February 17, 2025 |

ട്രംപിന് പോന്ന എതിരാളിയാകുമോ കമല?

ബൈഡന് പകരക്കാരെക്കുറിച്ച് ഡെമോക്രാറ്റുകള്‍ ആലോചിക്കുന്നുണ്ട്‌

അമേരിക്കയിലെ ന്യൂ ഓർലിയാൻസിൽ നടന്ന ഒരു സാംസ്കാരിക വേദിയിൽ സംസാരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്. തൻ്റെ ജീവിതകഥയെക്കുറിച്ചും വൈറ്റ് ഹൗസിൽ താൻ നേടിയതായി തോന്നിയ വിജയങ്ങളെ കുറിച്ചും അവർ വാ തോരാതെ സംസാരിച്ചു. അമേരിക്കയുടെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ, ഏഷ്യൻ-അമേരിക്കൻ വൈസ് പ്രസിഡന്റായി ചരിത്രം എഴുതിയ ആ നിമിഷങ്ങൾക്ക് ഒരിക്കൽ കൂടി വേദിയിലി രിക്കുന്ന എല്ലാവരും കേൾവിക്കാരായി. joe biden kamala harris

അതേ സമയം മറ്റൊരിടത്ത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും സുപ്രധാനമായ  ആദ്യഘട്ട സംവാദത്തിൽ ഡോണൾഡ് ട്രംപിന്റെ വായാടിത്തത്തിനു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പതറി നിൽക്കുന്ന 81 കാരനായ ജോ ബൈഡൻ ഡെമോക്രാറ്റുകളെ നിരാശരാക്കുകയാണ്.  എന്നാൽ മറുവശത്ത് കമലാ ഹാരിസിനുള്ള പിന്തുണ വർധിക്കുന്നുമുണ്ട്. ബൈഡന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആശങ്കൾ പെരുകുമ്പോൾ മറു വശത്തു ബൈഡന്റെ പിൻഗാമിയെ തേടുകയാണ് ഡെമോക്രറ്റുകൾ എന്ന അഭ്യൂഹം ശക്തമാകുകയാണ്.

ആദ്യ ടെലിവിഷൻ സംവാദത്തിൽ ദാരുണമായ പ്രകടനം നടത്തിയ പ്രസിഡന്റ് ബൈഡൻ മത്സരത്തിൽ നിന്ന് സ്വയം പിന്മാറണമെന്ന് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ മുഖപ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും ആവശ്യപ്പെട്ടുകഴിഞ്ഞു. അങ്ങനെയെങ്കിൽ ജോ ബൈഡന് ശേഷം ആദ്യ നറുക്ക് വീഴുക കമല ഹാരിസിന് തന്നെയായിരിക്കും. മറുവശത്ത് നിരവധി എതിർപ്പുകളും, നിയമ പ്രശ്നങ്ങളും,  വരെ ശക്തമായിട്ടും ട്രംപ് തന്റെ സ്വാധീനം അമേരിക്ക മുഴുവൻ പടർത്തി കൊണ്ടിരിക്കുകയാണ്. ട്രംപിനെ പോലൊരു സ്ഥാനാർത്ഥിയെ നേരിടാൻ നിലവിലെ വൈസ് പ്രസിഡന്റിന് സാധിക്കുമോ ? ബൈഡന് പകരക്കാരെ തിരയുമ്പോൾ ഷെറോഡ് ബ്രൗൺ, മിഷേൽ ഒബാമ,ഗാവിൻ ന്യുസോം, ജെ ബി പ്രിറ്റ്‌സ്‌കെർ എന്നീ പേരുകൾക്ക് മുമ്പിൽ എന്തുകൊണ്ട് കമല ഹാരിസ് എന്ന പേര് പ്രഥമ പരിഗണനയിൽ എത്തി.

എന്തുകൊണ്ട് കമല ഹാരിസ് ? 

