ഒരച്ഛന്‍ മകനായി സഹിച്ച ത്യാഗങ്ങളുടെ വില കൂടിയുണ്ട് ഈ സെഞ്ച്വറിക്ക്

കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ആ പിതാവിനെ തളര്‍ത്തിയിരുന്നുവെങ്കില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന ക്രിക്കറ്റര്‍ ഉണ്ടാകുമായിരുന്നില്ല

മറ്റ് കുട്ടികളെപ്പോലെ സിനിമയിലെ നായകനായിരുന്നില്ല, സ്വന്തം പിതാവ് തന്നെയായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഹീറോ. ഇന്ന് കോടിക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ഹീറോയായി മാറുമ്പോള്‍, ആ 21 കാരനെ കണ്ട് കണ്ണീരണിഞ്ഞ് ആ പിതാവ് ഗാലറിയിലുണ്ടായിരുന്നു. നിതീഷിനെക്കാള്‍ ആഹ്ലാദിച്ചിരിക്കുക, മുത്യാല റെഡ്ഡിയെന്ന ആ അച്ഛന്‍ തന്നെയായിരിക്കും. നിതീഷിന്റെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ അവന്റെ അച്ഛന്റെ കഠിനാദ്ധ്വാനമാണെന്ന് മുന്‍പേ പറഞ്ഞിട്ട്, അവന്റെ ആദ്യത്തെ പരിശീലനകനായ കുമാര്‍ സ്വാമി.

തന്റെ അച്ഛന്‍ സഹിച്ചതും നേരിട്ടതുമായ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടാണ് നിതീഷ് വളര്‍ന്നത്. പലതും നേടണമെന്ന് അവന്‍ തീരുമാനിച്ചതിനും, അതിനായി പരിശ്രമിച്ചതിനും പിന്നില്‍ അച്ഛനോടുള്ള കടമ തന്നെയായിരുന്നു. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നു പോലും മുത്യാല റെഡ്ഡിക്ക് പരിഹാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു. സ്വന്തം ജോലി പോലും ഉപേക്ഷിച്ച്, മകന് വേണ്ടി സമയം കളയുന്നതിലായിരുന്നു മുത്യാലയെ എല്ലാവരും കുറ്റപ്പെടുത്തിയത്. അതെല്ലാം അവഗണിച്ചും മകന് വേണ്ടി അയാള്‍ മുന്നോട്ടു പോയി. അച്ഛന്റെ ആ കഷ്ടപ്പാടുകള്‍ക്കു കൂടിയാണ് മെലബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിതീഷ് പകരം ചോദിച്ചത്. അതിന് സാക്ഷിയാകാന്‍ സാധിച്ചത് മുത്യാലയ്ക്ക് കാലം നല്‍കിയ നിയോഗം.

ഈ വര്‍ഷം ഒക്ടോബറിലാണ് 21 കാരനായ നിതീഷ് ബംഗ്ലാദേശിനെതിരേ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. പിന്നാലെ പെര്‍ത്തില്‍ തന്റെ ആദ്യ ടെസ്റ്റും കളിച്ചു.

‘ ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ പോവുകയാണെന്ന് അവന്‍ പറഞ്ഞപ്പോള്‍, തരിച്ചെന്ത് പറയണമെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഇത്ര നേരത്തെ ഇങ്ങനെയൊരു വിളി ഞാനോ അവനോ പ്രതീക്ഷിച്ചിരുന്നില്ലല്ലോ! അതുകൊണ്ട് തന്നെ അവനാക്കാര്യം പറയുമ്പോള്‍ പത്തു മിനിട്ടോളം ഒന്നും പറയാനാകാതെ ഞാന്‍ നിന്നു പോയി. നീ പറയുന്നത് സത്യം തന്നെയാണോ എന്നു പോലും ഞാന്‍ ചോദിച്ചു പോയി” മുത്യാല റെഡ്ഡി മകന്റെ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്.

