കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ധാരാവി നിവാസികളെ, മുംബൈയിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദിയോനർ ലാൻഡ്ഫിൽ ഗ്രൗണ്ടിലേക്ക് മാറ്റി പാർപ്പിക്കാനുള്ള പദ്ധതിക്ക് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയത്. എന്നാൽ അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും സംയുക്തമായി നടത്തുന്ന ഒരു വികസനപദ്ധതിയുടെ ഭാഗമായിട്ടാണ് ഒരു ലക്ഷത്തോളം ധാരാവി നിവാസികളെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയാനുള്ള നീക്കമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണാത്മക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയ ഈ സ്ഥലംമാറ്റ പദ്ധതി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നിശ്ചയിച്ചിട്ടുള്ള പരിസ്ഥിതി നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ രേഖകൾ, സ്ഥലം സന്ദർശനങ്ങൾ, ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങൾ എന്നിവ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
ദിയോനർ ഡമ്പിംഗ് ഗ്രൗണ്ട്
മുംബൈ നഗരത്തിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ദിയോനർ ഡമ്പിംഗ് ഗ്രൗണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 22 മീഥേൻ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായാണ് ദിയോനറിനെ കണക്കാക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് സമർപ്പിച്ച 2024 ലെ സിബിസിബി റിപ്പോർട്ട് അനുസരിച്ച്, ദിയോണർ ലാൻഡ്‌ഫില്ലിൽ നിന്ന് ഓരോ മണിക്കൂറിലും ശരാശരി 6,202 കിലോഗ്രാം മീഥേനാണ് പുറന്തള്ളപ്പെടുന്നത്.
സിപിസിബിയുടെ 2021 ലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, അടച്ചിട്ട മാലിന്യക്കൂമ്പാരത്തിൽ ആശുപത്രികളോ വീടുകളോ സ്കൂളുകളോ ഒന്നും തന്നെ നിർമ്മിക്കാൻ കഴിയില്ല. മാത്രമല്ല, മാലിന്യക്കൂമ്പാരത്തിന്റെ അതിർത്തിക്ക് ചുറ്റും 100 മീറ്റർ വികസന നിരോധിത മേഖലയും ഉണ്ടായിരിക്കണം. ധാരാവിയിലെ താമസക്കാരെ ദിയോനർ മാലിന്യക്കൂമ്പാരത്തിലേക്ക് മാറ്റാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതും അതുകൊണ്ട് തന്നെയാണ്.
എന്താണ് ധാരാവി പുനർവികസന പദ്ധതി?
ധാരാവിയുടെ 600 ഏക്കർ സ്ഥലത്ത് നിന്ന് 296 ഏക്കറാണ് ധാരാവി പുനർവികസന പദ്ധതിക്കായി (ഡിആർപി) നീക്കിവച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ മെച്ചപ്പെട്ട ഭവനങ്ങളും സേവനങ്ങളുമുള്ള ഒരു ആധുനിക നഗരപ്രദേശമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും സിഇഒയുമായ എസ്.വി.ആർ ശ്രീനിവാസാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. നവഭാരത് മെഗാ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എൻ.എം.ഡി.പി.എൽ) ആയിരിക്കും ഇത് നടപ്പിലാക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് 80 ശതമാനവും സംസ്ഥാന ഭവന വകുപ്പിന്റെ ചേരി പുനരധിവാസ അതോറിറ്റിക്ക് 20 ശതമാനവും ഉടമസ്ഥതയുള്ള സംയുക്ത സംരംഭമാണിത്.
ശ്രീനിവാസ് ആണ് എൻ.എം.ഡി.പി.എല്ലിന്റെ ചെയർമാൻ. മുംബൈ മുനിസിപ്പൽ കമ്മീഷണർ ഭൂഷൺ ഗഗ്രാനിയാണ് ഡയറക്ടർ. അദാനി എന്റർപ്രൈസസിലെ ഡയറക്ടർ കൂടിയായ പ്രണവ് അദാനി ഉൾപ്പെടെ ഒമ്പത് ബോർഡ് അംഗങ്ങളും വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിൽ നിന്നുള്ള എട്ട് മുതിർന്ന എക്സിക്യൂട്ടീവുകളും ഇതിൽ ഉൾപ്പെടുന്നു.
2025 ന്റെ രണ്ടാം പകുതിയിൽ നിർമ്മാണം ആരംഭിക്കുമെന്നും ധാരാവിക്കകത്തും പുറത്തുമുള്ള താമസക്കാരുടെ പുനരധിവാസം പൂർത്തിയാക്കാൻ എൻഎംഡിപിഎല്ലിന് ഏഴ് വർഷത്തെ സമയപരിധിയുണ്ടെന്നും ശ്രീനിവാസ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ധാരാവി പുനർവികസന പദ്ധതി പ്രകാരം, താമസക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. 2000 ജനുവരി ഒന്നിനോ അതിനുമുമ്പോ വീടുകൾ നിർമ്മിച്ചവരാണ് അർഹരായ ഗുണഭോക്താക്കൾ. അതായത് ഈ ഗ്രൂപ്പിലെ ഏകദേശം 1.5 ലക്ഷം ആളുകൾക്ക് ധാരാവിയിൽ സൗജന്യമായി വീടുകൾ ലഭിക്കും.
