June 13, 2026 |

ഓപ്പറേഷന്‍ റിഡില്‍ മുതല്‍ സിന്ദൂര്‍ വരെ; പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടികള്‍

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ച ഭീകരാക്രമണത്തിനുള്ള മറുപടി എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നിർദേശിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

പഹൽഗാം ഭീകരാക്രമണം വിധവകളാക്കിയത് 25 സ്ത്രീകളെയാണ്. ഇതിന് മറുപടിയായി ബുധനാഴ്ച്ച പാകിസ്ഥാനിലും, പാക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നൽ മിസൈൽ ആക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. ബുധനാഴ്ച്ച പുലർച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി നടത്തിയ ദൗത്യമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ച ഭീകരാക്രമണത്തിനുള്ള മറുപടി എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നിർദേശിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.Decoding India’s Military Codenames

ജമ്മു കാശ്മീരിലെ ബൈസരൻ വാലി പ്രദേശത്ത് വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണം നടന്ന് രണ്ടാഴ്ച്ചകൾക്ക് ശേഷമാണ് ‘ഓപ്പറേഷൻ സിന്ദൂർ’ നടന്നത്. പഹൽഗാം ആക്രമണത്തിന് പിന്നീൽ പാകിസ്ഥാനാണെന്ന് ഇന്ത്യ ഉറച്ച് വിശ്വസിക്കുന്നു.

സിഎൻഎൻ റിപ്പോർട്ട് പ്രകാരം, 1971ൽ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ബുധനാഴ്ച്ച നടന്നത്. പാകിസ്ഥാനിലെയും, പാക് അധിനിവേശ കാശ്മീരിലെയും ഭീകരരുടെ ക്യാമ്പുകൾ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ഈ ലക്ഷ്യം വിജയം കണ്ടതായി വൃത്തങ്ങൾ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂരിൽ പോലെ തന്നെ, പാകിസ്ഥാനെതിരായ ഇന്ത്യയുടെ മുൻ സൈനിക നടപടികളിലും സായുധ സേനയുടെ മനോവീര്യം വർധിപ്പിക്കുന്ന തരത്തിലുള്ള പേരുകൾ ഇട്ടിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന് മുൻപ് ഇന്ത്യ സൈനിക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന പേരുകൾ;

ഓപ്പറേഷൻ റിഡിൽ (1965 ഇന്ത്യ-പാക് യുദ്ധം)

1965ൽ ഓപ്പറേഷൻ ജിബ്രാൾട്ടർ, ഗ്രാൻഡ് സ്ലാം എന്നീ രഹസ്യനാമങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ മറുപടിയായിരുന്നു ഓപ്പറേഷൻ റിഡിൽ. നിയന്ത്രണ രേഖ (എൽഒസി) ലംഘിച്ച് പാകിസ്ഥാൻ ജമ്മു കാശ്മീരിൽ പ്രവേശിച്ചപ്പോൾ, 1965 സെപ്റ്റംബർ 6ന് ലാഹോറും കസൂറും ലക്ഷ്യമാക്കി ഇന്ത്യ ഓപ്പറേഷൻ ആരംഭിച്ചു.

ഓപ്പറേഷൻ എബ്ലേസ് (1965 ഇന്ത്യ-പാക് യുദ്ധം)

1965ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഓപ്പറേഷൻ എബ്ലേസും നടന്നത്. പടിഞ്ഞാറൻ അതിർത്തിയിൽ പ്രതിരോധ തന്ത്രമെന്ന നിലയിലായിരുന്നു ഓപ്പറേഷൻ എബ്ലേസ് ആരംഭിച്ചത്. 1965 ഏപ്രിൽ മാസത്തിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ, പ്രത്യേകിച്ച് റാൻ ഓഫ് കച്ച് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ മുൻകരുതൽ സൈനിക വിന്യാസ പദ്ധതിയായിരുന്നു ഇത്. നേരിട്ടുള്ള പോരാട്ടത്തിലേക്ക് നയിച്ചില്ലെങ്കിലും വലി. തോതിലുള്ള സൈനിക വിന്യാസം രാജ്യത്തിന്റെ വ്യക്തമായ മുന്നൊരുക്കമായിരുന്നു. 1965 ഓഗസ്റ്റിൽ പൂർണതോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് സൈനിക തയ്യാറെടുപ്പുകൾക്ക് ഈ ഓപ്പറേഷൻ കാരണമായി.

ഓപ്പറേഷൻ ട്രൈഡൻ്റ്, ഓപ്പറേഷൻ പൈത്തൺ (1971 ഇന്ത്യ-പാക് യുദ്ധം)

1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് പാകിസ്‌താന്റെ തുറമുഖ നഗരമായ കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ രണ്ട് ഓപ്പറേഷനുകളായിരുന്നു ഓപ്പറേഷൻ ട്രൈഡൻ്റ്, ഓപ്പറേഷൻ പൈത്തൺ എന്നിവ. പാകിസ്‌താനെതിരായ ഇന്ത്യയുടെ ആദ്യത്തെ നാവിക ആക്രമണം ഓപ്പറേഷൻ ട്രൈഡൻ്റ് എന്നറിയപ്പെട്ടു. 1971 ഡിസംബർ നാല് അഞ്ച് തീയതികളിലാണ് ഇത് നടന്നത്. 4-ന് രാത്രിയിലാണ് ഓപ്പറേഷൻ ട്രൈഡന്റ് ആരംഭിച്ചത്.ഇന്ത്യൻ നാവികസേന കറാച്ചിയിൽ ഒരു മിന്നലാക്രമണം നടത്തി. അതിന്റെ ഫലമായി ഒട്ടേറെ പാകിസ്‌താൻ കപ്പലുകൾ മുങ്ങുകയും കറാച്ചിയിലെ തുറമുഖ സംവിധാനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. മേഖലയിൽ യുദ്ധത്തിൽ കപ്പൽവേധ മിസൈലുകളുടെ ആദ്യ ഉപയോഗം കണ്ടത് ഓപ്പറേഷൻ ട്രൈഡന്റിലാണ്. ഈ ഓപ്പറേഷൻ ഇന്ത്യയുടെ ഉജ്ജ്വലമായ വിജയത്തിലാണ് അവസാനിച്ചത്.

