അർദ്ധസൈനിക വിഭാഗത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ട് കൊളംബിയൻ പുരുഷന്മാരുടെ കുടുംബങ്ങൾക്ക് ചിക്വിറ്റ ബ്രാൻഡ്‌സ് ഇൻ്റർനാഷണൽ 38 മില്യൺ ഡോളർ ( 3,17,52,61,000 ഇന്ത്യൻ രൂപ ) നൽകണമെന്ന് ഫ്ലോറിഡ കോടതി ഉത്തരവിട്ടു. 1997 മുതൽ 2004 വരെ യുഎസ് ബനാന കമ്പനിയാണ് തീവ്രവാദ ഗ്രൂപ്പിന് ധനസഹായം നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. Chiquita Brands
17 വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് ജൂൺ 10 തിങ്കളാഴ്ച സുപ്രധാന വിധി വന്നത്. ആദ്യമായാണ് ഇരകളായവർക്ക് ഫ്രൂട്ട് കമ്പനി നഷ്ടപരിഹാരം നൽകുന്നത്. ഈ തീരുമാനം ആയിരക്കണക്കിന് ആളുകൾക്ക് നഷ്ടപരിഹാരം തേടാനുള്ള വഴി കൂടി തുറക്കുന്നതാണ്.
ഇതാദ്യമായാണ് മറ്റൊരു രാജ്യത്ത് നടക്കുന്ന അവകാശ ലംഘനങ്ങൾക്ക് പ്രധാന യുഎസ് കോർപ്പറേഷൻ ബാധ്യസ്ഥമാകുന്നത്. ‘ ഈ തീരുമാനം എല്ലാ കോർപ്പറേറ്റ് കമ്പനികൾക്കും വ്യക്തമായ സന്ദേശം നൽകുന്നതാണ്, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി പണം സമ്പാദിക്കുന്ന ആരും രക്ഷപ്പെടില്ല’ ഇരകളായവരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന നിയമ സ്ഥാപനമായ എർത്ത് റൈറ്റ്സിലെ മാർക്കോ സൈമൺസ് പറയുന്നു.
2007-ൽ, കൊളംബിയയിൽ നടന്ന അക്രമാസക്തമായ സംഘട്ടനങ്ങൾക്കിടയിൽ ഭീകരസംഘടനയായ യുണൈറ്റഡ് സെൽഫ് ഡിഫൻസ് ഫോഴ്‌സ് ഓഫ് കൊളംബിയയ്ക്ക് (AUC) 1.7 മില്യൺ ഡോളർ (14,20,59,650 ഇന്ത്യൻ രൂപ ) രഹസ്യമായി നൽകിയതായി ചിക്വിറ്റ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നില്ല, ഇതാദ്യമായാണ് ഇങ്ങനെ ഒരു തീരുമാനം കോടതി കൈക്കൊള്ളുന്നത്.
റവല്യൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ (FARC) പോലെയുള്ള ഇടതുപക്ഷ വിമതരിൽ നിന്ന് ഭൂവുടമകളെ സംരക്ഷിക്കുന്നതിനായി 1980-കളിൽ കൊളംബിയയുടെ യുണൈറ്റഡ് സെൽഫ് ഡിഫൻഡേഴ്സ് ( ഓട്ടോഫെൻസസ് യുണിഡാസ് ഡി കൊളംബിയ, അല്ലെങ്കിൽ AUC ) ആരംഭിക്കുന്നത്. പക്ഷെ, അവർ കൊളംബിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരും ആയിത്തീർന്നു.
2004 ലെ സമാധാന പ്രക്രിയയുടെ ഭാഗമായി നിരായുധീകരിക്കപ്പെടുന്നതുവരെ, 450,000 ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത കൊളംബിയയിലെ പോരാട്ടങ്ങളിലെ മിക്ക സാധാരണക്കാരുടെ മരണങ്ങൾക്കും എയുസി ഉത്തരവാദിയായിരുന്നു. തങ്ങളുടെ ജീവനക്കാരെ എയുസിയിൽ നിന്ന് സംരക്ഷിക്കാൻ പണമടയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുകയിരുന്നു എന്നാണ് ചിക്വിറ്റ അവകാശപ്പെടുന്നത്.
