രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. വീണ്ടും മഹാമാരി രാജ്യത്തെ പിടിച്ചുലയ്ക്കുമെന്നും ലോക്ഡൗൺ പോലുള്ള കാര്യങ്ങൾ സംഭവിക്കുമെന്നുമെല്ലാം ജനങ്ങൾ ഭയക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളാണ് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് 19 ന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. NB.1.8.1 എന്ന സബ്വേരിയന്റ് ആണ് തമിഴ്നാട്ടിൽ നിന്നുള്ള സാമ്പിളിൽ കണ്ടെത്തിയത്. മറ്റ് രാജ്യങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ ശ്രദ്ധേയമായ വർദ്ധനവ് കാണിക്കുന്നവെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡാറ്റ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യയിൽ 1,010 സജീവ കോവിഡ് 19 കേസുകൾ ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിൽ 43 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. തൊട്ടുപിന്നിലുള്ളത് മഹാരാഷ്ട്രയാണ്. സംസ്ഥാനങ്ങളിൽ മുഴുവനായി ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. അതേസമയം, ഈ മരണങ്ങൾ കോവിഡ് -19 മൂലമാണോ സംഭവിച്ചതെന്ന സ്ഥിരീകരിക്കാനാകില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒൻപത് സംസ്ഥാനങ്ങളിൽ മാത്രമാണ് പത്തിൽ കൂടുതൽ സജീവ കേസുകൾ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് 100 ൽ കൂടുതൽ കേസുകൾ ഉള്ളതായാണ് റിപ്പോർട്ട്. കൂടുതൽ രോഗലക്ഷണങ്ങളുള്ള ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതിനാൽ വരുന്ന ആഴ്ചകളിൽ കോവിഡ് കേസുകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ആശുപത്രിയിൽ നിലവിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരിൽ കോവിഡ് രോഗികളുണ്ടെന്ന കാര്യത്തിൽ ഔദ്യോഗിക ഡാറ്റ ഇതുവരെയും ലഭിച്ചിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച മിക്ക രോഗികൾക്കും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു , ഇത് നിലവിലെ കേസുകൾ ഗുരുതരമായ രോഗത്തിന് കാരണമാകുന്നില്ലെന്ന് സൂചിപ്പിക്കുന്നു .
പനിയുണ്ടാകുന്നത് പോലെ എല്ലാ വർഷവും കോവിഡ് 19 ന്റെ തരംഗങ്ങൾ എപ്പോഴും പ്രതീക്ഷിക്കാമെന്ന് മെയ് 13 ന് സിംഗപ്പൂരിലെ ആരോഗ്യ അധികൃതർ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കോവിഡ്-19 വൈറസ് (SARS-CoV-2) ഇതുവരെ അപ്രത്യക്ഷമായിട്ടില്ല. എന്നാൽ ലോക്ക്ഡൗൺ പോലൊരു അവസ്ഥയിലേക്ക് ഇനി നീങ്ങുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉണ്ടാകേണ്ടതില്ല. അത് ആവർത്തിച്ചുവരുന്ന ഒരു രോഗം പോലെയാണ്, സിംഗപ്പൂരിലെ ആരോഗ്യ അധികൃതർ പറഞ്ഞു.
നിലവിൽ കോവിഡ് 19ന്റെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്. പുതിയ വകഭേതങ്ങൾ രൂപപ്പെടുന്നു, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, കൃത്യമായി പരിശോധന നടത്താതെ വരിക തുടങ്ങിയ കാരണങ്ങളാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കോവിഡ്-19 നെ പ്രതിരോധിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. തിരക്കേറിയ സ്ഥലത്താണെങ്കിലോ മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന അല്ലെങ്കിൽ പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിലോ കൃത്യമായും മാസ്ക് ധരിക്കേണ്ടതാണ്. നേരിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരുവാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ താപനിലയും ഓക്സിജന്റെ അളവും (SpO2) കൃത്യമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ, അഞ്ച് ദിവസത്തിൽ കൂടുതൽ കടുത്ത പനിയോ കഠിനമായ ചുമയോ ഉള്ളവർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവർ എന്നിവർ ഉടൻ തന്നെ വൈദ്യസഹായം തേടുകയും വേണം.
Content Summary: covid cases in india; More Covid patients in the country are in Kerala