ഓപ്പറേഷൻ കാക്‌ടസ് ലില്ലി (1971 ഇന്ത്യ-പാക് യുദ്ധം)

1971-ലെ ഇന്തോ-പാക് യുദ്ധസമയത്തെ നിർണായകമായ ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ കാക്ട‌സ് ലില്ലി. ‘മേഘ്‌ന ഹെലി ബ്രിഡ്‌ജ്’‌ എന്നും മേഘ്‌ന ക്രോസിങ് എന്നും ഈ ഓപ്പറേഷൻ അറിയപ്പെടുന്നു. മേഘ്‌ന നദി കടന്ന്, അഷുഗഞ്ച്/ഭൈരബ് ബസാറിലെ പാകിസ്‌താൻ ശക്തികേന്ദ്രം മറികടന്ന് ധാക്കയിലെത്താൻ ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും ചേർന്നാണ് ഇത് നടത്തിയത്. ദൗത്യം ഇന്ത്യയുടെ ഉജ്ജ്വലമായ വിജയത്തിൽ അവസാനിച്ചു. ഇത് 1971-ൽ ബംഗ്ലാദേശ് രൂപീകരണത്തിന് വഴിവച്ചു.

ഓപ്പറേഷൻ മേഘ്‌ദൂത് (സിയാച്ചിൻ സംഘർഷം)

ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഏറ്റവും ഉയരത്തിലുള്ളതുമായ സൈനിക നടപടികളിലൊന്നായിരുന്നു ഓപ്പറേഷൻ മേഘദൂത്. 1984 ഏപ്രിലിൽ സിയാച്ചിൻ ഗ്ലേസിയർ പിടിച്ചെടുക്കുന്നതിനായാണ് ഇന്ത്യൻ കരസേന ഓപ്പറേഷൻ മേഘദൂത് എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. ഗ്ലേസിയർ കൈവശപ്പെടുത്താനുള്ള പാകിസ്‌താൻ്റെ ശ്രമങ്ങളെ മുൻകൂട്ടി തടയുക എന്നതായിരുന്നു ഈ സൈനിക നടപടിയുടെ ലക്ഷ്യം. കഠിനമായ കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും ഉണ്ടായിരുന്നിട്ടും ഇന്ത്യൻ സൈനികർ വിജയകരമായി ഗ്ലേസിയറിന്മേൽ നിയന്ത്രണം സ്ഥാപിച്ചു, അത് ഇന്നും ഇന്ത്യയുടെ നിയന്ത്രണത്തിൽ തുടരുന്നു.

ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ സഫേദ് സാഗർ (1999 കാർഗിൽ യുദ്ധം)

കാർഗിൽ യുദ്ധത്തിൽ പാകിസ്‌താൻ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ 1999 മെയ് മാസത്തിൽ ഇന്ത്യൻ സൈന്യം ആരംഭിച്ച സൈനിക നടപടിയുടെ രഹസ്യനാമമായിരുന്നു ഓപ്പറേഷൻ വിജയ്. പാകിസ്ത‌ാൻ സൈനികരും തീവ്രവാദികളും കാർഗിൽ മേഖലയിലെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറി. ഇത് രക്തരൂക്ഷിതമായ സംഘട്ടനത്തിലേക്ക് നയിച്ചു. വ്യോമസേനയുടെ പിന്തുണയോടെ ഇന്ത്യൻ കരസേന പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചു. ഈ ഓപ്പറേഷൻ പാകിസ്‌താൻ സൈന്യത്തെ പിൻവലിക്കാൻ നിർബന്ധിതരാക്കുകയും നിർണായക സ്ഥാനങ്ങൾ ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്‌തു. 1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷന്റെ രഹസ്യനാമമായിരുന്നു ഓപ്പറേഷൻ സഫേദ് സാഗർ. 1971-ലെ ഇന്ത്യ-പാകിസ്‌താൻ യുദ്ധത്തിനുശേഷം ഈ മേഖലയിൽ വ്യോമശക്തിയുടെ ആദ്യത്തെ വലിയ തോതിലുള്ള ഉപയോഗമായിരുന്നു ഇത്.

ഓപ്പറേഷൻ ബന്ദർ (2019 ബാലാക്കോട്ട് വ്യോമാക്രമണം)

2019 ഫെബ്രുവരിയിൽ ജമ്മു കശ്‌മീരിലെ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ജെയ്ഷെ-മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടതിനുള്ള പ്രതികരണമായിരുന്നു ഓപ്പറേഷൻ ബന്ദർ. ഓപ്പറേഷൻ ബന്ദർ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തുകയും നിരവധി തീവ്രവാദികളെ വധിക്കുകയും ചെയ്‌തു. 1971-ന് ശേഷം നിയന്ത്രണരേഖ കടന്നുള്ള ആദ്യത്തെ വ്യോമാക്രമണമായിരുന്നു ഇത്.Decoding India’s Military Codenames

content summary; Decoding India’s Military Codenames: Riddle, Meghdoot, and Operation Sindoor

Leave a Reply

Your email address will not be published. Required fields are marked *

×