June 14, 2026 |
Share on

ചിന്നിച്ചിതറിയ മൃതദേഹങ്ങൾ ദേവിക്ക് പുതിയ കാഴ്ച്ചയല്ല; ജീവിത പാളത്തിലെ വേറിട്ട യാത്ര

ട്രെയിൻ തട്ടി പലഭാ​ഗങ്ങളിലേക്ക് തെറിച്ച് പോകുന്ന ശരീരഭാ​ഗങ്ങൾ പെറുക്കി കൂട്ടുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. എങ്കിലും, അവരും ജീവിച്ചിരുന്ന മനുഷ്യർ തന്നെ ആണല്ലോ..

ട്രെയിൻ തട്ടിയുള്ള മരണത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഒന്നാണ് ചിന്നിച്ചിതറിയ മൃതദേഹങ്ങൾ. ശരീരത്തിന്റെ ഭാ​ഗങ്ങൾ പലപ്പോഴും ദൂരേക്ക് ചിതറിപ്പോകും. ഈ മൃതദേഹങ്ങൾ എടുക്കാൻ വരുന്നവരെ പറ്റി ചിന്തിക്കാറുണ്ടോ?, അവരുടെ മാനസികാവസ്ഥ, പല സ്ഥലങ്ങളിൽ നിന്നായി ഒരു മനുഷ്യശരീരത്തിന്റെ പലഭാ​ഗങ്ങൾ പെറുക്കി കൂട്ടുമ്പോഴുണ്ടാകുന്ന നടുക്കം!!. ഈ നടുക്കത്തിലൂടെ വർഷങ്ങളായി കടന്നുപോകുന്ന ഒരു സ്ത്രീയുണ്ട് പട്ടാമ്പിയിൽ, ദേവി എന്ന ദേവിക. പട്ടാമ്പി റെയിവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിക്കുന്ന ആളുകളുടെ മൃതദേഹങ്ങൾ എടുക്കുന്നത് ദേവിയാണ്. 15 വർഷത്തോളമായി വേതനമൊന്നും കൈപ്പറ്റാതെ ദേവി ഈ സേവനം ചെയ്യുന്നു.Devi, a woman from Pattambi, helps collect dead bodies from the railway tracks

”ട്രെയിൻ തട്ടിയുള്ള മരണങ്ങൾ നമുക്ക് സഹിക്കാൻ പറ്റാത്ത രീതിയിലുള്ളതാണ്. ട്രെയിൻ തട്ടി പലഭാ​ഗങ്ങളിലേക്ക് തെറിച്ച് പോകുന്ന ശരീരഭാ​ഗങ്ങൾ പെറുക്കി കൂട്ടുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. എങ്കിലും, അവരും ജീവിച്ചിരുന്ന മനുഷ്യർ തന്നെ ആണല്ലോ.. ചിന്നിച്ചിതറി ഒന്നുമല്ലാത്ത അവസ്ഥയിൽ അവരെ നാലാമതൊരാൾ കാണരുത് എന്ന ആ​ഗ്രഹത്തിലാണ് ഇതൊക്കെ ചെയ്യുന്നത്.” ദേവി പറയുന്നു.

devi pattambi

മരണം സംഭവിച്ച് റെയിൽവേ ട്രാക്കിൽ എത്തിയാൽ ആദ്യം ചെയ്യുക മൃതദേഹം ട്രാക്കിൽ നിന്ന് മാറ്റുകയാണ്. പിന്നീട് കിട്ടിയ ഭാ​ഗങ്ങളെല്ലാം ഒന്നിച്ച് ചേർത്ത് ആശുപത്രിയിൽ എത്തിക്കുന്നത് വരെ ദേവി കൂടെയുണ്ടാകും. ഈ കാലത്തിനിടെ നൂറിലധികം മൃതദേഹങ്ങളാണ് ദേവിയുടെ കൈകളിലൂടെ കടന്ന് പോയിട്ടുള്ളത്.