ക്രിക്കറ്റിനെ ആദ്യമൊന്നും അത്ര ഗൗരവത്തോടെയായിരുന്നില്ല സമീപിച്ചിരുന്നതെന്നാണ് നിതീഷ് ബിസിസിഐ.ടിവിയോട് സംസാരിച്ചപ്പോള്‍ സമ്മതിച്ച കാര്യം. സ്വന്തം ജോലി പോലും അച്ഛന്‍ എനിക്കായി ഉപേക്ഷിച്ചു, എന്റെ കഥയ്ക്ക് പിന്നില്‍ ഒരുപാട് ത്യാഗങ്ങളുണ്ട്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളോര്‍ത്ത് അച്ഛന്‍ കരയുന്നത് ഒരു ദിവസം ഞാന്‍ കണ്ടു. ഞാന്‍ ഇങ്ങനെയായാല്‍ പോരെന്ന് അന്ന് തീരുമാനിച്ചു. അതോടെ ഞാന്‍ കളിയെ ഗൗരവത്തിലെടുക്കാന്‍ തുടങ്ങി. എന്റെ ആദ്യത്തെ ജഴ്‌സി അച്ഛന് സമ്മാനിച്ചപ്പോള്‍, ആ മുഖത്തെ സന്തോഷം ഞാന്‍ കണ്ടു”; നിതീഷിന്റെ വാക്കുകള്‍.

നിതീഷ് കുമാറും അച്ഛന്‍ മുത്യാല റെഡ്ഡിയും

സണ്‍റൈസസ് ഹൈദരാബാദ് ആറ് കോടിക്കാണ് നിതീഷിനെ സ്വന്തമാക്കിയത്. ഓസീസ് പര്യടനത്തിന് മുമ്പ് തന്നെ ആഭ്യന്തര തലത്തില്‍ അവന് താരപരിവേഷം കൈവന്നിരുന്നു. എന്നാല്‍ ഇപ്പോഴും വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള മധുരവാഡ എന്ന സ്ഥലത്തെ ഒരു വാടകവീട്ടിലാണ് മുത്യാലയുടെ കുടുംബം താമസിക്കുന്നത്. കോടികള്‍ പ്രലോഭിപ്പിക്കാത്ത ഒരു ചെറുപ്പക്കാരനാണ് തന്റെ മകന്‍ എന്നതിനും മുത്യാല ഒരു ഉദ്ദാഹരണം പറയുന്നുണ്ട്. ഐപിഎലില്‍ മറ്റ് ഫ്രാഞ്ചൈസികള്‍ നിതീഷിനെ എസ്ആര്‍എച്ചില്‍ നിന്ന് റാഞ്ചാന്‍ പരിശ്രമിച്ചിരുന്നു. 15 കോടി വരെയായിരുന്നു ഓഫര്‍. ഈ വിഷയത്തില്‍ മുത്യാല മകനോട് അഭിപ്രായം ചോദിച്ചു. തിരിച്ചു നിതീഷ് അച്ഛനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു; ആരാണ് നമുക്കൊരു ജീവിതം തന്നത്, എവിടെ നിന്നാണ് എനിക്കൊരു പേര് കിട്ടിയത്? സണ്‍റൈസസ് ഹൈദരാബാദ് എന്ന് മറുപടി പറയാന്‍ മുത്യാലയ്ക്ക് ഒരു നിമിഷത്തെ ആലോചന പോലും വേണ്ടിയിരുന്നില്ല. പിന്നെ എന്തിന് ഞാന്‍ അവിടെ വിടണം? കൂടുതല്‍ പണം കിട്ടുമെന്ന കാരണത്താല്‍ ഞാന്‍ പുതിയൊരിടത്ത് പോയാല്‍, ഞാന്‍ ആരാണെന്ന് വീണ്ടും തെളിയിക്കേണ്ടതുണ്ട്. എന്റെ പ്രകടനം മോശമായാല്‍ സൈഡില്‍ ബഞ്ചില്‍ ഇരിക്കേണ്ടി വരും. എന്നാല്‍ എസ്ആര്‍എച്ചില്‍ എനിക്ക് അങ്ങനെ സംഭവിക്കില്ല. ഒന്നോ രണ്ട് കളി മോശമായാലും അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യും.- ഇതായിരുന്നു അവന് എന്നോട് പറയാനുണ്ടായിരുന്നത്. ഈ നിലപാട്, ഇത് തന്നെയായിരിക്കണം ഇനിയും നീ മുറുകെ പിടിക്കേണ്ടതെന്നാണ് ഞാന്‍ അവനോട് തിരിച്ചു പറഞ്ഞത്, റെഡ്ഡി പറയുന്നു.

