സാം കോണ്‍സ്റ്റാസിനെതിരേ ഇന്ത്യയുടെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. സിഡ്‌നി ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ഉസ്മാന്‍ ഖ്വാജയുടെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ നടത്തിയ ആഘോഷം കോണ്‍സ്റ്റാസിനെ മാത്രം ലക്ഷ്യം വച്ചായിരുന്നുവെന്നാണ് മക്‌ഡൊണാള്‍ഡ് കുറ്റപ്പെടുത്തുന്നത്. സാമിനെ ഭയപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്ന ആരോപണമാണ് ഓസ്‌ട്രേലിയന്‍ പരിശീലകനുള്ളത്.
സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ അവസാന സെഷനിലാണ് വീണ്ടും നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഇന്ത്യയെ 185 ന് പുറത്താക്കിയ ശേഷം ഓസ്‌ട്രേലി ബാറ്റിംഗ് ആരംഭിക്കുന്നു. ആദ്യ ഓവര്‍ എറിയുന്നത് ബുംറ. കോണ്‍സ്റ്റാസും ഖ്വാജയുമാണ് ഓപ്പണര്‍മാര്‍. സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന ഖ്വാജ,ബോള്‍ എറിയുന്നത് വൈകിപ്പിക്കുകയാണ്. ആ ഓവറോടെ അന്നത്തെ കളി അവസാനിപ്പിക്കുകയായിരുന്നു ഓസീസിന്റെ ലക്ഷ്യമെന്നാണ് സൂചന. ഖ്വാജയുടെ പെരുമാറ്റത്തില്‍ ബുംറ അസ്വസ്ഥനായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നിരുന്ന കോണ്‍സ്റ്റാസ് ഇതിനിടയില്‍ ബുംറയെ പ്രകോപിപ്പിക്കാന്‍ ശ്രമം തുടങ്ങി. രണ്ടു പേരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാനും തുടങ്ങി.
കാര്യങ്ങള്‍ കൂടുതല്‍ നാടകീയമായത് പിന്നീടാണ്. ഖ്വാജയെ സുരക്ഷിതമായി രാഹുലിന്റെ കൈകളില്‍ കൊണ്ടെത്തിച്ചു ബുംറ. ഇന്ത്യ സര്‍വ്വം മറന്നു പൊട്ടിത്തെറിച്ച നിമിഷം. സാധാരണപോലെ വിക്കറ്റ് നേട്ടം തന്റെ കൂട്ടുകാരുമായി ആഘോഷിക്കാന്‍ നില്‍ക്കാതെ, എന്തോ ഓര്‍ത്തെന്ന പോലെ ബുംറ കോണ്‍സ്റ്റാസിനു നേരെ തിരിയുകയായിരുന്നു. പെട്ടെന്ന് തന്നെ നിയന്ത്രണം പാലിച്ചെങ്കിലും ആ നോട്ടവും നില്‍പ്പും കോണ്‍സ്റ്റാസിനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ മറുപടിയായിരുന്നു.
ഇന്ത്യയുടെയും ബുംറയുടെയും ഭാഗത്ത് നിന്നുണ്ടായ ഈ നീക്കങ്ങളാണ് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനെ അസ്വസ്ഥനാക്കിയിരിക്കുന്നത്. മത്സരശേഷം താന്‍ കോണ്‍സ്റ്റാസുമായി സംസാരിച്ചിരുന്നുവെന്നും, അവനെ പറഞ്ഞു സമാധാനിപ്പിച്ചെന്നുമാണ് കോച്ച് പറയുന്നത്. അവന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാനായിരുന്നു സംസാരിച്ചത്. ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തുന്നതായിരുന്നു’ മക്‌ഡൊണാള്‍ഡ് പറഞ്ഞു.
