April 20, 2025 |

യുഎസിന്റെ ബോയിങ് വിമാനങ്ങൾ വാങ്ങരുത്; വിമാനക്കമ്പനികളോട് നിർദ്ദേശിച്ച് ചൈന

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുകയാണെന്നാണ് ചൈനയുടെ നീക്കം വ്യക്തമാക്കുന്നത്

യുഎസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് ഓർഡർ ചെയ്ത വിമാനങ്ങളൊന്നും ഇനി സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയർലൈൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകി സർക്കാർ. യുഎസ് കമ്പനികളിൽ നിന്ന് വിമാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാ​ഗങ്ങളും വാങ്ങുന്നത് നിർത്തി വയ്ക്കാനും ചൈന ആവശ്യപ്പെട്ടതായി ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈന ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുകയാണെന്നാണ് ചൈനയുടെ നീക്കം വ്യക്തമാക്കുന്നത്.

യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റത് മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവ യുദ്ധം മുറുകുകയാണ്. അമേരിക്ക തുടങ്ങി വച്ച യുദ്ധത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ചാണ് ചൈന മറുപടി നൽകുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം വരെ തീരുവയാണിപ്പോൾ അമേരിക്ക ചുമത്തുന്നത്. ചൈനയാവട്ടെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവയും ചുമത്തുന്നു. നേരത്തെ മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രഖ്യാപിച്ച തീരുവയിൽ 90 ദിവസത്തേക്ക് അമേരിക്ക ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈനയ്ക്ക് ബാധകമാക്കാതെയായിരുന്നു ട്രംപിന്റെ നീക്കം. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന. ചൈനയിലെ ഏറ്റവും മികച്ച മൂന്ന് എയർലൈനുകളായ എയർ ചൈന, , ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവയ്ക്ക് 2025-2027 കാലയളവിൽ യഥാക്രമം 45, 53, 81 ബോയിംഗ് വിമാനങ്ങൾ വാങ്ങാനായി പദ്ധതിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബോയിങ്ങിന് ഉപരോധം ഏർപ്പെടുത്തുന്നത് യുഎസ് കമ്പനിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വിമാനം വാങ്ങേണ്ടെന്ന നിർദ്ദേശം ചൈനയ്ക്ക് തിരിച്ചടിയാവുമെന്നും വിലയിരുത്തലുകളുണ്ട്.

ഉയര്‍ന്ന തീരുവ കാരണമുള്ള വര്‍ധിച്ച ചെലവുകള്‍ നികത്താന്‍ ബോയിങ് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത ചൈനീസ് എയര്‍ലൈന്‍ കമ്പനികളെ സാമ്പത്തികമായി സഹായിക്കാനും ചൈനയ്ക്ക് പദ്ധതിയുള്ളതായാണ് റിപ്പോർട്ടുകൾ. പുതിയ തീരുവ പ്രകാരം യുഎസ് നി‌‍‍ർമ്മിത വിമാനങ്ങളുടെയും പാർട്ട്സുകളുടെയും വില ഇരട്ടിയോളം വർദ്ധിച്ചേക്കാം. ഇത് ചൈനീസ് വിമാനക്കമ്പനികൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കണ്ടാണ് സഹായ നടപടി. അമേരിക്കയുടെ ഉയർന്ന തീരുവ ബോയിങ് വിമാന കമ്പനികൾക്ക് വലിയ തിരിച്ചടിയായിരിക്കും. ബോയിങ്ങിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ബോയിങ്ങ് വിമാനങ്ങളുടെ ഏകദേശം 25 ശതമാനത്തോളം ചൈനയാണ് ഉപയോ​ഗിക്കുന്നതെന്നാണ് കണക്ക്.

content summary: China Reportedly Orders Airlines to Halt Deliveries of Boeing Jets

Leave a Reply

Your email address will not be published. Required fields are marked *

×