്ടെന്നും ഒപ്പം സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ ഇന്നലെ വ്യക്തമാക്കി. ത്യാഗിയെപ്പോലെ ഒരു ഉന്നത പദവിയിലിരുന്നയാളെ സി.ബി.ഐയും മറ്റുള്ളവരും ഇത്തരമൊരു കേസില്‍ ഉള്‍പ്പെടുത്തുകയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്ത സംഭവം നിര്‍ഭാഗ്യകരമാണെന്ന് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ഇത് സേനയേയും സേനാംഗങ്ങളേയും ബാധിക്കും. ഒപ്പം സേനയുടെ പ്രതിച്ഛായയേയും ഇത് ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ത്യാഗിയെ അറസ്റ്റ് ചെയ്ത സംഭവം തങ്ങളുടെ പ്രതിച്ഛായയ്ക്കു തന്നെ കോട്ടം തട്ടുന്ന രീതിയില്‍ സി.ബി.ഐ ചെയ്യുന്ന കാര്യങ്ങളിലെ ഒടുവിലുത്തെ എപ്പിസോഡാണ്.
തുടര്‍ന്നുവരുന്ന ഓരോ സര്‍ക്കാരുകളും തങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിനു വേണ്ടിയും എതിരാളികളെ ഒതുക്കാനും സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഏറ്റെടുക്കുന്ന കേസുകളില്‍ ഫലമുണ്ടാകുന്നത് വളരെ കുറച്ചു മാത്രമാണ്. സര്‍ക്കാരിനോട് മാത്രമാണ് സി.ബി.ഐക്ക് ഇപ്പോഴുള്ള ഏക അക്കൗണ്ടബിലിറ്റി.
പാര്‍ലമെന്റിന്റെ മേല്‍നോട്ടത്തില്‍, പാര്‍ലമെന്റിനോട് ഉത്തരം പറയേണ്ട രീതിയില്‍ സി.ബി.ഐയും മറ്റ് ഫെഡറല്‍ അന്വേഷണ ഏജന്‍സികളായ ഇന്റലീജന്‍സ് ബ്യൂറോയുമൊക്കെ കൊണ്ടുവരേണ്ടത് അത്യാവശ്യമായി മാറിയിട്ടുണ്ട്. അതായത്, പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്തം പറയേണ്ട രീതിയില്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ മാറിയാല്‍ ഇന്ത്യ പോലൊരു രാജ്യത്ത് അതൊരുപാട് മാറ്റങ്ങളുണ്ടാക്കും. അതിന്റെ ഒരുദാഹരണമാണ് സി.എ.ജി. അവര്‍ ഒരു മന്ത്രാലയത്തിനും റിപ്പോര്‍ട്ട് ചെയ്യുന്നില്ല, മറിച്ച് പാര്‍ലമെന്റിനോട് മാത്രമാണ് അവര്‍ക്ക് ഉത്തരവാദിത്തം. രാജ്യത്തെ മറ്റേത് അന്വേഷണ ഏജന്‍സിയേക്കാളും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവയ്ക്കുന്നതും.