December 09, 2024 |

വിലയില്ലാതായവര്‍; ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാതായ അഞ്ച് സൂപ്പര്‍താരങ്ങള്‍

ഐപിഎൽ താരലേലത്തിൽ നിരവധി താരങ്ങൾ കോടികൾ വാരിക്കൂട്ടിയപ്പോൾ പ്രശസ്‌തരായ ചില കളിക്കാർ തഴയപ്പെട്ടു

2025ലെ ഐപിഎൽ ലേലം അവസാനിക്കുമ്പോൾ വരാനിരിക്കുന്ന സീസണിൽ ഏതൊക്കെ താരങ്ങൾ ഏതൊക്കെ ടീമുകളിൽ മത്സരിക്കുമെന്നതിനുള്ള വ്യക്തത വന്ന്‌ കഴിഞ്ഞു. ഐപിഎൽ താരലേലത്തിൽ നിരവധി താരങ്ങൾ കോടികൾ വാരിക്കൂട്ടിയപ്പോൾ പ്രശസ്‌തരായ ചില കളിക്കാർ തഴയപ്പെട്ടു. ഏറ്റവും വില കൂടിയ താരങ്ങളുടെ പട്ടികയിൽ ഋഷഭ്‌ പന്തും ശ്രേയസ്‌ അയ്യരുമുൾപ്പെടെ സ്ഥാനം പിടിച്ചപ്പോൾ നിരവധി അന്താരാഷ്ട്ര സൂപ്പർതാരങ്ങൾ വിറ്റഴിക്കാതെ പോയി. 2025 IPL

2025ലെ ഐപിഎൽ ലേലത്തിൽ ടീമുകളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ട അഞ്ച്‌ സൂപ്പർതാരങ്ങൾ ആരൊക്കെയാണെന്ന്‌ നോക്കാം,

ഡേവിഡ്‌ വാർണർ

സൺ റൈസേഴ്‌സ്‌ ഹൈദരാബാദിന്റെ മുൻ ക്യാപ്‌റ്റനായിരുന്ന ഡേവിഡ്‌ വാർണർ ടൂർണമെന്റിന്റെ ചരിത്രത്തിലെ ടോപ്‌ സ്‌കോറർമാരിൽ ഒരാളാണ്‌. 2015,2017,2019 വർഷങ്ങളിൽ മൂന്ന്‌ ഓറഞ്ച്‌ ക്യാപ്പുകൾ ഉൾപ്പെടെ മികച്ച റെക്കോഡുകൾ ഉണ്ടായിരുന്നിട്ട്‌ പോലും ഈ ലേലത്തിൽ വാർണർ വിറ്റഴിക്കാതെ പോയി. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ്‌ നേടുന്ന നാലാമത്തെ താരമാണ്‌ വാർണർ.

കെയ്‌ൻ വില്യംസൺ

മറ്റൊരു മുൻ സൺ റൈസേഴ്‌സ്‌ ഹൈദരാബാദ്‌ ക്യാപ്‌റ്റനായിരുന്ന കെയ്‌ൻ വില്യംസണും താരലേലത്തിൽ പിൻതള്ളപ്പെട്ടു. ടി20 ക്രിക്കറ്റിലെ സുപ്രധാന പ്ലേയറായ കെയ്‌ൻ വില്യംസൺ 2018ൽ ഓറഞ്ച്‌ ക്യാപ്പ്‌ സ്വന്തമാക്കിയിരുന്നു. പക്ഷേ ഹൈദരാബാദിന്റെ മുൻ നായകനായ ബാറ്റ്‌സ്‌മാന്‌ ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഇടം പിടിക്കാനായില്ല.

പൃഥ്വി ഷാ

ഒരുകാലത്ത്‌ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്ന പൃഥ്വി ഷായുടെ ഫോം 2018ന്‌ ശേഷം മങ്ങിത്തുടങ്ങിയിരുന്നു. ചില സീസണുകൾ പൃഥ്വി ഷാക്ക്‌ മികച്ചതായിരുന്നെങ്കിലും ഫിറ്റ്‌നെസും അച്ചടക്ക ലംഘനവും തിരിച്ചടിയായി. കഴിഞ്ഞ മാസം ഡൽഹി ക്യാപിറ്റൽസിൽ നിന്നും മാറിയ താരത്തിന്‌ പുതിയ സീസണിൽ ഒരു ടീമിലും അംഗമാവാൻ കഴിഞ്ഞില്ല.

ജോണി ബെയർസ്‌റ്റോ

ഐപിഎൽ വേദികളിലെ തകർപ്പൻ ബാറ്റർമാരിലൊരാളായ ബെയർസ്‌റ്റോ കുറച്ച്‌ വർഷങ്ങളായി മികച്ച ഫോമിലായിരുന്നില്ല. 2024ൽ പഞ്ചാബ്‌ കിങ്‌സിനായി സെഞ്ച്വറി നേടിയെങ്കിലും ഇത്തവണത്തെ ടീമംഗംങ്ങളുടെ സെലക്ഷനിൽ ബെയർസ്‌റ്റോ വിറ്റഴിക്കാതെ പോയി.

സർഫറാസ്‌ ഖാൻ

2015ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സർഫറാസ്‌ ഖാന്‌ ഐപിഎൽ വേദികളിൽ വലിയൊരു സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. ആകെ 40 മത്സരങ്ങൾ കളിച്ച താരം 2021ൽ ഡെൽഹി ക്യാപിറ്റൽസിന്‌ വേണ്ടി കുറച്ച്‌ മത്സരങ്ങൾ മാത്രമാണ്‌ കളിച്ചത്‌. ഡൊമസ്റ്റിക്‌ ക്രിക്കറ്റിൽ തകർപ്പൻ ബാറ്റിങ്ങ്‌ കാഴ്‌ചവെച്ചിരുന്നെങ്കിലും ഐപിഎല്ലിൽ അത്‌ ആവർത്തിക്കാൻ സർഫറാസ്‌ ഖാന്‌ ആയില്ല. സർഫറാസ്‌ ഖാന്റെ സഹോദരൻ മുഷീർ പുതിയ സീസണിൽ പഞ്ചാബ്‌ കിങ്‌സിൽ കളിക്കുന്നുണ്ട്‌. 2025 IPL

Content Summary: Cricket players who are not selected for the 2025 IPL

×