UPDATES

സ്ത്രീ

വിവാഹ ശേഷം അഭിനയിക്കുന്നതാണ് നല്ലത്: ഷീലു എബ്രഹാം

വ്യക്തി എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഒരു സംഘടന വേണമെന്ന് തോന്നിയിട്ടില്ലെന്നും ഷീലു

                       

ആറ് വര്‍ഷങ്ങളായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് സജീവമായ നടിയാണ് ഷീലു എബ്രഹാം. പോലീസ് വേഷങ്ങള്‍ നന്നായി നന്നായി ഇണങ്ങുന്ന അപൂര്‍വം നടിമാരില്‍ ഒരാളായ ഷീലു ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കി. പ്രമുഖ നിര്‍മ്മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യയായ ഷീലു വിവാഹ ശേഷമാണ് സിനിമയില്‍ സജീവമായത്. വിവാഹ ശേഷം അഭിനയിക്കുന്നതാണ് നല്ലതെന്നാണ് ഷീലു വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്.

‘പലരും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുന്നത്. എനിക്ക് അവസരം ലഭിച്ചത് വിവാഹത്തിന് ശേഷമാണ്. താരതമ്യേന അതാണ് നല്ലതെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ച് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് ഒപ്പമുണ്ട്. അതൊരു വലിയ ആശ്വാസമാണ്. സിനിമയില്‍ ലഭിക്കുന്ന അവസരങ്ങളെ സംബന്ധിച്ച് എനിക്ക് അറിയില്ല. വിവാഹം കഴിഞ്ഞിട്ടും പല നടിമാരും സിനിമയില്‍ സജീവമാണ്. അതോടൊപ്പം വിവാഹത്തിന് മുമ്പ് തിളങ്ങുകയും പിന്നീട് സിനിമയില്‍ ഒന്നും ആകാതെ പോയവരും ഉണ്ട്. അതെല്ലാം ചിലരുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആയിരിക്കാം. എന്നെ സംബന്ധിച്ച് വിവാഹശേഷം വീണ്ടും ഓഫര്‍ വന്നപ്പോള്‍ അത് വിട്ടുകളയാതെ ഉപയോഗിച്ചു. ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അവസരം ലഭിച്ചിരുന്നു. അന്ന് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ആ അവസരങ്ങളൊന്നും ഉപയോഗിക്കാനായില്ല. ഒരു ആഡ് ഫിലിം ചെയ്തതിന് പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് പല സിനിമകളിലായി ചെറിയ വേഷങ്ങള്‍ ചെയ്തു. ഷീ ടാക്‌സി മുതലാണ് നല്ല വേഷങ്ങള്‍ ലഭിച്ചത്.’ അവര്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം ഗുണം ചെയ്‌തെന്നും ഷീലു പറയുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മനസിലാക്കാനായി. സിനിമയിലെ മറ്റ് വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞു. അതെല്ലാം പിന്നീട് സിനിമയിലും ജീവിതത്തിലും സഹായകമായി. കിട്ടുന്ന വേഷങ്ങളില്‍ സന്തോഷം കണ്ടെത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെ. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കുറഞ്ഞ കാലം കൊണ്ട് സാധിച്ചു. ബോള്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന വേഷങ്ങളാണ് ഞാനിതുവരെ ചെയ്തിട്ടുള്ളത്. ഇപ്പോഴും അത്തരം വേഷങ്ങളാണ് തേടിവരുന്നത്. അതെന്റെ ഭാഗ്യമാകാം അല്ലാതെയുമാകാമെന്നും ഷീലു പറയുന്നു.

സിനിമയില്‍ ഓരോ താരത്തെയും വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും മാധ്യമങ്ങളാണെന്നും ഷീലു പറയുന്നു. അവരാണ് താരങ്ങളെ ലൈവാക്കി നിര്‍ത്തുന്നത്. ഷീലു എബ്രഹാം എന്ന നടിയെപ്പറ്റി എഴുതുമ്പോഴും പറയുമ്പോഴും അത് പ്രേക്ഷകര്‍ തനിക്ക് നല്‍കുന്ന പിന്തുണയായാണ് കണക്കാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സാധാരണ നായികാ നായകന്മാര്‍ക്ക് ദീര്‍ഘകാലം പിടിച്ചുനില്‍ക്കുക പ്രയാസമാണെന്നും ഷീലു പറയുന്നു. ക്യാരക്ടര്‍ റോളുകള്‍ എല്ലാക്കാലത്തും ചെയ്യാനാകുമെന്നാണ് അവരുടെ നിരീക്ഷണം. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതും പലപ്പോഴും ക്യാരക്ടര്‍ റോളുകള്‍ വഴിയാകും. പുതിയ നിയമത്തിലെ ജീനാഭായ് ഐപിഎസ് ആണ് തനിക്ക് അഭിനേത്രി എന്ന നിലയില്‍ വ്യക്തിത്വം ഉണ്ടാക്കിത്തന്നതെന്ന് ഷീലു പറയുന്നു.

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രശ്‌നം എന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു. പുരുഷന്മാര്‍ക്കും പ്രശ്‌നം ഉണ്ടാകുന്നുണ്ട്. എല്ലാവരും പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. വ്യക്തികള്‍ എങ്ങനെ ആ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. ഒരു വ്യക്തി എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഒരു സംഘടന വേണമെന്ന് തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ തോന്നിയവരാണ് അത്തരം സംഘടനകളുണ്ടാക്കിയത്. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അവര്‍ക്ക് അത് നല്ലതെന്ന് തോന്നിയിരിക്കാം. എന്നെ അത് ബാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിനെ സ്വയം കൈകാര്യം ചെയ്യാറാണ് പതിവെന്നും അവര്‍ വ്യക്തമാക്കി.

also read:ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

Share on

മറ്റുവാര്‍ത്തകള്‍