കളിച്ചു തുടങ്ങിയ കാലത്ത് നിരാശജനകമായ പ്രകടനമായിരുന്നു നിതീഷില്‍ നിന്നുണ്ടായത്. വിശാഖപട്ടണം ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷന്റെ സമ്മര്‍ ക്യാമ്പിലേക്ക് വിളിപ്പിച്ച മുത്യാല റെഡ്ഡിയോട് പറയാനുണ്ടായിരുന്നത് മകന്‍ ക്രിക്കറ്റിന് യോജിച്ചയാളല്ലെന്നും അവനെ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഉപദേശിക്കാനുമായിരുന്നു. പക്ഷേ, മുത്യാല തളര്‍ന്നില്ല. 15 ഉം 30 കിലോമീറ്റര്‍ അകലെയുള്ള ഗ്രൗണ്ടുകളിലേക്ക് അയാള്‍ മകനെ പരിശീലനത്തിന് കൊണ്ടു പോയി. കൂടുതല്‍ ക്വാളിറ്റിയുള്ള ബൗളര്‍മാര്‍ നേരിടാന്‍ മകനെ പ്രേരിപിച്ചു. പരിക്കുകളും മോശം പെര്‍ഫോമന്‍സുകളും വീണ്ടും കരിയറില്‍ തിരിച്ചടികള്‍ ഉണ്ടാക്കിയെങ്കിലും കോച്ച് കുമാര്‍ സ്വാമിയുടെയും, പിതാവിന്റെയും പ്രോത്സാഹനവും പിന്തുണയും കൊണ്ട് നിതീഷ് തന്റെ പ്രകടനങ്ങളുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു.

ഇന്ത്യക്കായി കളിക്കുക, ഒപ്പം തന്റെ കുടുംബത്തെ കൈപിടിച്ചു കയറ്റുക; ഈ ലക്ഷ്യങ്ങള്‍ മനസില്‍ വന്നതോടെയാണ് നിതീഷ് തന്റെ സമീപനങ്ങളും മാറ്റിയത്. സിംബാവെ പര്യടനത്തിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിക്ക് ആ മോഹം നിഷ്ഫലമാക്കി. അതോടെയാണ് കൂടുതല്‍ ഫിറ്റ് ആകാന്‍ അവന്‍ തീരുമാനിച്ചത്. കഠിനമായ പരിശീലനത്തിനും ഡയറ്റിനും തയ്യാറായി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് ഹര്‍ദിക് പാണ്ഡ്യയുടെ ഉപദേശങ്ങള്‍ അവന് ഏറെ ഗുണകരമായി.

അവന്‍ വലിയ ഭക്ഷണപ്രിയനായിരുന്നു. വീട്ടില്‍ വയ്ക്കുന്നതെന്തും, മീനോ ചിക്കനോ, ചെമ്മീനോ; എന്തായാലും അളവില്ലാതെ കഴിക്കുമായിരുന്നു. പക്ഷേ ഇന്നവന്‍ കൃത്യമായി തന്റെ ഡയറ്റ് കൊണ്ടു പോകുന്നുണ്ടെന്നാണ് മുത്യാല റെഡ്ഡി പറയുന്നത്.

ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ സ്ഥിരതയോടെ കളിക്കുന്ന ഒരാളാണ് നിതീഷ്. ഇതുവരെ തനിക്ക് കിട്ടുന്ന നല്ല തുടക്കം വലിയ സ്‌കോറുകളിലേക്ക് കൊണ്ടു പോകാന്‍ അവന് സാധിച്ചിരുന്നില്ല. ആ നിരാശ മാറ്റുന്നതാണ് ഇന്ന് പിറന്ന സെഞ്ച്വറി. അത് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് മാത്രമല്ല, മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വരികയും ചെയ്യും. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്തൊരു ഇന്നിംഗ്‌സ്. ഇതുപോലൊരു ദിവസം മുത്യാല റെഡ്ഡിയും മനസില്‍ കണ്ടുകാണും. അതിത്ര വേഗം യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയിരുന്നില്ലെങ്കിലും.  Cricket, Nitish Kumar Reddy maiden test century at Melbourne, and his father Mutyala Reddy’s story  

Content Summary; Cricket, Nitish Kumar Reddy maiden test century at Melbourne, and his father Mutyala Reddy’s story

This post was last modified on December 28, 2024 3:40 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment