ബിഹാറിൽ ബിജെപി-കോൺഗ്രസ് സംഘർഷം. പട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് സംഭവം. വോട്ട് അധികാർ യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി കോൺഗ്രസ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
സമാധാനപരമായ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. എന്നാൽ ബിജെപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് കോൺഗ്രസും ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇരു പാർട്ടിയിലെയും പ്രവർത്തകർ തങ്ങളുടെ പാർട്ടിയുടെ കൊടികൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
നിരവധി ബിജെപി പ്രവർത്തകർ പട്‌നയിലെ കോൺഗ്രസ് ഓഫീസിന്റെ ഗേറ്റിൽ ചവിട്ടുകയും പിന്നീട് അകത്തേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ, പട്‌നയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ഇരു പാർട്ടികളിലെയും അംഗങ്ങൾ പാർട്ടി പതാകകൾ ഉപയോഗിച്ച് പരസ്പരം അടിക്കുന്നതും വ്യക്തമാണ്. ഇതിന് ഉചിതമായ മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകൻ ഡോ. അശുതോഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. “ഉചിതമായ മറുപടി നൽകും. സർക്കാരിന്റെ ഇടപെടലോടെയാണ് ഇത് സംഭവിക്കുന്നത്. നിതീഷ് കുമാർ തെറ്റ് ചെയ്യുകയാണ്,”, അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് അധികാർ യാത്രയുടെ ഭാഗമായി തയ്യാറാക്കിയ വേദിയിൽ നിന്ന് ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രധാനമന്ത്രി മോദിയെ ഒരു ഹിന്ദി പദം ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് കാണാം. ഇതിനെത്തുടർന്ന്, ബിജെപി ഒരു കേസ് ഫയൽ ചെയ്യുകയും കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും പാറ്റ്നയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ച ആളെ അറസ്റ്റ് ചെയ്തതായി ദർഭംഗ പോലീസ് അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് എപ്പോഴും പ്രധാനമന്ത്രി മോദിയെ അധിക്ഷേപിക്കുന്നു രാഹുൽ ഗാന്ധി ഇതിനെക്കുറിച്ച് സംസാരിക്കുകയും മാപ്പ് പറയുകയും വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അസമിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ പറഞ്ഞു. ഈ സംഭവം രാജ്യത്തിന്റെ ജനാധിപത്യത്തിന് കളങ്കം വരുത്തുന്നുവെന്ന് മുൻപ് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് രാഷ്ട്രീയം ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിക്കുന്നു. ഒരു സാധാരണ അമ്മയുടെ മകൻ കഴിഞ്ഞ 11 വർഷമായി പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നതും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം തുടർച്ചയായി മുന്നോട്ട് പോകുന്നതും അവർക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും അമിത് ഷാ എക്സിൽ കുറിച്ചു. അവർ രാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ എപ്പോഴും വിഷം കലർത്തുകയാണെന്നും അമിത് ഷാ പറയുന്നു.
content summary: Congress and BJP Workers Clash in Patna Over PM Modi Abuse Controversy
Leave a Comment