March 27, 2025 |
Share on

അദാനി അതിര്‍ത്തി പ്രൊജക്ട്; ‘അതിര്‍ത്തി സുരക്ഷ ചട്ടങ്ങള്‍ പോലും മറികടന്ന് സുഹൃത്തിനെ സഹായിക്കാന്‍ തുടങ്ങിയോ?’

അതിര്‍ത്തിയിലെ അദാനി പ്രൊജക്ടില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ഗുജറാത്തിലെ കച്ച് മേഖലയില്‍ 2023 നാണ് അദാനി ഗ്രൂപ്പിന് പുനരുപയോഗ ഊര്‍ജ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതിയുടെ നടത്തിപ്പിനായി രാജ്യ സുരക്ഷാ നിയമങ്ങളില്‍ പോലും ഇളവ് വരുത്തിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എംപിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശത്ത് അദാനിക്ക് കാറ്റാടി വൈദ്യുത പ്ലാന്റ് നിര്‍മിക്കാന്‍ മോദി സര്‍ക്കാര്‍ നിയമങ്ങള്‍ മാറ്റിമറിച്ചുവെന്നതിന്റെ വിശദമായ വിവരങ്ങള്‍ കഴിഞ്ഞദിവസം ദി ഗാര്‍ഡിയന്‍, ദി ന്യൂസ് മിനിട്ട്, അഴിമുഖം എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

(അദാനിക്ക് മുന്നില്‍ ദേശസുരക്ഷയും പ്രതിരോധ നിയമങ്ങളും മുട്ടുകുത്തി)

2023 ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ വച്ച് നടന്ന യോഗത്തില്‍ പാക് അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ വരെ സോളാര്‍ പാനലുകളും വിന്‍ഡ് ടര്‍ബൈനുകളും നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.

അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ചെറിയ ഗ്രാമങ്ങള്‍ക്കോ, റോഡുകള്‍ക്കോ അപ്പുറം വലിയ നിര്‍മാണങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ 2023 ഏപ്രിലിന് മുന്‍പ് ഖവ്ദ പ്ലാന്റിന്റെ നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നതായി ഗാര്‍ഡിയനും അഴിമുഖവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അദാനി ഗ്രൂപ്പിനോട് ചായ്വ് കാണിക്കുന്നതായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദീര്‍ഘകാലങ്ങളായി ആരോപിച്ചിരുന്നു

”രാജ്യത്തിന്റെ വിഭവങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ‘സുഹൃത്തിനെ’ ഏല്‍പ്പിക്കുന്ന നടപടി അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ പോലും മാറ്റുന്ന തരത്തില്‍ എത്തിയോ?” എന്ന ചോദ്യത്തോടെ പ്രിയങ്കാ ഗാന്ധി തന്റെ എക്സില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചു.

”അദാനിയുടെ എനര്‍ജി പാര്‍ക്കിനായി ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇതുണ്ടാക്കുന്ന തടസങ്ങളെക്കുറിച്ച് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനെ ഗൗരവമായി എടുത്തില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തിന് വിലകുറഞ്ഞ ഭൂമിയും ബിസിനസ് ആനുകൂല്യങ്ങളും നല്‍കുന്നത് സൈന്യത്തിന്റെ ചുമതലകള്‍ കൂടുതല്‍ കഠിനമാക്കുന്നു.

ഒരു വ്യക്തിയുടെ താല്‍പ്പര്യം രാജ്യസുരക്ഷയെക്കാള്‍ വലുതാണോ?” എന്നും രാജ്യസുരക്ഷാ നിയമങ്ങളില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്തകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രിയങ്കാഗാന്ധി ചോദിച്ചു.

priyanka gandhi

ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക എന്നതല്ല അദാനിയുടെ ഖജനാവ് നിറയ്ക്കുന്നതിനാണ് പ്രധാനമന്ത്രി മുന്‍ഗണന നല്‍കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. സി വേണുഗോപാല്‍ പറയുന്നത്.

”ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാല്‍, അദാനിയുടെ പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രവും രഹസ്യ യോഗങ്ങള്‍ നടത്തുകയും സൈനിക ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും സ്റ്റീംറോള്‍ ചെയ്യുകയും ചെയ്തിരുന്നു എന്നതാണ്.” വേണുഗോപാല്‍ ആരോപിച്ചു.

”മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ അവഗണിച്ചുകൊണ്ട് അവര്‍ ഈ പദ്ധതിക്ക് മാത്രമല്ല, ഇന്ത്യയുടെ മറ്റെല്ലാ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയിലും സാധ്യമായ എല്ലാ സംരംഭങ്ങള്‍ക്കും അനുവാദം നല്‍കുമെന്നാണ് കരുതേണ്ടത്.” വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

kc venugopal

ബിജെപിയുടെ കപട ദേശീയവാദത്തിന്റെ മുഖം മൂടി ഒരിക്കല്‍ കൂടി അഴിഞ്ഞു വീഴുകയാണെന്ന് റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ”ശതകോടീശ്വരന്‍മാരെ സഹായിക്കുന്നതിന് ഇന്ത്യയുടെ ദേശീയ സുരക്ഷ അപകടത്തിലാക്കുകയാണ്” ഖാര്‍ഗെ പറഞ്ഞു.

mallikarjun kharge

ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥരുടെ ആശങ്കകളും അദ്ദേഹം ആവര്‍ത്തിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍, നമ്മുടെ സായുധ സേനയുടെ പ്രതിരോധ ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്ന തരത്തില്‍ ഒരു വലിയ സ്വകാര്യ പദ്ധതിക്ക് നിങ്ങള്‍ അനുമതി നല്‍കിയത് എന്തിനാണെന്നും ഖാര്‍ഗെ ചോദിച്ചു.

content summary; Congress Accuses BJP of Endangering National Security Over Adani Project Near India-Pakistan Border

×