ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ ഏകദേശം 45 വര്‍ഷമായി കോണ്‍ഗ്രസ് അനുഭാവിയായി ജീവിച്ച എനിക്ക് കോണ്‍ഗ്രസുകാര്‍ തന്നെ പ്രതിഫലമാണ്, കോണ്‍ഗ്രസുകാര്‍ തന്നെ ഇല്ലാതാക്കിയ ഞങ്ങളുടെ മകന്‍ ധീരജിന്റെ വേര്‍പാട്. എന്റെ മനസ്സിനേറ്റ ഉണങ്ങാത്ത മുറിവിന് കോണ്‍ഗ്രസ് മറുപടി പറയണം’ ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ അഴിമുഖത്തോട് പ്രതികരിച്ചു.
‘ഞാന്‍ പലതവണ വോട്ട് ചെയ്ത് വിജയിപ്പിച്ച കെ സുധാകരന്‍ പറഞ്ഞത് ഇരന്നുവാങ്ങിയ മരണം എന്നാണ്. കൊന്നിട്ടും അവനോടുള്ള പക തീര്‍ന്നിട്ടില്ല. അവനെ കൊന്നിട്ട് നിങ്ങളെന്ത് നേടി. എന്റെ പൊന്ന് മോനെ കുത്തമലര്‍ത്തിയ കത്തിയുണ്ടെങ്കില്‍ കൊണ്ടുവരൂ… ഞങ്ങളെ കൂടി കൊല്ലൂ കോണ്‍ഗ്രസേ… എവിടെ വരണമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ വരാം. അത്രയ്ക്ക് വേദനയുണ്ട്. മൂന്നര വര്‍ഷമായി മൂന്ന് ജീവനുകളാണ് ജീവച്ഛവമായി കഴിയുന്നത്’ ധീരജിന്റെ അച്ഛന്‍ പറഞ്ഞു.
‘മൂന്നരവര്‍ഷമായി ഞങ്ങള്‍ അനുഭവിക്കുന്ന വേദനയും ദുഃഖവും ഒന്നുകൂടി ആളിക്കത്തുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ പ്രകടനത്തില്‍ പ്രതികരിച്ചത്. ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ മുക്കിയിട്ടില്ല അത് ഇനിയും മിനുക്കി എടുത്താല്‍ അരദിവസത്തെ സമയം കൊണ്ട് ഡിവൈഎഫ്‌ഐ യെയും ആ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയും എന്നായിരുന്നു പറഞ്ഞത്. അന്ന് കൊലപാതകം നിഷേധിച്ചവര്‍ ഇന്ന് തങ്ങളാണ് ചെയ്തതെന്ന് ഏറ്റുപറയുകയാണ്’ രാജേന്ദ്രന്‍ പറയുന്നു.
ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കൊലവിളി മുദ്രാവാക്യം. മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരവും സ്തൂഭവും തകര്‍ത്തതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യ അതിജീവന യാത്രയിലാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ധീരജ്. 2022 ജനുവരി 10 നാണ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. ക്യാമ്പസിന് പുറത്തുവച്ചായിരുന്നു ധീരജിനും മറ്റ് രണ്ടുപേര്‍ക്കും കുത്തേറ്റത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഉള്‍പ്പെടെ എട്ട് പേരായിരുന്നു കേസിലെ പ്രതികള്‍. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്കുള്ളില്‍ നിഖില്‍ പൈലിക്ക് ജാമ്യവും ലഭിച്ചിരുന്നു. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജിനെ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.
Content Summary: Dheeraj’s father rajendran respond to congress workers slogan