January 21, 2025 |
Share on

പട്ടാള നിയമവും പ്രസിഡന്റിന്റെ യു ടേണും; എന്താണ് ദക്ഷിണ കൊറിയയില്‍ സംഭവിക്കുന്നത്?

പ്രഖ്യാപിച്ച് ആറ് മണിക്കൂറിന് ശേഷം യൂണ്‍ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു

ദക്ഷിണ കൊറിയന്‍ ജനതയെ ഭയച്ചൂടിലേക്കെറിഞ്ഞായിരുന്നു പ്രസിഡന്റ് യൂന്‍ സുക് യോള്‍ ചൊവ്വാഴ്ച്ച പട്ടാള നിയമം പ്രഖ്യാപിച്ചത്. ‘ രാജ്യവിരുദ്ധ ശക്തികള്‍’ രാജ്യത്തിന്റെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു യൂന്‍ പറഞ്ഞ ന്യായം. നാല് പതിറ്റാണ്ടിനിപ്പുറം ദക്ഷിണ കൊറിയയില്‍ ആദ്യമായി പട്ടാള നിയമം പ്രഖ്യാപിച്ച, യൂണില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കം ജനങ്ങളെ മാത്രമല്ല, യുഎസ് അടക്കമുള്ള സഖ്യകക്ഷികളെയും ഭയപ്പെടുത്തി.

എന്നാല്‍, പ്രതിപക്ഷത്തിന്റെയും സ്വന്തം പാര്‍ട്ടിയില്‍ നിന്നുമെല്ലാം ഉണ്ടായ ഒറ്റക്കെട്ടായ എതിര്‍പ്പ് അവഗണിക്കാനാകാതെ വന്നതോടെ ആറുമണിക്കൂറിനുശേഷം യൂന്‍ തന്റെ ഉത്തരവ് പിന്‍വലിച്ചു. പട്ടാള നിയമം രാജ്യത്ത് അടിച്ചേല്‍പ്പിച്ചാല്‍ എന്തായിരിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍? നിയനം നടപ്പിലായാല്‍ പിന്നീട് എന്താണ് സംഭവിക്കുന്നത്? ഇക്കാര്യങ്ങള്‍ പരിശോധിക്കാം:

എന്താണ് പട്ടാള നിയമം? ദക്ഷിണ കൊറിയയില്‍ സംഭവിച്ചതെന്ത്?
രാത്രി വൈകി വളരെ നാടകമായി രാജ്യത്തോടു നടത്തിയ അടിയന്തര ടെലിവിഷന്‍ പ്രസംഗത്തിലാണ്, ദക്ഷിണ കൊറിയയില്‍ താന്‍ പട്ടാള നിയമം ചുമത്തുകയാണെന്ന് യൂണ്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ’ സര്‍ക്കാരിനെ തളര്‍ത്തുന്നുവെന്നായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, പുതിയ മാര്‍ഷ്യല്‍ ലോ കമാന്‍ഡറായ സൈനിക മേധാവി ജനറല്‍ പാര്‍ക്ക് അന്‍-സുവ് ആറ് പോയിന്റുകള്‍ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പാര്‍ട്ടികളും നിരോധിക്കുക, ‘തെറ്റായ പ്രചരണം’, പണിമുടക്കുകള്‍, ‘സാമൂഹിക അശാന്തിക്ക് പ്രേരിപ്പിക്കുന്ന ഒത്തുചേരലുകള്‍’ എന്നിവ വിലക്കുക തുടങ്ങിയകാര്യങ്ങള്‍ ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ മാധ്യമങ്ങളെയും സൈനിക നിയമത്തിന്റെ അധികാരത്തിന് കീഴിലാക്കി. പണിമുടക്കിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും 48 മണിക്കൂറിനുള്ളില്‍ ജോലിയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു.

Yoon Suk Yeol

1980 കള്‍ക്ക് ശേഷം ദക്ഷിണ കൊറിയ പൂര്‍ണ ജനാധിപത്യ രാജ്യമാണ്. സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ പിന്നീട് ഉണ്ടായിട്ടില്ല. എന്നാല്‍ യൂണിന്റെ പ്രഖ്യാപനം ആ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചു നടത്തം പോലെയായിരുന്നു. പ്രതിപക്ഷവും യൂണിന്റെ സ്വന്തം പാര്‍ട്ടിക്കാരും പ്രസിഡന്റിന്റെ നീക്കത്തിനെതിരേ രംഗത്തു വന്നു.

‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍’ നിന്നും ‘ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണികളില്‍’ നിന്നും തന്റെ രാജ്യത്തിന്റെ ലിബറല്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നുമാത്രമായിരുന്നു തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചുകൊണ്ട് യൂണ്‍ പ്രതികരിച്ചത്.

പട്ടാള നിയമ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെങ്കിലും, യൂണിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം, പ്രസിഡന്റും പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള ബജറ്റ് തര്‍ക്കമാണെന്ന് പറയുന്നു.

അടുത്ത വര്‍ഷത്തേക്കുള്ള യൂണിന്റെ നിര്‍ദ്ദിഷ്ട 677 ട്രില്യണ്‍ ബജറ്റില്‍ നിന്ന് പ്രതിപക്ഷം ഏകദേശം 4.1 ട്രില്യണ്‍ വോണ്‍ (2.8 ബില്യണ്‍ ഡോളര്‍) വെട്ടിക്കുറച്ചിരുന്നു. ‘രാജ്യത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പ്രധാന ബജറ്റുകളും’ പ്രതിപക്ഷം ഇടപെട്ട് വെട്ടിക്കുറയ്ക്കുന്നുവെന്നായിരുന്നു യൂണിന്റെ ആരോപണം.

പാര്‍ലമെന്റില്‍ സംഭവിച്ചത്?
പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ, സുരക്ഷാ സേന ദേശീയ അസംബ്ലി സീല്‍ ചെയ്തു. അസംബ്ലിയുടെ മേല്‍ക്കൂരയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ ഇറക്കി. കുറച്ച് സമയത്തേക്കാണെങ്കിലും സൈനികര്‍ അസംബ്ലി കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചു. എംപിമാര്‍ അകത്തേക്ക് കടക്കുന്നത് തടയാനായിരുന്നു ഇതെന്നായിരുന്നു വിശദീകരണം.

Post Thumbnail
ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ രണ്ട് പേർ മാത്രം രക്ഷപ്പെട്ടതെങ്ങനെ?വായിക്കുക

എന്നാല്‍ നാഷണല്‍ അസംബ്ലിയിലെ 190 നിയമനിര്‍മ്മാതാക്കളും യൂണിന്റെ പ്രഖ്യാപനം നിരസിക്കാന്‍ ഏകകണ്ഠമായി വോട്ട് ചെയ്തു. പട്ടാള നിയമം പിന്‍വലിക്കണമെന്ന് അവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പാര്‍ലമെന്റിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി, യൂണിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആക്രോശം.

പ്രതിഷേധക്കാരും സൈനികരുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായി പറയുന്നു. എന്നാല്‍ ആര്‍ക്കെങ്കരിലും പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യം അസംബ്ലി മന്ദിരത്തിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഉണ്ടായ കല്ലേറില്‍ കെട്ടിടത്തിന്റെ ഒരു ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്.

എന്തുകൊണ്ടാണ് യൂണ്‍ തീരുമാനം പിന്‍വലിച്ചു
ദക്ഷിണ കൊറിയയുടെ ഭരണഘടന പ്രകാരം പട്ടാള നിയമം എടുത്തുകളയണമെന്ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ തീരുമാനം ഉണ്ടായാല്‍ അത് അംഗീകരിക്കപ്പെടണം. വോട്ടെടുപ്പില്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യം വോട്ടെടുപ്പില്‍ പാസായെങ്കിലും, ഉടനടി പിന്മാറാന്‍ സൈന്യം തയ്യാറായില്ല. ഉത്തരവ് പ്രസിഡന്റ് പിന്‍വലിക്കുന്നതുവരെ പട്ടാള നിയമം നിലനില്‍ക്കുമെന്നായിരുന്നു സൈനിക ഉദ്യോഗസ്ഥരുടെ വാദം.

എന്നാല്‍ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്നു. യൂണിന്റെ യാഥാസ്ഥിതികവാദികളായ പീപ്പിള്‍ പവര്‍ പാര്‍ട്ടിയുടെ നേതാവ് തന്നെ പട്ടാള നിയമം ചുമത്താനുള്ള തീരുമാനത്തെ ‘തെറ്റ്’ എന്നാണ് ആക്ഷേപിച്ചത്. 2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യൂണിനോട് നേരിയ വോട്ടിന് പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് ലീ ജേ-മ്യുങ്, യൂണിന്റെ പ്രഖ്യാപനം ‘നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്’ എന്ന് അപലപിച്ചു. ലീയുടെ നേതൃത്വത്തിലുള്ള ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റിന്റെ നീക്കത്തെ ‘അടിസ്ഥാനപരമായി അട്ടിമറി’ എന്നാണ് കുറ്റപ്പെടുത്തിയത്.

