കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിയായ പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലായിരുന്നു പിപി ദിവ്യ. ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. court granted bail to pp divya
ജാമ്യം കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അഭിഭാഷകനുമായി സംസാരിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും, കൂടുതൽ പ്രതികരണം പിന്നീടെന്നും മഞ്ജുഷ വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും അതിനാൽ ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ ദിവ്യ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കുക.
അതേ സമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ.
നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ വച്ച്, എഡിഎം അഴിമതിക്കാരനാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനകൾ ദിവ്യ നടത്തിയതിന് പിന്നാലെയാണ് ജീവനക്കാരൻ ജീവനൊടുക്കിയത്. ഈ സംഭവത്തിൽ ദിവ്യക്കെതിരേ ശക്തമായ ജനരോഷമായിരുന്നു ഉയർന്നിരുന്നത്. പാർട്ടിയാണെങ്കിൽ നവീൻ ബാബുവിനൊപ്പം നിൽക്കുകയാണ് ചെയ്തത്. എഡിഎമ്മിന്റെ സേവനങ്ങളെ പുകഴ്ത്തുകയായിരുന്നു നേതാക്കൾ. മാത്രമല്ല, പത്തനംതിട്ടയിലെ അടിയുറച്ച് പാർട്ടി കുടുംബവുമാണ് നവീൻ ബാബുവിന്റെത്. കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ, പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണ ജോർജ്, റവന്യു മന്ത്രി കെ. രാജൻ, കോന്നി എംഎൽഎ കെ യു ജിനേഷ് കുമാർ, മുൻ മന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ ജി സുധാകരൻ തുടങ്ങി സിപിഎമ്മിലെയും എൽഡിഎഫിലെയും നേതാക്കൾ നവീൻ ബാബുവിനു വേണ്ടി സംസാരിച്ചപ്പോൾ, പി പി ദിവ്യ പൂർണമായും ഒറ്റപ്പെട്ടു പോവുകയായിരുന്നു. court granted bail to pp divya
content summary; court granted bail to pp divya on death of adm kannur