എൻബിസിയുടെ മീറ്റ് ദി പ്രസ്സിൽ, കാലിഫോർണിയയിലെ കോൺഗ്രസ് അംഗം ആദം ഷിഫ് പ്രസിഡന്റിന് മുന്നിലുള്ള രണ്ട് വഴികൾ ചൂണ്ടികാണിച്ചു. ഒന്നുകിൽ തെരഞ്ഞെടുപ്പിൽ വൻതോതിൽ വിജയിക്കണമെന്നും അതല്ലെങ്കിൽ നേതൃത്വം ഏറ്റെടുക്കാൻ കഴിയുന്ന മറ്റൊരാൾക്ക് ഒഴിഞ്ഞ് നൽകണം. നിലവിൽ ട്രംപിനെ പോലൊരു എതിരാളിയെ നേരിടാൻ തക്ക കഴിവുള്ള മറ്റൊരാൾ കമല ഹാരിസ് ആണെന്നും അദ്ദേഹം പരാമർശിച്ചു. എന്നാൽ കമല ഹാരിസിന്റെ പേര് ഉയരുമ്പോൾ ബൈഡൻ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള ചില ഡെമോക്രാറ്റുകൾ തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. 2020 ലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായുള്ള ശ്രമത്തിൽ പരാജയപ്പെട്ട ഒരു വൈസ് പ്രസിഡന്റായാണ് അവർ കമലയെ കണക്കാക്കുന്നത്. ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പും കുറഞ്ഞ അംഗീകാര റേറ്റിംഗുകളുമായി മല്ലിടുകയും ചെയ്തു.

അതേ സമയം ഡൊണാൾഡ് ട്രംപിനെതിരായ മത്സരത്തിൽ കമലാ ഹാരിസ് പ്രസിഡൻ്റ് ബൈഡനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ചില സർവേകൾ സൂചിപ്പിക്കുന്നതായി കമലാ ഹാരിസിൻ്റെ അനുയായികൾ ചൂണ്ടിക്കാട്ടുന്നു. രാജ്യം മുഴുവനുള്ള സ്വീകാര്യതക്ക് പുറമെ യുവ വോട്ടർമാരിൽ കമലക്ക് വ്യക്തമായ സ്വാധീനമുള്ളതായും അവർ അവകാശപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ, സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതും കമലയെ സഹായിക്കുമെന്നും പറയുന്നു. പ്രസിഡന്റ് വരെ പലപ്പോഴും കമലയെ പ്രശംസിച്ചതായും, എന്നാൽ അർഹിക്കുന്ന പരിഗണ കമലക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുതിർന്ന ഡെമോക്രാറ്റിക് സ്ട്രാറ്റജിസ്റ്റും ഹാരിസിൻ്റെ മുൻ കമ്മ്യൂണിക്കേഷൻ ഡയറക്ടറുമായ ജമാൽ സിമ്മൺസ് അഭിപ്രായപ്പെടുന്നതായി ബിബിസി റിപ്പോർട്ട് ചെയുന്നു.

കമലയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ ഉയർന്നു വരുമ്പോൾ പോലും, റിപ്പബ്ലിക്കൻമാരുടെയും ട്രംപിൻ്റെയും പ്രചാരണവും ഗൗരമായി കണക്കിലെടുക്കുകയും, സംവാദത്തിലുണ്ടായ വീഴ്ച മുതൽ പ്രസിഡൻ്റിനു വേണ്ടി ശക്തമായി കളത്തിലിറങ്ങുകയുമാണ് കമലയെന്ന് സിമ്മൺസ് ബിബിസിയോട് പ്രതികരിച്ചു. തന്റെ ഷെഡ്യൂൾ മാറ്റിക്കൊണ്ട് ബൈഡനു വേണ്ടി മീറ്റിങ്ങുകൾക്കും മറ്റും സജീവമായിക്കൊണ്ടിരിക്കുകയാണ്. കമലക്ക് പിന്നാലെ ബൈഡന്റെ പിൻഗാമിയെന്ന നിലയിൽ പ്രമുഖ ഗവർണർമാരുടെ ഒരു പട്ടിക തന്നെ ഉയർന്നു കേൾക്കുന്നുണ്ട്. മിഷിഗനിലെ ഗ്രെച്ചൻ വിറ്റ്മർ, കാലിഫോർണിയയിലെ ഗാവിൻ ന്യൂസോം, പെൻസിൽവാനിയയിലെ ജോഷ് ഷാപ്പിറോ, ഇല്ലിനോയിയിലെ ജെബി പ്രിറ്റ്‌സ്‌കർ, ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ്, കാലിഫോർണിയയിലെ കോൺഗ്രസ് അംഗം റോ ഖന്ന എന്നിവരും സാധ്യതയുള്ള  പേരുകളാണ്.

