June 04, 2026 |
Share on

സ്‌കൂള്‍ അവധി; ഏപ്രില്‍-മെയ്ക്ക് പകരം ജൂണ്‍-ജൂലൈ ആക്കണോ?

അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്‌

കേരളത്തിലെ സ്കൂളുകളിൽ അവധിക്കാലത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് മന്ത്രി ആവശ്യമുന്നയിച്ചിരിക്കുന്നത്. കേരളത്തിൽ ജൂൺ ജൂലൈ മാസത്തിൽ കനത്ത മഴ മൂലം കുട്ടികൾക്ക് തുടർച്ചയായി ക്ലാസുകൾ നഷ്ടമാവുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും അതിന് ശേഷമാവും തീരുമാനമെടുക്കുകയെന്നും മന്ത്രി കുറിച്ചു.

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മന്ത്രിയുടെ നിർദേശത്തിന് പിന്തുണച്ചും എന്നാൽ അത്തരമൊരു മാറ്റത്തിലെ പ്രായോ​ഗികമായ വെല്ലുവിളികളെക്കുറിച്ചുമുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

‘മഴ കാലത്തു മക്കൾ പുറത്തു പോയി കുളത്തിലോ പുഴയിലോ കുളിക്കാൻ എന്ന് പറഞ്ഞു പോയാൽ അത് വലിയൊരു അപകടത്തിലേക്കാവും പോവുക. വേനൽ അവധിയാണ് നല്ലത്’. ‘പ്രത്യക്ഷത്തിൽ ഇത് നല്ലതാണെന്ന് തോന്നുന്നു. പക്ഷെ ഒരുകാര്യമുള്ളത്, വേനലവധി അവർക്ക് മുറ്റത്തും പറമ്പുകളിലും മറ്റും മറ്റ് കുട്ടികളുമായി കളിച്ചു തിമർക്കാൻ കിട്ടുന്ന ഒരേയൊരു സമയമാണ്. ജൂൺ ജൂലൈ മാസങ്ങളിലാവുമ്പോ വീട്ടകങ്ങളിൽ അവർ അടച്ചടക്കപ്പെടും’. ഇത്തരത്തിൽ മന്ത്രിയുടെ പോസ്റ്റിന് താഴെ ആശങ്കകൾ പങ്കുവയ്ക്കുന്നതിൽ കൂടുതൽ അമ്മമാരാണ്.

എന്നാൽ ഏപ്രിൽ മെയ് മാസങ്ങൾ കടുത്ത ചൂടും ജലക്ഷാമവും നേരിടുന്ന മാസങ്ങൾ കൂടിയായത് കൊണ്ട് തന്നെ, ആ സമയത്ത് ക്ലാസുകൾ വയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും കമന്റിൽ ആളുകൾ വ്യക്തമാക്കുന്നുണ്ട് . ‘ആയിരവും രണ്ടായിരവുമൊക്കെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുണ്ട്. അവിടെയൊന്നും ഭക്ഷണം വെക്കാൻ പോയിട്ട്, കുടിക്കാൻ പോലും വെള്ളം കിട്ടാതെ കിണറുകൾ വറ്റി വരളുന്ന കാലമാണ് .! ആ സമയത്ത് ആ രണ്ട് മാസങ്ങളിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് പ്രായോഗികമേ അല്ല’ . ഏപ്രിൽ മാസത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് ഇത്തരത്തിൽ നിരവധി കമന്റുകളുണ്ട്.  സ്വാഗതാർഹമായ തീരുമാനമാണെങ്കിലും സ്കൂളിൽ ഓരോ ക്ലാസ്സ് റൂമിൽ ഏസി വേണ്ടിവരുമെന്നും, ഏപ്രിൽ മെയ്‌ മാസങ്ങളിൽ പിന്നെ കുടിവെള്ള സൗകര്യം ഒരുക്കേണ്ടി വരുമെന്നും ആളുകൾ വ്യക്തമാക്കുന്നു.

 

 

content summary: Has there been a change in long vacations in Kerala? Education Minister V. Sivankutty has initiated a discussion on the matter

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×