ധർമസ്ഥലയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ശൂചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലുകൾക്ക് വ്യക്തത വരുത്താനുള്ള പൊലീസ് നടപടികൾക്ക് തുടക്കം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് മുൻ ശുചീകരണത്തൊഴിലാളി പറഞ്ഞ സ്ഥലങ്ങൾ പ്രത്യേക അന്വേഷണസംഘം മാർക്ക് ചെയ്തു. 15 ഇടങ്ങളാണ് അന്വേഷണസംഘം അടയാളപ്പെടുത്തിയത്.
നേത്രാവതി പുഴയുടെ സ്നാന ഘട്ടത്തിന് സമീപം എട്ടു സ്ഥലങ്ങളിലായും സംസ്ഥാനപാതയിൽ നിന്നും 50 മീറ്റർ അകലെ 4 സ്ഥലങ്ങളിലുമായി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി പൊലീസിനോട് വെളിപ്പെടുത്തി. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ്, ശേഷിക്കുന്ന രണ്ടെണ്ണം ഹൈവേയ്ക്ക് സമീപമുള്ള കന്യാടി പ്രദേശത്താണ്. സ്ഥലങ്ങൾ ജിയോ ടാഗ് ചെയ്ത അന്വേഷണ സംഘം ഡിജിപി യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തുടർ നടപടികൾ തീരുമാനിക്കും. സംസ്ഥാന പാതയ്ക്ക് 50 മീറ്റർ അടുത്തുപോലും മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ 2 ദിവസവും മുൻ ശുചീകരണത്തൊഴിലാളിയുടെ മൊഴി വിശദമായി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മൊഴി പൂർണമായും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ വിശ്വാസത്തിലെടുക്കാത്ത അന്വേഷണസംഘം മുൻ ജീവനക്കാരന്റെ മൊഴി വിശകലനം ചെയ്തതിന് പിന്നാലെയാണ് സ്ഥലം കുഴിച്ച് പരിശോധിക്കണമെന്ന തീരുമാനത്തിലെത്തിയത്
ധർമസ്ഥല ക്ഷേത്രത്തിന് സമീപത്തെ അരുവിയോട് ചേർന്നുള്ള ഭാഗത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്ന് മൊഴിയിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മുൻ ജീവനക്കാരനെ അവിടെയെത്തിച്ച് സ്ഥലങ്ങൾ കാണിച്ചു തരാൻ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്.
മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മംഗളൂരുവിലെ മല്ലികാട്ടെ പിഡബ്ലുഡി ഇന്റലിജൻസ് ഓഫീസിൽ എസ്ഐടി ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഇയാൾ ഹാജരായിരുന്നു. സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഡിജിപി പ്രണബ് മൊഹാന്തിയും ഇന്നലെ മംഗളൂരുവിലെത്തി ഇയാളെ സന്ദർശിച്ചിരുന്നു. സാക്ഷിയായ പരാതിക്കാരൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജൂലൈ നാലിനാണ് ധർമ്മസ്ഥല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ജൂലൈ 19നാണ് സംസ്താന സർക്കാർ എസ്ഐടി രൂപീകരിക്കുന്നത്
content summary: Dharmasthala mass burial case, the whistleblower has identified 15 sites near the Netravati River