”17 വയസുള്ള കുട്ടിയുടെ മൃതദേഹം എടുക്കാൻ പോയിരുന്നു. അവന്റെ ശരീരഭാ​ഗങ്ങൾ അരകിലോമീറ്റർ അകലെ നിന്ന് പോലും ലഭിച്ചിട്ടുണ്ട്. പറ്റുന്ന പോലെ കിട്ടിയ ഭാ​ഗങ്ങളൊക്കെ ചേർത്ത് വച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.” ദേവി കൂട്ടിച്ചേർത്തു.

റെയിൽവേ ട്രാക്കിലെ ചിന്നിച്ചിതറിയ മൃതദേ​ഹങ്ങൾക്ക് മുന്നിൽ ദേവി ഒരിക്കലും മടിച്ചുനിന്നിട്ടില്ല. മൃതദേഹമെടുക്കാൻ ഒറ്റ ഫോൺകോളിൽ ചേച്ചി ഓടിയെത്തും. 55-ാം വയസ്സിലും ഈ സൗജന്യ സേവനം തുടരുകയാണ്. റെയിൽ വേ ട്രാക്കിൽ മരണം നടന്നാൽ പോലീസോ, സ്റ്റേഷൻ മാസ്റ്ററോ, ആരാണെങ്കിലും ആദ്യം വിളിക്കുക ദേവിയെയാണ്. പാതിരാത്രിയെന്നോ, പകലെന്നോ നോക്കാതെ ഏതു നേരത്തും അവിടെ ഓടിയെത്താൻ ദേവിക്ക് കഴിയാറുണ്ട്.

”ട്രെയിൻ അത്രയും വേ​ഗത്തിൽ വരികയല്ലെ.. അതിനു മുന്നിൽ പെട്ടാൽ പിന്നെ തിരികെ കിട്ടാൻ ഒന്നും ഉണ്ടാകില്ല. തല ഒരിടത്തു നിന്നും, കൈ കാലുകൾ മറ്റെവിടെ നിന്നെങ്കിലുമൊക്കെയാണ് കിട്ടുക. തല അറ്റ് അര കിലോമീറ്റർ അകലെ നിന്ന് കിട്ടിയ സംഭവങ്ങളും, കുടൽ മാത്രം ഒരിടത്ത് നിന്ന് കിട്ടിയ സംഭവങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്.” ദേവി പറഞ്ഞു.

പുരുഷന്മാർ പോലും പലപ്പോഴും മടിച്ച് നിൽക്കുന്ന സമയമാണ് റെയിൽ പാളത്തിലെ മൃതദേഹങ്ങൾ എടുക്കുക എന്നത്, കാരണം അത് അത്രത്തോളം കാണാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാഴ്ച്ചയാണ്. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദേവി എത്തുന്നത്.

devi pattambi

പലപ്പോഴും സ്ത്രീകൾ വൈകാരികമായി പെരുമാറുന്നവരാണെന്ന ധാരണ സമൂഹത്തിലുണ്ട്. എന്നാൽ ആ ധാരണ തീർത്തും തെറ്റാണെന്ന് തെളിയിക്കുകയാണ് ദേവിയെ പോലുള്ള സ്ത്രീകൾ.

തന്റെ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ ആരും തന്നെ എതിർപ്പുമായി എത്തിയിട്ടില്ല, എല്ലാവരും പിന്തുണയ്ക്കാറാണ് പതിവ്. അതുകൊണ്ട് കൂടിയാണ് ഇത്ര നന്നായി ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും ദേവി വ്യക്തമാക്കി.

ഏകദേശം 30 വർഷങ്ങൾക്ക് മുൻപാണ് ദേവിയും ഭർത്താവ് ജയദേവനും പട്ടാമ്പിയിലേക്ക് എത്തുന്നത്. അന്നുമുതൽ പട്ടാമ്പിക്കാർക്ക് എന്ത് സഹായത്തിനും ദേവിയുണ്ട്. അഖിലേന്ത്യാ തലത്തിൽ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിറ്റിക്കൽ 24×7 സംഘടനയിൽ സജീവ സാന്നിധ്യമായ ഇവർ പട്ടാമ്പി പെയിൻ ആൻഡ് പാലിയേറ്റീവിന്റെയും പ്രവർത്തകയാണ്. Devi, a woman from Pattambi, helps collect dead bodies from the railway tracks

content summary; Devi, a woman from Pattambi, helps collect dead bodies from the railway tracks

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×