ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തത് മൂലം അവശ്യം വേണ്ട ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ മിക്ക അങ്കണവാടികള്‍ക്കും സാധിക്കുന്നില്ല.
നോട്ട് നിരോധന തീരുമാനത്തിന്റെ കരാളഹസ്തം ഇന്ത്യയുടെ ഗ്രാമീണമേഖലയെ ആക്രമിച്ച് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനം എന്ന് വിളിക്കപ്പെടുന്ന സംയോജിത ശിശുവികസന പരിപാടിയെ (ഐസിഡിഎസ്) തീരുമാനം പ്രതികൂലമായി ബാധിച്ചതിന്റെ കഥകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. മുന്‍മാസങ്ങളെ അപേക്ഷിച്ച് നവംബര്‍ മാസത്തില്‍ അങ്കണവാടികളില്‍ നിന്നും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരത്തില്‍ ആറു ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്ന് ഐസിഡിഎസ് പുറത്തിറക്കിയ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ധാന്യങ്ങളും പച്ചക്കറികളും ലഭിക്കാത്ത 16 ലക്ഷം കുട്ടികളാണ് ഇപ്പോള്‍ ഉള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് വൈദ്യപരിശോധനകളും പ്രതിരോധകുത്തിവെപ്പുകളും ലഭ്യമാക്കാനും സാധിച്ചിട്ടില്ല. രാജ്യത്ത് ആറു വയസില്‍ താഴെയുള്ള മൊത്തം കുട്ടികളില്‍ അമ്പത് ശതമാനത്തിലേറെ വിളര്‍ച്ചയും പോഷാകാഹരക്കുറവും നേരിടുന്ന ഇന്ത്യയിലാണ് ഈ സ്ഥിതിയെന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
അങ്കണവാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളുടെ ഹാജര്‍ നിലയില്‍ 16 ശതമാനവും പെണ്‍കുട്ടികളുടെ ഹാജര്‍ നിലയില്‍ 14 ശതമാനവുമാണ് നവംബര്‍ മാസത്തെ ഇടിവ്. കാലാകലങ്ങളില്‍ പദ്ധതിക്ക് അനുവദിച്ചിരുന്ന ഫണ്ടില്‍ സംഭവിച്ച ഇടിവിനൊപ്പം നോട്ട് നിരോധനം കൂടി വന്നതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തത് മൂലം അവശ്യം വേണ്ട ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ മിക്ക അങ്കണവാടികള്‍ക്കും സാധിക്കുന്നില്ല. പലപ്പോഴും കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നതെന്ന് രാജ്യത്തെമ്പാടുമുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ പറയുന്നു.
കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല അങ്കണവാടി പ്രവര്‍ത്തനങ്ങളിലുള്ള തിരിച്ചടി പ്രതികൂലമായി ബാധിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്ന പോഷാകാഹാര പദ്ധതിയിലും തിരിച്ചടി നേരിടുകയാണ്. വിളര്‍ച്ചയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള വലിയ നടപടികളില്‍ ഒന്നാണ് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വിതരണം ചെയ്യുന്ന പോഷകാഹാരം. അങ്കണവാടികളില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പോഷാകാഹരം നവംബര്‍ മാസത്തില്‍ പത്തുശതമാനം കണ്ട് കുറഞ്ഞതായി വനിത, ശിശുവികസന മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. പണമില്ലാത്ത് മൂലം ഗര്‍ഭിണികള്‍ക്ക് മതിയായ പോഷകാഹാരം നല്‍കാന്‍ സാധിക്കുന്നില്ലെന്നാണ് അങ്കണവാടി പ്രവര്‍ത്തകര്‍ പറയുന്നത്. മണിക്കൂറുകള്‍ നീണ്ട ക്യൂവിനൊടുവില്‍ വെറും പതിനായിരം രൂപ മാത്രമാണ് ഗ്രാമീണ ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്നതെന്നും അവര്‍ പറയുന്നു. അതിനാല്‍ തന്നെ ലഭ്യമായകുന്ന തുക ഉപയോഗിച്ച് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനാണ് പല അങ്കണവാടികളും മുന്‍ഗണന നല്‍കുന്നത്. ഉടനെയൊന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചില അങ്കണവാടി പ്രവര്‍ത്തകര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.