തിരുവനന്തപുരം, പേരൂർക്കടയിൽ മോഷണക്കുറ്റം ചുമത്തി ദളിത് യുവതി ബിന്ദുവിനെ പോലീസ് ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയ സംഭവം കേരള ജനതയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ബിന്ദു അനുഭവിച്ച ക്രൂരതകൾ വെളിവാകുമ്പോൾ കേരളം ഓർക്കുന്ന മറ്റൊരു പേര് കൂടിയുണ്ട്. എറണാകുളം, ചേരാനല്ലൂർ സ്വദേശി ലീബ രതീഷിൻ്റേതാണത്. ബിന്ദുവിനെ പോലെ തന്നെ പോലീസിന്റെ അധികാര ദുർവിനിയോഗത്തിന്റെയും വികൃത മനോഭാവത്തിന്റെയും ഇരയാണ് ലീബയും. 2014നാണ് അമൃത ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽ വീട്ടുജോലിക്ക് പോയിരുന്ന ലീബയെ, ഡോക്ടർ നൽകിയ വ്യാജ പരാതിയെ തുടർന്ന് ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണമാല മോഷ്ടിച്ചു എന്നതായിരുന്നു ലീബക്ക് നേരെ ഉയർത്തിയ ആരോപണം. ഒന്നര ദിവസം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ലീബയെ പോലീസ് ക്രൂരമായി മർദിച്ച് നട്ടെല്ലിന് ക്ഷതമേൽപ്പിക്കുകയായിരുന്നു.
ബിന്ദുവിനുണ്ടായ അതേ അനുഭവമാണ് ലീബയ്ക്കുണ്ടായതെന്നും മർദനമേറ്റ് അവശയായ ലീബയുടെ രൂപം ഇന്നും തന്റെ മനസിലുണ്ടെന്നും അന്നത്തെ ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റും ജോയിന്റ് ആക്ഷൻ കൗൺസിൽ പ്രസിഡന്റുമായിരുന്ന ജോളി എമ്പളാശ്ശേരി അഴിമുഖത്തോട് പ്രതികരിച്ചു.
‘മാധ്യമങ്ങളിലൂടെ ബിന്ദു എന്ന ദളിത് യുവതിക്ക് നേരിട്ട അനുഭവം കണ്ടപ്പോൾ ഞാൻ സ്തംഭിച്ച് പോയി. 11 വർഷങ്ങൾക്ക് മുൻപ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയെ ഞാൻ കണ്ടിട്ടുണ്ട്, ചേരാനല്ലൂർ തുണ്ടിപ്പറമ്പിൽ സ്വദേശി ലീബ രതീഷാണത്.
ഏകദേശം ഉച്ചയായപ്പോൾ എനിക്കൊരു കോൾ വരുന്നു. ലീബ രതീഷിന്റെ സഹോദരനാണ് എന്നെ വിളിച്ചത്. ലീബയെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി എന്ന് എന്നോട് പറയുകയും ഉടൻ തന്നെ ഞാൻ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് പോവുകയുമായിരുന്നു. ഞാൻ അവിടെയെത്തുമ്പോൾ ലീബ അവിടെയുണ്ട്. എഫ്ഐആർ എഴുതിയിട്ടില്ലെന്നും ഒരു സംശയത്തിന്റെ പുറത്ത് മാത്രമാണ് ലീബയെ സ്റ്റേഷനിലിരുത്തിയിരിക്കുന്നതെന്നുമാണ് പോലീസ് എന്നോട് പറഞ്ഞത്. സംശയമുണ്ടെങ്കിൽ അന്വേഷണത്തോട് സഹകരിക്കാൻ കുട്ടിയും തയ്യാറാണെന്ന് അറിയിച്ചു. ശേഷം മാല കളവ് പോയെന്ന് പറയുന്ന ഡോക്ടറുടെ വീട്ടിലേക്ക് കൊണ്ട് പോവുകയുമൊക്കെ ചെയ്തിരുന്നു. രാത്രി ഒരു ഒൻപത് മണി ആയപ്പോൾ ഞാൻ സബ് ഇൻസ്പെക്ടറോട് സംസാരിക്കുകയും സംശയത്തിന്റെ പേരിൽ ഒരു സ്ത്രീക്ക് ഒരു ദിവസം മുഴുവൻ പോലീസ് സ്റ്റേഷനിൽ കഴിയേണ്ടി വരുന്നത് ശരിയല്ലായെന്ന് പറയുകയും ചെയ്തു. ആവശ്യമെങ്കിൽ അടുത്ത ദിവസം രാവിലെ ഞാൻ തന്നെ ലീബയെയും കൂട്ടി സ്റ്റേഷനിലെത്താമെന്നും അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ വനിത പോലീസുകാർ ഉണ്ടെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞ് ഞങ്ങളെ തിരിച്ചയക്കുകയായിരുന്നു. എന്നോടൊപ്പം നാട്ടിലെ കുറച്ച് പ്രവർത്തകരും ലീബയുടെ സഹോദരനുമെല്ലാം എത്തിയിരുന്നു. എല്ലാവരോടും ഞാൻ തന്നെ സ്റ്റേഷനിൽ നിന്നും പോകാൻ പറയണമെന്നും ലീബ അവിടെ സുരക്ഷിതയായിരിക്കുമെന്നും പോലീസുകാർ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ലീബ രതീഷ്