പ്രതിഷേധം ശക്തമായതോടെ, സൈനിക നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിന് ശേഷം യൂണ്‍ സ്വയം തിരുത്താന്‍ നിര്‍ബന്ധിതനായി. ക്യാബിനറ്റ് യോഗത്തിന് ശേഷം ഉത്തരവ് പിന്‍വലിക്കുമെന്നും, സൈനികര്‍ അവരുടെ ബാരക്കുകളിലേക്ക് മടങ്ങുമെന്നും യൂണ്‍ പറഞ്ഞു.

South Korea
എന്തായിരുന്നു അന്താരാഷ്ട്ര പ്രതികരണം?
സൈനിക നിയമ പ്രഖ്യാപനത്തില്‍ നിന്നു യൂണ്‍ പിന്തിരിഞ്ഞത് ആശ്വാസകരമാണെന്നായിരുന്നു വൈറ്റ് ഹൗസ് പറഞ്ഞത്. എങ്കിലും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്ന് യു എസ് അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ അടിത്തറയിലാണ് റിപ്പബ്ലിക് ഓഫ് കൊറിയയും യു എസും തമ്മിലുള്ള സഖ്യം നിലനില്‍ക്കുന്നതെന്നായിരുന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടിയത്. ഉത്തരകൊറിയയയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ 28,500 സൈനികരെ യു എസ് ദക്ഷിണ കൊറിയയില്‍ വിന്ന്യസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടുത്തെ പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്ക് വലിയ ആശങ്കകളുണ്ട്.

തെരുവുകളിലെ വികാരവും യൂണിന്റെ ഭാവിയും
അമ്പരപ്പും സങ്കടവുമായി ജനങ്ങളില്‍ ഉണ്ടായിരുന്നതെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. ‘സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ തെരുവില്‍ പോരാടിയ പഴയ തലമുറയ്ക്ക്, സൈനിക നിയമം സ്വേച്ഛാധിപത്യത്തിന് തുല്യമായാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ യശസ്സ് പ്രസിഡന്റ് നശിപ്പിച്ചുവെന്നായിരുന്നു യുവതലമുറയുടെ പരാതി.

ഇപ്പോഴത്തെ പ്രധാന ചോദ്യം, എന്തായിരുന്നു പ്രസിഡന്റ് യൂന്‍ സുക് യോള്‍ ലക്ഷ്യം വച്ചിരുന്നത് എന്നതാണ്. ഇപ്പോഴത്തെ ആവശ്യം യൂണ്‍ സ്ഥാനമൊഴിയണം അല്ലെങ്കില്‍ ഇംപീച്ച് ചെയ്യപ്പെടണം എന്നതാണ്. അക്കാര്യത്തില്‍ യൂണിനുമേല്‍ സമ്മര്‍ദ്ദം അധികരിക്കുകയാണ്. കലാപത്തിന് ശ്രമിച്ചു എന്ന കുറ്റം ഏറ്റെടുത്ത് യൂണ്‍ സ്ഥാനം ഒഴിയണമെന്നാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി പറയുന്നത്. ‘യുക്തിരഹിതവും ജനാധിപത്യ വിരുദ്ധവുമായ നടപടി’ക്ക് പ്രസിഡന്റ് രാജിവയ്ക്കുന്നത് വരെ രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയന്‍ ഗ്രൂപ്പ് അനിശ്ചിതകാല പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. യൂണിന്റെ സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടി, പട്ടാള നിയമം ചുമത്താനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ ‘ദുരന്തം’ എന്നാണ് കുറ്റപ്പെടുത്തിയത്. ഇതില്‍ പങ്കാളിയായവരെല്ലാം ഉത്തരവാദികളാണെന്നും പീപ്പിള്‍ പവര്‍ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  Declaring martial law, after six hours president Yoon reversed his decision, what is happening in South Korea

Post Thumbnail
പിന്നിലിരിക്കണമെങ്കില്‍ മിണ്ടാതിരിക്കണോ? വേണമെന്നാണ് നിയമം, പിഴയും ഈടാക്കാംവായിക്കുക

വിവരങ്ങള്‍ക്ക് കടപ്പാട്; ദ ഗാര്‍ഡിയന്‍

s

Content Summary; Declaring martial law, after six hours president Yoon reversed his decision, what is happening in South Korea

south korea martial law South Korea’s president, Yoon Suk Yeol

×