2000ത്തിന് ശേഷമുള്ളവരെ യോഗ്യതയില്ലാത്ത ഗുണഭോക്താക്കളായി കണക്കാക്കുന്നു. ഏകദേശം 50,000 മുതൽ 1 ലക്ഷം വരെ ജനങ്ങൾക്ക് ദിയോനർ ഡമ്പിലെ ഭൂമിയിൽ കുറഞ്ഞ നിരക്കിൽ വാടക വീടുകൾ നൽകും.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം, 2024 സെപ്റ്റംബർ 27ന് ദിയോനർ ലാൻഡ്‌ഫില്ലിന്റെ 124 ഏക്കർ പദ്ധതിക്കായി മുൻസിപ്പൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ഗുണഭോക്തൃ സർവേ പൂർത്തിയായിക്കഴിഞ്ഞാൽ ഈ ഭൂമി എൻഎംഡിപിഎല്ലിന് കൈമാറും. ഈ 124 ഏക്കർ സ്ഥലത്ത് ഇപ്പോഴും 80 ലക്ഷം മെട്രിക് ടൺ മാലിന്യം ഉണ്ടെന്നാണ് റിപ്പോർട്ട്.
ധാരാവി പുനർവികസന പദ്ധതിക്ക് ഏകദേശം 200–300 ഏക്കർ ആവശ്യമാണെന്നും മുംബൈയിലെ ഭൂമി ലഭ്യതയിലെ കുറവ് കാരണമാണ് ദിയോനർ ലാൻഡ്‌ഫിൽ സൈറ്റ് തിരഞ്ഞെടുത്തതെന്നും എസ് വി ആർ ശ്രീനിവാസ് പറഞ്ഞു. ദിയോനർ പോലുള്ള അപകടകരമായ ഒരു മാലിന്യക്കൂമ്പാരം പദ്ധതിക്കായി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് അദാനി ഗ്രൂപ്പിന് വിശദമായ ഒരു ചോദ്യാവലി അയച്ചിരുന്നു. എന്നാൽ അദാനി ഗ്രൂപ്പ് അതിൽ പ്രതികരണം നൽകാൻ തയ്യാറായില്ലായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ധാരാവി പുനർവികസന പദ്ധതിക്കായി ദിയോനർ ലാൻഡ്‌ഫിൽ വൃത്തിയാക്കേണ്ടതുണ്ട് എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ അതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദിയോനറിൽ വീടുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള മറ്റൊരു ആശങ്ക എന്നത് രണ്ട് പവർ പ്ലാന്റുകളുടെ സാമീപ്യമാണ്. 2018 ൽ അംഗീകരിച്ച മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന (WTE) പ്ലാന്റും 2023 ൽ അംഗീകരിച്ച ഒരു ബയോ-സിഎൻജി പ്ലാന്റും. ഭവന നിർമ്മാണ സ്ഥലത്ത് നിന്ന് 50 മീറ്ററിൽ താഴെയായിരിക്കും WTE പ്ലാന്റ് സ്ഥിതി ചെയ്യുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു . മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അത്തരം പ്ലാന്റുകൾ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് കുറഞ്ഞത് 300–500 മീറ്റർ അകലെയായിരിക്കണം.
പുനർവികസന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ആഘാത വിലയിരുത്തൽ നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ചേരി പുനരധിവാസ അതോറിറ്റിയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡും ഇക്കാര്യം സ്ഥിരീകരിച്ചതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. നിർമാണം ആരംഭിക്കുന്നതിന് മുൻപ് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷിക്കുമെന്നാണ് എൻ.എം.ഡി.പി.എല്ലിന്റെ ചെയർമാനായ ശ്രീനിവാസ് മറുപടി നൽകിയിരിക്കുന്നത്. മലിനീകരണ മാനദണ്ഡങ്ങൾ ലംഘിച്ച് ധാരാവി നിവാസികളെ പവർ പ്ലാന്റിന് അടുത്തേക്ക് മാറ്റുന്നതെന്തിനെന്ന ചോദ്യത്തിനും അദാനി ഗ്രൂപ്പ് പ്രതികരിക്കാൻ തയ്യാറായിട്ടില്ലായെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Summary: Dharavi Redevelopment Project by Adani Group and Maharashtra Government throws Dharavi residents into garbage dump