മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് പറയുന്നവരോട്
ഇന്നേവരെ കാണാത്ത ദുരന്തം വേട്ടയാടിയിട്ടും, അതിജീവനത്തിന്റെ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് കേരളം. 150 ന് അടുത്ത് മനുഷ്യരുടെ ജീവനാണ് വയനാട് ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടത്. നൂറിനടത്ത് മനുഷ്യര്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഈയവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ആഹ്വാനം വരുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ സിഎംഡിആര്‍എഫിലേക്ക്(ചീഫ് മിനിസ്റ്റര്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) സംഭാവന ചെയ്തു തുടങ്ങിയിരുന്നു. വലിയ തോതിലുള്ള സഹകരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളിലെന്ന പോലെ, ഒരു വിഭാഗം സിഎംഡിആര്‍എഫിലേക്ക് പണം നല്‍കരുതെന്ന പ്രചാരണവുമായി രംഗത്തുണ്ട്. 2018 ലെ പ്രളയ കാലത്തും, കവളപ്പാറ, പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കാലത്തും സമാന പ്രചാരണം കേരളത്തില്‍ ഉയര്‍ന്നിരുന്നു. CMDRF
സിഎംഡിആര്‍എഫ് തട്ടിപ്പ് ആണെന്നും, ഇതില്‍ കിട്ടുന്ന തുക സര്‍ക്കാര്‍ ദുര്‍വ്യയം ചെയ്യുന്നുണ്ടെന്നുമാണ് പ്രചാരണം. 2018 ലെ പ്രളയ ദുരിതാശ്വാസ സഹായ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ വെളിയില്‍ വരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തതാണ്. ഈ വാര്‍ത്തകള്‍ വീണ്ടും പ്രചരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് വരുത്തി തീര്‍ക്കുന്നത്.
ദുരിതത്തില്‍പ്പെട്ടവരെ നേരിട്ട് പണം കൊടുത്ത് സഹായിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക പണം അയക്കരുതെന്നുമാണ് പ്രചാരണം.
ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണോ?
അങ്ങനെയൊരു തട്ടിപ്പ് സംവിധാനമല്ല സിഎംഡിആര്‍എഫ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ കിട്ടുന്ന പണം സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ചെലവുകള്‍ ഉള്‍പ്പെടെ ഇതില്‍ നിന്നാണ് എടുക്കുന്നതെന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല.
സിഎംഡിആര്‍ ഫണ്ടിനെക്കുറിച്ച് തീര്‍ത്തും തെറ്റായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണമായും സുതാര്യമാണ്. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തുകൊണ്ട് സിഎംഡിആര്‍ ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ(സിഎജി) ഓഡിറ്റിന് വിധേയമാണ് സിഎംഡിആര്‍എഫ്. ഇതില്‍ വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് വേണമെന്നര്‍ത്ഥം. ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടന്നാല്‍ സിഎജി ഓഡിറ്റിംഗില്‍ അത് കണ്ടെത്താനാകും. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട ഒന്നാണ്. അതായത്, പ്രതിപക്ഷത്തിന് ഈ റിപ്പോര്‍ട്ട് കിട്ടാന്‍ ഒരു പ്രായസവുമില്ല. പണം വകമാറ്റി ചെലവാക്കിയിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ടില്‍ കാണും, പ്രതിപക്ഷം അറിയും. വാര്‍ത്തയാകും. CMDRF
സിഎംഡിആര്‍ ഫണ്ടിലേക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും എല്ലാം സംഭാവന നല്‍കാം. ഒരു രൂപയോ ഒരു കോടിയോ സംഭാവനയായി നല്‍കാം. പണമായും ചെക്കായും ഇലക്ട്രോണിക് പെയ്മെന്റായുമൊക്കെ പണം നല്‍കാം. ഇതൊന്നും തന്നെ മുഖ്യമന്ത്രിയുടെ കൈയില്‍ അല്ല കിട്ടുന്നത്. സംഭാവന നല്‍കുന്ന പണമെല്ലാം ബാങ്ക് ഇടപാടായാണ് നടക്കുന്നത്. അതായത് ഒരു രൂപ നല്‍കിയാലും അതിനൊരു രേഖയുണ്ടെന്ന്. ഇനി ഈ പണം ആരുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നു ചോദിച്ചാല്‍, ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം എത്തുന്നത്(ധനകാര്യ സെക്രട്ടറി എന്നത് ഒരു പോസ്റ്റ് ആണ്, വ്യക്തിയായി കാണരുത്).