പിറ്റേന്ന് രാവിലെ ലീബയുടെ അമ്മയും സഹോദരനും എന്റെ വീട്ടിലെത്തുകയും ഞങ്ങൾ ഒരുമിച്ച് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഒരു മണിക്കൂറോളം ഞങ്ങൾ ലീബയെ കാത്ത് പോലീസ് സ്റ്റേഷന് മുന്നിൽ നിന്നു. അവശയായ ലീബയെ രണ്ട് വനിത പോലീസുകാർ താങ്ങിയെടുത്ത് കൊണ്ട് വന്ന കാഴ്ച ഞാൻ ഇപ്പോഴും മറന്നിട്ടില്ല. കാര്യം തിരക്കിയപ്പോൾ തന്നെ പോലീസുകാർ ക്രൂരമായി മർദിച്ചുവെന്ന് ലീബ പറഞ്ഞു. എന്നിട്ടും അവർ ലീബയെ വിടാൻ ഒരുക്കമായിരുന്നില്ല. അന്ന് വൈകുന്നേരം വരെ ആ കുട്ടിയെ പോലീസ് സ്റ്റേഷനിലിരുത്തി. ഈ ആഭാസത്തിനെതിരെ നിയമപരമായി തന്നെ ഞങ്ങൾ നീങ്ങുമെന്ന് പോലീസിനെ അറിയിച്ചു. തുടർന്ന് ലീബയെ കോടതിയിൽ ഹാജരാക്കുകയും കോടതി ലീബയെ വെറുതെ വിടുകയുമായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് ഞങ്ങൾ ലീബയെ കൊണ്ടുപോയത്. ഒന്നര മാസത്തോളമാണ് അവർ അവിടെ ചികിത്സയിൽ കഴിഞ്ഞത്. വി. എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ തുടങ്ങി പല പ്രമുഖരും അന്ന് ലീബയെ കാണാനെത്തിയിരുന്നു.
ലീബയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചേരാനെല്ലൂരിലുള്ളവർ നിരന്തരമായി സമരം ചെയ്തു. അവസാനം അത് വലിയ പ്രക്ഷോഭമായി മാറി. പ്രക്ഷോഭം ഹർത്താലിലേക്ക് നയിക്കുകയും എസ്ഐ ഉൾപ്പെടെ എട്ട് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ലീബയുടെ അതേ അവസ്ഥയാണ് നെടുമങ്ങാട് സ്വദേശി ബിന്ദുവിനും സംഭവിച്ചിരിക്കുന്നത്. ലീബ ഇപ്പോഴും വീട്ടുജോലിക്ക് പോയി തന്നെയാണ് ജീവിക്കുന്നത്. എന്നാൽ ഇന്ന് എവിടെയെങ്കിലും ഒരു പോലീസ് ജീപ്പ് കണ്ടാൽ തന്നെ അവർ പരിഭ്രാന്തയാകും;, ജോളി എമ്പളാശ്ശേരി അഴിമുഖത്തോട് പറഞ്ഞു.
സമൂഹത്തിൽ താഴേക്കിടയിലുള്ളവരോടുള്ള പോലീസിന്റെ മനോഭാവത്തിൽ ഇന്നും മാറ്റമില്ലെന്നും ചേരാനല്ലൂർ കേസിന്റെ തനിയാവർത്തനമാണ് പേരൂർക്കട സംഭവമെന്നും ചേരാനല്ലൂർ കേസ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനും മീഡിയ വണിന്റെ ഡൽഹി ബ്യൂറോ ചീഫുമായ ധനുസുമോദ് അഴിമുഖത്തോട് പ്രതികരിച്ചു.
‘ഞാൻ ഇന്ത്യാവിഷന്റെ റീജിയണൽ എഡിറ്ററായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. പിയുസിഎല്ലിന്റെ അന്നത്തെ പ്രവർത്തകനായ ജേക്കബ് ലാസർ
ആണ് പോലീസ് മർദനമേറ്റ് ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന വിവരം എന്നെ അറിയിക്കുന്നത്. അങ്ങനെ ഞാൻ ആ സ്ത്രീയെ കാണാനെത്തുകയായിരുന്നു. നടക്കാൻ പോലും കഴിയാതെ നട്ടെല്ലിന് ക്ഷതമേറ്റ് വാർഡിൽ കിടക്കുന്ന ലീബയെ അന്നാണ് ഞാൻ കാണുന്നത്. അമൃത ആശുപത്രിയിലെ ഒരു ഡോക്ടറുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ലീബയെ അവരുടെ സ്വർണമാല മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പോലീസ് ഈ ക്രൂരത കാണിച്ചത്. താൻ ഒരിക്കലും മോഷ്ടിക്കില്ലെന്നും ഇത് കള്ളക്കേസാമെന്നും അന്ന് അവർ എന്നോട് കരഞ്ഞുകൊണ്ട് പറഞ്ഞത് എനിക്കിപ്പോഴും ഓർമയുണ്ട്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥയാണ് ലീബയോട് ഏറ്റവും ക്രൂരമായി പെരുമാറിയതെന്ന് അന്ന് അവർ പറഞ്ഞിരുന്നു.
ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് ഞാനായിരുന്നു. ആദ്യം ഈ വാർത്തയിൽ പ്രതികരണം തരാൻ രാഷ്ട്രീയ പാർട്ടിക്കാർ ആരും തന്നെ തയ്യാറായിരുന്നില്ല. അന്ന് ഹൈബി ഈഡൻ എംഎൽഎയാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും. ഇത്രയും ഗൗരവമായ ഒരു സംഭവം നടന്നിട്ട് എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തത് എന്ന തരത്തിൽ ഒരു വാർത്ത നൽകി. തുടർന്ന് വാർത്ത കണ്ട ശേഷം ഹൈബി ഈഡൻ എന്നെ വിളിക്കുകയും വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പിന്നീട് ഹൈബി ഈഡനാണ് രമേശ് ചെന്നിത്തലയോട് വിവരം അറിയിക്കുന്നത്. അപ്പോഴേക്കും വാർത്ത എല്ലായിടത്തും വരാൻ തുടങ്ങിയിരുന്നു. ഒരു വാർത്താസമ്മേളനത്തിൽ ഈ വിഷയം ഞാൻ രമേശ് ചെന്നിത്തലയോട് ഉന്നയിക്കുകയും ചെയ്തു. തുടർന്ന് അന്ന് വൈകിട്ട് രമേശ് ചെന്നിത്തല എന്നെ ഫോണിൽ വിളിക്കുകയും അന്ന് ആ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന മുഴുവൻ പോലീസുകാരേയും സസ്പെൻഡ് ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്തു.
പരാതി നൽകിയ ഡോക്ടറുടെ പ്രതികരണമെടുക്കാനും ഞാൻ പോയിരുന്നു. എന്നെ അസഭ്യം പറയുകയാണ് ആ ഡോക്ടർ ചെയ്തത്. അന്ന് അവർ മോശമായി പെരുമാറുന്നത് ഷൂട്ട് ചെയ്ത് ഒരു പ്രോഗ്രാം ആയിട്ട് തന്നെ ഞങ്ങൾ ടെലികാസ്റ്റ് ചെയ്തിരുന്നു. ഈ ഡോക്ടറുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിൽ മറ്റൊരു കഥ കൂടിയുണ്ട്. സിനിമ സംവിധായകൻ എബ്രിഡ് ഷൈൻ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ചേരാനല്ലൂരിലെ ഈ സംഭവമാണ് കാണിച്ചിരിക്കുന്നത്. എന്നാൽ അതിൽ വിഷമമുള്ള കാര്യമെന്തെന്നാൽ ആ സ്ത്രീ ശരിക്കും മോഷ്ടിക്കുന്നതായി സിനിമയിൽ ചിത്രീകരിച്ചു എന്നതാണ്.
ദളിതർ, കറുത്ത നിറമുള്ളവർ, വീട്ടുജോലിക്ക് പോകുന്നവർ ഇവരെല്ലാം കുറ്റവാളികളും കള്ളന്മാരുമാണെന്ന പോലീസിന്റെ മനോഭാവം ഇന്നും അതുപോലെ തുടരുന്നു എന്നാണ് ഇന്ന് ബിന്ദുവിന്റെ കേസിലും എനിക്ക് മനസിലാക്കാൻ കഴിയുന്നത്. മറ്റൊരു കാര്യമെന്തെന്നാൽ വ്യാജ പരാതി കൊടുത്തവർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ്. ചേരാനല്ലൂർ കേസിൽ ഡോക്ടർക്കെതിരെയോ കുടുംബത്തിനെതിരെയോ ഒരു നടപടിയുമുണ്ടായില്ല. ബിന്ദുവിന്റെ കേസിലും അതുതന്നെയാണ് വ്യാജ പരാതി നൽകിയ ഓമന ഡാനിയലിനെ ആരും അന്വേഷിക്കുന്നില്ല’, ധനുസുമോദ് അഴിമുഖത്തോട് പറഞ്ഞു.
പോലീസിന്റെ അധികാരദുർവിനിയോഗത്തിന്റെയും വികൃത മനോഭാവത്തിന്റെയും ഇരകളാണ് ലീബയും ബിന്ദുവും. വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവമായി ഇതിനെ ഒതുക്കാനാകില്ലെന്നാണ് കഴിഞ്ഞുപോയ സംഭവങ്ങളടക്കം സൂചിപ്പിക്കുന്നത്.
Content Summary: costodial torture against dalit woman, resembles leeba ratheesh case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.