ഉത്തരേന്ത്യയില്‍ പെയ്തിറങ്ങുന്ന അതിശൈത്യത്തെ അവഗണിച്ച് നവംബര്‍ 26 മുതലാണ് 86 കാരനായ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ നിരാഹാര സമരം ആരംഭിച്ചത്. സമരം 44 ദിവസം പിന്നിടുന്നതോടെ ദല്ലേവാളിന്റെ ജീവനും അപകടത്തിലായിരിക്കുന്നു. കരള്‍, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനോരിയിലാണ് അര്‍ബുദ രോഗബാധിതന്‍ കൂടിയായ ദല്ലേവാള്‍ കര്‍ഷകര്‍ക്ക് വേണ്ടി പോരാടുന്നത്.dallewals health condition after over 40 days of hunger strike
അവശനായതോടെ സംസാരിക്കാനും ഏറെ ബുദ്ധിമുട്ടിലാണ് ദല്ലേവാള്‍. തന്നെ സന്ദര്‍ശിക്കാന്‍ കര്‍ഷക യൂണിയന്‍ നേതാക്കളെ ഉള്‍പ്പെടെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അണുബാധ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദല്ലേവാളിന്റെ ട്രോളിയില്‍ മറ്റുള്ളവര്‍ പ്രവേശിക്കരുതെന്ന് ഡോക്ടര്‍മാരും നിര്‍ദേശിച്ചിട്ടുണ്ട്. നാല് ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികളില്‍ രണ്ട് പേര്‍ക്കും അഞ്ച് എന്‍ജിഒ പ്രവര്‍ത്തകര്‍ക്കും മാത്രമേ ദല്ലേവാളുമായി നിലവില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ അനുമതിയുള്ളൂ.
ദല്ലേവാളിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അവതാര്‍ സിങ് ധില്ലണ്‍ വ്യക്തമാക്കി. നിരാഹാര സമരം അവസാനിപ്പിച്ചാലും ദല്ലേവാളിന്റെ ആന്തരികാവയവങ്ങള്‍ 100 ശതമാനവും പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിനില്ല.
‘കര്‍ഷകരുടെ മരണം തടയാന്‍, തന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു” എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള തുറന്ന കത്ത് ദല്ലേവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയിരുന്നെങ്കിലും അതിന് മറുപടി നല്‍കാനോ, ഇടപെടല്‍ നടത്താനോ കേന്ദ്രം തയ്യാറായിട്ടില്ല. മരണത്തിന്റെ വക്കിലെത്തിയ ദല്ലേവാളിനോട് സംസാരിക്കാനോ അദ്ദേഹത്തെ അനുനയിപ്പിക്കാനോ കേന്ദ്രസര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ല. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ജീവന്‍ വെടിയേണ്ടി വന്നാലും ചര്‍ച്ചകളൊന്നുമില്ലാതെ സമരം നിര്‍ത്തിവച്ച് വൈദ്യസഹായം സ്വീകരിക്കാന്‍ തയാറല്ലെന്ന ദൃഢനിശ്ചയത്തിലാണ് ദല്ലേവാള്‍. നാലുവര്‍ഷം മുമ്പാണ് ദല്ലേവാളിന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. എങ്കിലും വൈദ്യസഹായം നിഷേധിക്കുകയായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് പ്രത്യേകമായി തയ്യാറാക്കിയ കിടക്കയിലാണ് ദല്ലേവാള്‍ കഴിയുന്നത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങളായ ജസ്റ്റിസ് നവാബ് സിങിന്റെ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതി ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്ന ആവശ്യവുമായാണ് ദല്ലേവാള്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. ശരിയായ കടാശ്വാസമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുന്നു. കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം നടപ്പാക്കാത്തതും പ്രക്ഷോഭത്തെ ശക്തപ്പെടുത്തുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ 2020 ആഗസ്റ്റ് മുതല്‍ 2021 ഡിസംബര്‍ വരെ നീണ്ട ഐതിഹാസികമായ കര്‍ഷക സമരം രാജ്യം മറന്നിട്ടില്ല. ആ സമരാവേശം കെട്ടടങ്ങിയിട്ടുമില്ല. അന്ന് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് ദല്ലേവാളിനെയും മറ്റ് സമരാനുകൂലികളായ കര്‍ഷകരെയും കൊടുംതണുപ്പത്ത് നിര്‍ത്തിയിരിക്കുന്നത്.dallewals health condition after over 40 days of hunger strike
Content Summary: dallewals health condition after over 44 days of hunger strike
farmers strike dallewals health condition critical hunger strike latest news