March 24, 2025 |
Share on

27 വര്‍ഷത്തിനു ശേഷം ബിജെപി തിരിച്ചു വരുമോ, അതോ ആപ്പിന്റെ ആത്മവിശ്വാസം വിജയിക്കുമോ?

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അല്‍പ്പ സമയത്തിനുള്ളില്‍

ഡല്‍ഹിയുടെ ഭരണം 27 വര്‍ഷത്തിനുശേഷം ബിജെപിയുടെ കൈകളില്‍ തിരിച്ചെത്തുമോ? അതോ ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം പോലെ തുടര്‍ഭരണം സാധ്യമാകുമോ? ഡല്‍ഹി തിരിഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ്. രാവിലെ എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തു വരും. കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും നിര്‍ണായകമാണ്.

കഴിഞ്ഞ രണ്ട് തവണയും എഎപി ഡല്‍ഹി പിടിച്ചത് വലിയ ഭൂരിപക്ഷത്തോടെയായിരുന്നു. ഹാട്രിക് വിജയം അവര്‍ക്ക് ആവര്‍ത്തിക്കാനാകുമോ എന്ന കാര്യം ഇത്തവണ സംശയമാണ്. എക്‌സിറ്റ് പോളുകളെല്ലാം ബിജെപിയുടെ തിരിച്ചു വരവാണ് പ്രവചിച്ചിരിക്കുന്നത്. 19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബിജെപിയുടെ വിജയമാണ് പ്രവചിച്ചത്. അവയെല്ലാം തന്നെ വ്യക്തമായ ഭൂരിപക്ഷവും നല്‍കിയിരുന്നു. നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മാത്രമാണ് എഎപിക്ക് അനുകൂലമായത്. 2020 ല്‍ 70 സീറ്റുകളില്‍ 62 ഉം അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയാണ് സ്വന്തമാക്കിയത്. അന്നത്തെ പോളിംഗ് 62.59 ആയിരുന്നുവെങ്കില്‍, ഇത്തവണ 60.54 ആയി പോളിംഗ് കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തവണ എട്ട് സീറ്റിലേക്ക് നാണംകെട്ട ബിജെപിക്ക്, 27 വര്‍ഷത്തിനുശേഷം വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമാണ് ഇത്തവണ കൈവന്നിരിക്കുന്നതെന്ന പ്രവചനങ്ങള്‍ ശരിയാകുമോ എന്നാണ് ഇന്ത്യ കാത്തിരിക്കുന്നത്. എഎപി പ്രവചനങ്ങളെല്ലാം തള്ളിക്കളയുകയാണ്. തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നു തന്നെയാണ് പാര്‍ട്ടി നേതാക്കള്‍ ആത്മവിശ്വാസത്തോടെ പറയുന്നത്. എന്നാല്‍ മോദി തരംഗത്തിന്റെ പ്രതിഫലനമാണ് എക്‌സിറ്റ് പോളുകളില്‍ തെളിഞ്ഞിട്ടുള്ളതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കോണ്‍ഗ്രസിന് ആരും കാര്യമായ മുന്നേറ്റമൊന്നും പറയുന്നില്ല. എന്നാലും ബിജെപിയുടെ തിരിച്ചുവരവിനും ആം ആദ്മിയുടെ പരാജയത്തിനും കോണ്‍ഗ്രസ് കാരണമാകുകയാണെങ്കില്‍ അത് പ്രതിപക്ഷ സഖ്യത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഡല്‍ഹി തിരഞ്ഞെടുപ്പ് വിവരങ്ങള്‍ വരുന്നതനുസരിച്ച് ഈ വാര്‍ത്ത അഴിമുഖം അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.  Delhi assembly election result , BJP, Aam Aadmi Party, Congress 

Content Summary; Delhi assembly election result , BJP, Aam Aadmi Party, Congress

×