ഫണ്ട് കൈകാര്യം ചെയ്യുന്നതാകട്ടെ റവന്യു വകുപ്പും. ധനകാര്യ സെക്രട്ടറിയുടെ(വകുപ്പിന്റെ) അനുമതിയോടല്ലാതെ സിഎംഡിആര്‍ ഫണ്ടിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കില്ല. അങ്ങനെ പണം പിന്‍വലിക്കാന്‍ ആദ്യം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി ഉത്തരവ് ഇറക്കണം. ഇത്രയും കാര്യങ്ങള്‍ എവിടെ തിരക്കിയാലും മനസിലാക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ ഫണ്ട് എന്നു കേള്‍ക്കുമ്പോള്‍
പിണറായി വിജയന്റെ പേരിലുള്ള അക്കൗണ്ട് എന്നല്ല കരുതേണ്ടത്. സിഎംഡിആര്‍ ഫണ്ടിലെ പണം എന്നാല്‍ അത് സര്‍ക്കാരിന്റെ പണം തന്നെയാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പൂര്‍ണ അവകാശമുണ്ട്. സിഎംഡിആര്‍ ഫണ്ടിനെക്കുറിച്ച് സംശയമോ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ കൊടുത്താല്‍ മതി. എത്ര രൂപ കിട്ടി, ആരൊക്കെ തന്നു, ആര്‍ക്കൊക്കെ കൊടുത്തു; തുടങ്ങിയ വിവരങ്ങളൊക്കെ ആര്‍ടിഐ വഴി അറിയാവുന്നതേയുള്ളൂ.
പ്രളയകാലത്ത് കിട്ടിയ സംഭാവനകളില്‍ സംശയമുണ്ടെങ്കില്‍ ആര്‍ടിഐ എന്ന മാര്‍ഗം മുന്നില്‍ ഉണ്ട്. അതുപയോഗിക്കാമെന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളുടെ പുറകെ പോകുന്നത് സ്വന്തം സംസ്ഥാനത്തെ കാര്യമറിയാതെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണ്.
2018 ലെ പ്രളയകാലത്ത് എത്ര കോടിയുടെ നഷ്ടം ഉണ്ടായി, ഇതുവരെ സിഎംആര്‍ഡിഎഫിലേക്ക് എത്ര രൂപ വന്നു, എത്ര രൂപ ചെലവഴിച്ചു എന്നൊക്കെ അറിയാന്‍ ആര്‍ടിഐ കൊടുക്കാന്‍ സമയം ഇല്ലാത്തവര്‍ക്ക് സൈറ്റില്‍ കയറിയാലും വിവരം കിട്ടും, വിശദമായി തന്നെ.
2018 ഓഗസ്റ്റ് 9 ലെ കണക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമായും, ചെക്ക് ആയും സിഎംഡിആര്‍എഫില്‍ കിട്ടിയത്-3778.13 കോടി രൂപയായിരുന്നു.
ഇലക്ട്രോണിക് പെയ്മെന്റുകള്‍ വഴി കിട്ടിയത്(10-8-2019വരെ)- 215.45 കോടി
യുപിഐ/ ക്യൂആര്‍/ വിപിഎ(982019)52.2 കോടി
പ്രത്യേക നികുതി ചുമത്തിയതിലൂടെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 308.68 കോടി രൂപ ലഭിച്ചു(982019 വരെയുള്ള കണക്ക്).
ആകെ 4354.46 കോടി രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്.
സാലറി ചലഞ്ചിലൂടെ(സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസത്തെ ശമ്പളം പത്ത് മാസങ്ങളിലൂടെ തവണകളായി നല്‍കാം എന്നതായിരുന്നു സാലറി ചലഞ്ച്) 834.99 കോടി രൂപയും ഉത്സവബത്ത ഇനത്തില്‍ 117.69 കോടി രൂപയും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.
2019 ജൂലൈ 14 വരെ സിഎംആര്‍ഡി ഫണ്ടില്‍ നിന്നും പ്രളയവുമായി ബന്ധപ്പെട്ട് 2008.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൂടതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍; https://donation.cmdrf.kerala.gov.in/?fbclid=IwAR0apiEjuWnfytQW_yyVTKRmzV4ytsfnq5T-VALcpoS0xIvF-A0zi7mWNhw ലിങ്കില്‍ കയറുക.
ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക പൂര്‍ണമായും പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയബാധിതര്‍ക്കും സഹായധനം നല്‍കാന്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രത്യേകം എടുത്തു പറഞ്ഞിരുന്ന കാര്യമാണ്. clarification about chief minister disaster relief fund stand with wayanad
Content Summary; clarification about chief minister disaster relief fund stand with wayanad