ഈ ചർച്ചകളിൽ ഇതുവരെയും കമലയും, അവരുടെ ജീവനക്കാരും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. എങ്കിൽ പോലും പാർട്ടിക്കുള്ളിൽ നടക്കുന്ന സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ച് അവർക്ക് ധാരണയുണ്ട്. ഡെമോക്രാറ്റിക് പ്രവർത്തകർ എഴുതിയതെന്ന് കരുതപ്പെടുന്ന ഓൺലൈനിൽ പ്രചരിച്ച ഒരു മെമ്മോ, “യഥാർത്ഥ രാഷ്ട്രീയ ബലഹീനതകൾ” ഉണ്ടായിരുന്നിട്ടും കമലയെ പിന്തുണയ്ക്കാൻ വാദിച്ചിരുന്നു. മറ്റാരെയെങ്കിലും തെരഞ്ഞെടുക്കുന്നത് പ്രചാരണത്തിൽ അരാജകത്വമുണ്ടാക്കുമെന്നും മാധ്യമങ്ങളിൽ നീണ്ടുനിൽക്കുന്ന ചേരിപ്പോരിലേക്ക് നയിക്കുമെന്നും അതിൽ പറയുന്നു. ബൈഡൻ പടിയിറങ്ങുകയാണെങ്കിൽ, കമലയെ മറികടന്ന് മറ്റൊരാളെ തെരഞ്ഞെടുത്തത്, പല ഡെമോക്രാറ്റുകളും, പ്രത്യേകിച്ച് ഇടതുപക്ഷവും സ്വാധീനമുള്ള ബ്ലാക്ക് കോക്കസിലുള്ളവരും, അസ്വസ്ഥരാകും. കമലയെ പാർട്ടി മറികടക്കരുതെന്ന് പ്രമുഖ കറുത്ത വർഗക്കാരനായ കോൺഗ്രസ് അംഗം ജിം ക്ലൈബേൺ പറയുന്നു. കമല ബൈഡന് പകരക്കാരിയായ മുൻനിര സ്ഥാനാർത്ഥിയാകുമെന്ന് റിപ്പബ്ലിക്കൻമാരും സമ്മതിച്ചിട്ടുണ്ട്.

പല ഡെമോക്രാറ്റുകളും, ബൈഡനെക്കാൾ ട്രംപിനെ തോൽപ്പിക്കാൻ കമല ഹാരിസിന് മികച്ച അവസരമുണ്ടോ എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഇതിനെ അനുയായികൾ പ്രതിരോധിക്കുന്നത് സിഎൻഎൻ വോട്ടെടുപ്പിന്റെ ഫലം നിരത്തിയാണ്. കമല, ട്രംപിന് രണ്ട് പോയിൻ്റ് പിന്നിലാക്കിയപ്പോൾ ബിഡൻ ആറ് പോയിൻ്റ് പിന്നിലാണെന്നും വോട്ടെടുപ്പ് കാണിക്കുന്നു. സ്വതന്ത്ര വോട്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും കമലക്ക് കൃത്യമായ സ്വാധീനം ഉണ്ടെന്ന് പറയുന്നു. എന്നാൽ പല പോളിംഗ് വിദഗ്ധരും അത്തരം സാങ്കൽപ്പിക സർവേകളെ തള്ളിക്കളയുന്നു, പ്രസിഡന്റ്റ് യഥാർത്ഥത്തിൽ മാറിനിൽക്കാൻ തീരുമാനിക്കുകയും ഡെമോക്രാറ്റുകൾ മറ്റ് സാധ്യതയുള്ള സ്ഥാനാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ വോട്ടർമാരുടെ വികാരം മാറുമെന്ന് അവർ ചൂണ്ടിക്കാട്ടി. joe biden kamala harris

Content summary; Democrats look to Kamala Harris after Biden, but it is still in doubt if she can beat Trump

×