എന്നാൽ, 2001-ൽ എയുസിയെ യു.എസ് ഭീകരസംഘടനയായി മുദ്രകുത്തിയതിന് ശേഷവും ചിക്വിറ്റ പണം നൽകിയിരുന്നതായി കോടതി രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. കൊളംബിയയിൽ ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവായാണ് കമ്പനി ഇതിനെ കണ്ടതെന്നും രേഖകൾ കാണാൻ സാധിക്കും. ഫ്ലോറിഡ കോടതിയിൽ ഹാജരാക്കിയ പുതിയ തെളിവുകൾ പ്രകാരം, ചിക്വിറ്റ തുറമുഖങ്ങൾ ഉപയോഗിച്ച് ബനാന ബോട്ടുകളിൽ എയുസിയെ ഓട്ടോമാറ്റിക് റൈഫിളുകളും കൊക്കെയ്നും കടത്താൻ അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇൻ്റർനാഷണൽ റൈറ്റ്സ് അഡ്വക്കേറ്റ്സിലെ (ഐആർഎ അഡ്വക്കേറ്റ്സ്) മനുഷ്യാവകാശ അഭിഭാഷകർ പറഞ്ഞു.
വാഴത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ ട്രേഡ് യൂണിയൻ പ്രവർത്തരുടെ കുടുംബങ്ങളുമാണ് കോടതിയിൽ കേസ് നൽകിയത്. കൊളംബിയയിലെ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന അർദ്ധസൈനികർ ഇവിടുള്ളവരെ പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും വിധേയരാക്കുകയായിരുന്നു. കൂടാതെ, പലരുടെയും തിരോധനത്തിനും കാരണമായിട്ടുണ്ട്.
‘ഏകദേശം 17 വർഷങ്ങളായി തുടരുന്ന പോരാട്ടങ്ങളുടെ വിജയമാണിത്, ഞങ്ങൾ ഒരിക്കലും ഇതിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നില്ല, ചിക്വിറ്റയുടെ പ്രവർത്തനങ്ങളാണ് ഞങ്ങളെ ഇതിലേക്ക് വലിച്ചിഴച്ചത്. ഞഞങ്ങളുടെ കുടുംബങ്ങളോട് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്, അവർക്ക് വേണ്ടി പോരാടിയെ മതിയാകു. വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചാണ് ഞങ്ങൾ ഓരോരുത്തരും ഇവിടെത്തിയതെന്നാണ് പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടാത്ത ഇരകളിൽ ഒരാൾ പറഞ്ഞത്.
ചിക്വിറ്റയെപ്പോലുള്ള കോർപ്പറേറ്റ് ക്രിമിനലുകളെ ധൈര്യത്തോടെയും ഉത്തരവാദിത്തത്തോടെ നേരിടാൻ കഴിയുമെന്ന് കേസുമായി മുന്നോട്ട് വന്ന ഓരോരുത്തരും തെളിയിച്ചിട്ടുണ്ട്. കോര്പറേറ്റുകൾക്കെതിരെ കൂടുതൽ പോരാടാൻ ഈ വിധി മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു, ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന കോർപ്പറേഷനുകൾ രക്ഷപ്പെടാൻ വേണ്ടി തങ്ങളെ കൊണ്ട് കഴിയുന്നതെന്തും ചെയ്യും. പക്ഷെ അവർ ചെയ്യുന്ന നിയമലംഘനങ്ങൾക്ക് യഥാർത്ഥ പ്രത്യാഘാതങ്ങളുണ്ടെന്ന് ഞങ്ങൾ അവർക്ക് ഈ വിധിയിലൂടെ കാണിച്ചുകൊടുത്തു. എന്ന് ഇരകളെ പ്രതിനിധീകരിക്കുന്ന നിയമ സ്ഥാപനങ്ങളിലൊന്നായ ഐആർഎ അഡ്വക്കേറ്റ്സിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ടെറൻസ് കോളിംഗ്സ്വർത്ത് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
content summary : US banana giant ordered to pay 38m dollar to families of Colombian men killed by death squads