ധര്‍മസ്ഥല കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെങ്കിലും, അവരില്‍ നിന്നും കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമോ എന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ആരോപണങ്ങള്‍ ധര്‍മസ്ഥല ക്ഷേത്ര ട്രസ്റ്റിനെ നേരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ വഴി അന്വേഷകര്‍ പോകാനുള്ള സാധ്യതയാണ്, കേസ് പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംശയിക്കുന്നത്. അതിനുള്ള പ്രധാന കാരണം ധര്‍മസ്ഥലയിലെ ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപിയിലും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിലും ഒരുപോലെയുള്ള സ്വാധീനമാണ്.
പ്രാദേശിക തലമുതല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ വരെ ബന്ധമുണ്ട് ഹെഗ്ഗഡെയ്‌ക്കെന്നാണ് വിവരം. അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാരിലും. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണാധികാരികള്‍ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് വേണ്ടിയാണ് വാദങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളതെന്ന് ശ്രദ്ധിക്കണം.
ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വന്ന് കഴിഞ്ഞിട്ടും സിദ്ധരാമയ്യ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടത്തിയ മെല്ലപ്പോക്ക് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയിട്ടിരുന്നു. എല്ലാ കോണുകളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായശേഷമാണ്, ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്ന നിലപാടില്‍ നിന്നുകൊണ്ട് ഒടുവില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്.
അന്വേഷണ സംഘത്തില്‍ തുടക്കം മുതല്‍ കല്ലുകടിയാണ്. സംഘത്തില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥരില്‍ രണ്ടു പേര്‍ അന്വേഷണം തുടങ്ങും മുന്‍പേ പിന്മാറി. സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണോ, അതോ തങ്ങള്‍ക്ക് താത്പര്യമുള്ളവരെ കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നതുകൊണ്ടാണോ അവര്‍ ഒഴിഞ്ഞതെന്ന് വ്യക്തമല്ല. എന്തായാലും ഇത്തരം പിന്മാറ്റങ്ങള്‍ അന്വേഷണ സംഘത്തെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക കളങ്കമുണ്ടാക്കിയിട്ടുണ്ടെന്ന് വിമര്‍ശനമുണ്ട്.
സര്‍ക്കാരിലെ പ്രമുഖരാകട്ടെ, ഇരകളുടെ നീതി ഉറപ്പാക്കുന്നതിനെക്കാള്‍ വ്യഗ്രത കാണിക്കുന്നത്, വിരേന്ദ്ര ഹെഗ്ഗഡെയ്ക്കും ക്ഷേത്രത്തിനും പേര് ദോഷം വരാതിരിക്കാനാണ് എന്നാണ് ആക്ഷേപം.
കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റും സംസ്ഥാന ഉപ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറില്‍ നിന്നും ഇരകളുടെ നീതി ഉറപ്പാക്കുമെന്ന തരത്തില്‍ ഉറച്ച പ്രഖ്യാപനങ്ങളൊന്നും കേട്ടില്ലെങ്കിലും, ഹെഗ്ഗഡെയ്ക്കു വേണ്ടി അദ്ദേഹം പഞ്ച് ഡയലോഗ് അടിച്ചിട്ടുണ്ട്. ‘ നൂറു കണക്കിന് ഡികെ ശിവകുമാര്‍മാര്‍ ഹെഗ്ഗഡെയ്‌ക്കൊപ്പം ഉണ്ടാകും’ എന്നാണ് ധര്‍മാധികാരിയെ സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന് ഉറപ്പ് കൊടുത്തത്. ഇതേ ഉറപ്പ് നീതി തേടുന്ന മറുഭാഗത്തിന് ഡികെയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് വിമര്‍ശനം.
ഉപമുഖ്യമന്ത്രി മാത്രമല്ല, സംസ്ഥാന ആഭ്യന്തര മന്ത്രിയും ഹെഗ്ഗഡെയ്ക്ക് ഒപ്പമുണ്ടെന്ന സൂചന കൊടുത്തിട്ടുണ്ടെന്നാണ് ആക്ഷേപം. ആഭ്യന്തര മന്ത്രി ജി പരമേശ്വരയും ഹെഗ്ഗഡെയുടെ സഹോദരന്‍ സുരേന്ദ്ര കുമാറുമായുള്ള കൂടിക്കാഴ്ച്ചയാണ് കൂടുതല്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടവരുത്തിയിരിക്കുന്നത്.
സ്പീക്കര്‍ യു ടി ഖാദറിന്റെ അഭ്യര്‍ത്ഥന, ധര്‍മസ്ഥല ക്ഷേത്രത്തിന്റെയും ഹെഗ്ഗഡെയുടെയും പേര് കളങ്കപ്പെടുത്തരുതെന്നായിരുന്നു. ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ഉറപ്പാക്കുന്നതിനെ കുറിച്ച് ഒരു വാക്ക് പോലും ഖാദര്‍ പറഞ്ഞിട്ടില്ലെന്നാണ് അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സര്‍ക്കാരിലെ ഉന്നതര്‍ തന്നെ ഒരു ഭാഗത്തിന് അനുകൂലമായി നില്‍ക്കുമ്പോള്‍ നിഷ്പക്ഷമായ അന്വേഷണം എങ്ങനെ പ്രത്യേക സംഘം നടത്തുമെന്നാണ് ചോദ്യം.
കോണ്‍ഗ്രസും ബിജെപിയും കൂടാതെ, കര്‍ണാടക ഭരിച്ചിരുന്ന ജെഡിഎസിലും ഹെഗ്ഗഡെയ്ക്ക് സ്വാധീനമുണ്ടെന്നാണ് വിവരം. രാഷ്ട്രീയക്കാര്‍ തിരഞ്ഞെടപ്പ് ഫണ്ടിന് അടക്കം ഹെഗ്ഗഡെയെ അവര്‍ സമീപിക്കാറുണ്ട്. അതിന്റെ നന്ദിയാണ് തിരിച്ചു കാണിക്കുന്നതെന്നാണ് ജനങ്ങളടക്കം ഉന്നയിക്കുന്ന ആക്ഷേപം. Dharmasthala burial case; Questions being raised against the state government and the investigation team
Content Summary; Dharmasthala burial case; Questions being raised against the state government and the investigation team
Leave a Comment