December 13, 2024 |
Share on

തെരഞ്ഞെടുപ്പ് ദിവസത്തെ ആത്മകഥ വിവാദം

കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് നില്‍ക്കാതെ ഡിസി ബുക്‌സ്

വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം തന്നെ സിപിഎമ്മിനെയും ഇ പി ജയരാജനെയും ഒരുപോലെ വെട്ടിലാക്കി ഇ പി ജയരാജന്റെ ആത്മകഥ. പ്രചരിക്കുന്ന ഭാഗങ്ങള്‍ തന്റെ ആത്മകഥയിലേതല്ലെന്നും എഴുതാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ഇ പി പറയുന്നത്. വിവാദം മുറുകിയതോടെ ഡിസി ബുക്‌സും വിശദീകരണമായി രംഗത്തു വന്നിട്ടുണ്ട്. ‘കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണ്”. എന്നാണ് ഡിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന കുറിപ്പ്. എന്നാല്‍ ഇപ്പോള്‍ ഡിസിയുടെ പേരില്‍ പ്രചരിക്കുന്ന പുസ്തകഭാഗത്തിലെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതലായൊന്നും പ്രസാധകര്‍ പറയുന്നില്ല. പ്രചരിക്കുന്ന ഭാഗങ്ങള്‍ പുസ്തകത്തിലെതല്ലെന്ന വിശദീകരണം ഡിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതിനാല്‍ ജയരാജന്റെ പരാതികളും ആരോപണങ്ങളും വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൂര്‍ണമായി പറയാനാകില്ലെന്നാണ് വാര്‍ത്തകള്‍. മാധ്യമങ്ങളെല്ലാം ഇ പി യുടെ ‘ വെളിപ്പെടുത്തലുകള്‍’ ബ്രേക്കിംഗ് ന്യൂസുകളും ചര്‍ച്ചകളുമാക്കുകയാണ്. ജനങ്ങള്‍ പോളിംഗ് ബൂത്തില്‍ ക്യൂ നില്‍ക്കുന്ന സമയത്ത് തന്നെ ഇത്തരം ‘ വെളിപ്പെടുത്തലുകള്‍’ പുറത്തു വന്നത് സിപിഎമ്മിനെ ദോഷകരമായി ബാധിക്കും.

ഇ പി ജയരാജന്റെ ആരോപണങ്ങളുടെയും പരാതികളുടെയും നിജസ്ഥിതി എന്താണന്നു വ്യക്തമല്ലെങ്കിലും പാര്‍ട്ടിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ജയരാജന്‍ എല്ലാം നിഷേധിക്കുകയാണ്. മനോരമ ജയരാജന്റെ പ്രതികരണമായി നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്,”ആത്മകഥ എഴുതുകയാണ്, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തില്‍ പുറത്തു വന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങള്‍ എഴുതി. ഇന്ന് 10.30 ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരേ വാര്‍ത്ത സൃഷ്ടിക്കാന്‍ മനഃപൂര്‍വം ചെയ്തതാണ്. ഇതിനെതിരേ നിയനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും’.

എല്‍ഡിഎഫ് കണ്‍വീനര്‍ പദവയില്‍ നിന്നുള്ള നീക്കം ചെയ്യല്‍, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച, പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ അവസരവാദ രാഷ്ട്രീയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ ദുര്‍ബലത- ഇതൊക്കെയാണ് ഇ പി യുടെ ആത്മകഥയായ ‘ കട്ടന്‍ ചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലേതെന്ന പേരില്‍ പ്രചരിക്കുന്നത്.

E P Jayarajan Autobiography 1

പ്രകാശ് ജാവദേക്കറെ കണ്ടത് ബിജെപിയില്‍ ചേരാനാണെന്ന് പ്രചരിപ്പിച്ചതിനു പിന്നില്‍ ശോഭ സുരേന്ദ്രന്‍ ആണെന്നാണ് പറയുന്നത്. ജയരാജന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിക്കുന്ന പുസ്തക ഭാഗത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്; ആകെ ഒരു തവണയാണ് ശോഭ സുരേന്ദ്രനെ കണ്ടത്. അതാകട്ടെ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടയിലുമാണ്. അതിനു മുമ്പോ ശേഷമോ ശോഭയോട് ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എറണാകുളത്ത് നടന്ന ഒരു വിവാഹ ചടങ്ങിനിടയില്‍ തന്റെ മകനോട് ശോഭ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. രണ്ട് തവണ മകന്റെ ഫോണിലേക്ക് ശോഭ വിളിച്ചിട്ടും മകന്‍ ഫോണ്‍ എടുത്തില്ല. ഇതേ നമ്പറിലേക്ക് പ്രകാശ് ജാവദേക്കറും വിളിച്ചത്. ആ വഴി പോയപ്പോള്‍ കാണാന്‍ കയറിയതാണെന്നു മാത്രമാണ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞതെന്നും, തന്നെ കാണാനായി മാത്രം വന്നതല്ലെന്നും അഞ്ച് മിനിട്ടില്‍ കൂടുതല്‍ കൂടിക്കാഴ്ച്ച നീണ്ടില്ലെന്നും ജയരാജന്‍ പറയുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതിലെ ദുഖവും പറയുന്നുണ്ട്. പദവി പോയതിലല്ല, അതു പോയ രീതിയിലാണ് പ്രശ്‌നമെന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്. തന്നെ പാര്‍ട്ടി മനസിലാക്കിയിട്ടില്ലെന്നതിലാണ് ദുഖമെന്നും, അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമെന്നും പറയുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നും വിട്ട് പാലക്കാട് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ പി സരിന്‍ അവസരവാദിയാണെന്ന ആക്ഷേപവും ജയരാജന്റെതാണെന്നു പറയുന്ന ആത്മകഥയിലുണ്ട്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സരിന്‍, അതുണ്ടാകാതെ വന്നതോടെ മറുകണ്ടം ചാടിയെന്നുമാണ് ആക്ഷേപം. സ്വതന്ത്രര്‍ പലഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. ശത്രുപാളയത്തിലെ വിള്ളല്‍ പ്രയോജനപ്പെടുന്നതുപോലെ തന്നെ അത് വയ്യാവേലിയാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും പി വി അന്‍വറിനെ ഉദ്ദാഹരണമാക്കി പറയുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന പരാതിയും ഇക്കൂട്ടത്തിലുണ്ട്.  cpm leader EP Jayarajan’s autobiography controversy 

Content Summary; cpm leader EP Jayarajan’s autobiography controversy

×