എന്നാല്‍, ഇന്ത്യ കളി നിയമങ്ങള്‍ ലംഘിച്ചുവെന്ന് മക്‌ഡൊണാള്‍ഡിനും വാദമില്ല. അനുവദനീയമല്ലാത്ത കാര്യങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ നടപടികളൊന്നും ഉണ്ടായിട്ടുമില്ല. അതേസമയം സ്വന്തം കളിക്കാരന്റെ കാര്യത്തില്‍ ടീമിന് ഉത്തരവാദിത്തമുണ്ട്. ഒരു വിക്കറ്റ് വീഴുമ്പോള്‍, നോണ്‍-സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്നൊരാളുടെ നേരെ എതിര്‍ ടീം ഇത്ര തീവ്രമായി ആഘോഷം നടത്തുന്നത്, ആ കളിക്കാരനെ മാനസിക നിലയെ ബാധിക്കും. അത്തരം സന്ദര്‍ഭത്തില്‍ ആ കളിക്കാരന് വൈകാരിക പിന്തുണ നല്‍കേണ്ടതും തുടര്‍ന്നു കളിക്കാന്‍ പ്രാപ്തനാക്കേണ്ടതും തങ്ങളുടെ കടമയാണെന്നുമാണ് മക്‌ഡൊണാള്‍ഡ് വിശദീകരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരേ ഇതുവരെ അച്ചടക്ക നടപടിയോ പിഴയോ ചുമത്തിയിട്ടില്ല. ഐസിസിയും മാച്ച് റഫറിയും അമ്പയര്‍മാരും എല്ലാം ഈ പെരുമാറ്റത്തെ അംഗീകരിക്കുകയാണെങ്കില്‍, ഞങ്ങളുമത് അംഗീകരിക്കാം. ഇതാണ് മാനദണ്ഡമെന്ന് ഞങ്ങളും കരുതിയേക്കാം എന്നൊരു മുന്നറിയിപ്പും മക്‌ഡൊണാള്‍ഡ് നല്‍കുന്നുണ്ട്.
ഓസ്‌ട്രേലിയ എതിരാളികളായി വരുന്ന മത്സരങ്ങളില്‍, സാധാരണ അവര്‍ക്കെതിരേയാണ് ആരോപണങ്ങളും വിമര്‍ശനങ്ങളുമൊക്കെ വരുന്നത്. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍, ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും താരങ്ങളുമൊക്കെ ഇന്ത്യക്കെതിരെയാണ് പരാതി. ഇത്തവണത്തെ കഥകളിലെ കേന്ദ്ര കഥാപാത്രമാകുന്നത് ഒരു 19 കാരനാണെന്നതും കൗതുകമാണ്. ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് വിവാദങ്ങളുടെ പേരിലും പേരെടുത്തു കഴിഞ്ഞു. മെല്‍ബണ്‍ ടെസ്റ്റിലായിരുന്നു സാമിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ അത്യുഗ്രന്‍ അര്‍ദ്ധ സെഞ്ച്വറി. 65 ബോളില്‍ 60 റണ്‍സ്. അതും കാലങ്ങള്‍ക്ക് ശേഷം സാക്ഷാല്‍ ജസ്പ്രിത് ബുറയെ ടെസ്റ്റില്‍ സിക്‌സ് അടിച്ചെന്ന പെരുമയോടെ. ഒന്നല്ല, രണ്ടു തവണ.
അന്ന് തുടങ്ങിയ പ്രശ്‌നമാണ്. ഓസീസുകാര്‍ ഇന്ത്യക്കാരെയാണ് കുറ്റപ്പെടുത്തുന്നത്. ആവേശത്തിന് പേരുകേട്ട വിരാട് കോഹ്‌ലിയാണ് തുടങ്ങി വച്ചത്. മൈതാനത്ത് വച്ച് കോണ്‍സ്റ്റാസും കോഹ് ലിയും കൂട്ടിയിടിച്ചു. കോഹ്‌ലി മനപൂര്‍വം കോണ്‍സ്റ്റാസിന്റെ തോളില്‍ തട്ടിയതാണെന്ന് കണ്ടെത്തിയതോടെ 20 ശതമാനം പിഴ കോഹ്‌ലിക്ക് വിധിച്ചു. അതോടെ കോണ്‍സ്റ്റാസിനെതിരേ ഇന്ത്യന്‍ ആരാധകരുടെ രോഷം അണപൊട്ടി. India of attempting to intimidate, Sam Konstas australia coach Andrew McDonald accused
Content Summary; India of attempting to intimidate, Sam Konstas australia coach Andrew McDonald accused