UPDATES

പോസിറ്റീവ് സ്റ്റോറീസ്

ബിഹാറില്‍ ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രത്തിനായി ഭൂമി വിട്ടുകൊടുത്ത് മുസ്ലീങ്ങള്‍

മുസ്ലീങ്ങളുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഈ സ്വപ്‌ന പദ്ധതി ഇത്ര വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലായിരുന്നുവെന്ന് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റിലെ ആചാര്യ കിഷോര്‍ കുനാല്‍ പറഞ്ഞു.

                       

ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം എന്ന് അവകാശപ്പെട്ട് നിര്‍മ്മിക്കുന്ന ബിഹാറിലെ വിരാട് രാമായണ്‍ മന്ദിറിന് വേണ്ടി ഭൂമി വിട്ടുനല്‍കിയിരിക്കുന്നത് മുസ്ലീം സമുദായത്തില്‍ പെട്ടവരാണ്. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ കേസരിയയ്ക്ക് സമീപം ജാനകിനഗറിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ നിര്‍മ്മാണം തുടങ്ങും. 500 കോടി രൂപയ്ക്ക് മുകളില്‍ ചിലവ് നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്നു. പ്രമുഖ നിര്‍മ്മാണ കമ്പനിയായ എല്‍ ആന്‍ ടിയാണ് (ലാര്‍സണ്‍ ആന്‍ ടൂബ്രോ) ക്ഷേത്രം നിര്‍മ്മിക്കുന്നത്. പാറ്റ്‌ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹാവീര്‍ മന്ദിര്‍ ട്രസ്റ്റാണ് ക്ഷേത്രത്തിന് പിന്നില്‍.

കുറഞ്ഞ വിലയ്ക്കാണ് പ്രദേശത്തെ മുസ്ലീങ്ങള്‍ ഭൂമി തന്നതെന്ന് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റിലെ ആചാര്യ കിഷോര്‍ കുനാല്‍ പറഞ്ഞു. മുസ്ലീങ്ങളുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഈ സ്വപ്‌ന പദ്ധതി ഇത്ര വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലായിരുന്നുവെന്നും കിഷോര്‍ കുനാല്‍ പറഞ്ഞു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് കിഷോര്‍ കുനാല്‍. 36ഓളം മുസ്ലീം കുടുംബങ്ങളാണ് ക്ഷേത്രത്തിനായി ഭൂമി വിട്ടുനല്‍കിയിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായി മഹാവീര്‍ മന്ദിര്‍ ട്രസ്റ്റിന് കിട്ടിയിരിക്കുന്ന 200 ഏക്കര്‍ ഭൂമിയില്‍ 50 ഏക്കറിലധികം മുസ്ലീംകുടുംബങ്ങള്‍ വിട്ടുനല്‍കിയതാണ്. ബിഹാറില്‍ ഇത്തരം സംഭവം ഇതാദ്യമല്ല. നേരത്തെ ഗയ ജില്ലയില്‍ ദുര്‍ഗാക്ഷേത്രത്തിനായി മുസ്ലീങ്ങള്‍ ഭൂമി വിട്ടുനല്‍കിയിരുന്നു. അതുപോലെ ബെഗുസാരായ് ജില്ലയിലേയും സീതാമര്‍ഹി ജില്ലയിലേയും ശിവ ക്ഷേത്രങ്ങള്‍.

2500 അടി നീളത്തിലുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. 1296 അടി വീതിയും 379 അടി ഉയരവും. ക്ഷേത്രത്തിന്റെ ഡിസൈനര്‍ ഗുഡ്ഗാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്ജീനിയസ് സ്റ്റൂഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രാധേശ്യാം ശര്‍മയാണ്. ലോകപ്രശസ്തമായ കമ്പോഡിയയിലെ അങ്കോര്‍വാട് ക്ഷേത്രത്തേക്കാളും ഉയരം വിരാട് മന്ദിറിനുണ്ടാകും. അങ്കോര്‍വാടിന്റെ ഉയരം 215 അടിയാണ്. ക്ഷേത്രസമുച്ചയത്തില്‍ 18 ക്ഷേത്രങ്ങളുണ്ടാകും. ശിവക്ഷേത്രത്തില്‍ ലോകത്തെ ഏറ്റവും വലിയ ശിവലിംഗം സ്ഥാപിക്കും. പ്രധാന ക്ഷേത്രത്തിന് അഭിമുഖമായുള്ള ഹാളില്‍ 20,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.

Share on

മറ്റുവാര്‍ത്തകള്‍