ടീം ഇന്ത്യയുടെ ഏകദിന-ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്രസിംഗ് ധോണി ഒഴിഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള ആഗ്രഹം ധോണി തന്നെ ബിസിസി ഐയെ കത്തിലൂടെ അറിയിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് ധോണിയുടെ അപ്രതീക്ഷിത തീരുമാനം വന്നിരിക്കുന്നത്.
2015ല്‍ ഓസ്‌ട്രേലിയ്ക്ക് എതിരെയുള്ള പരമ്പരയ്ക്കിടെയാണ് ധോണി ഇതുപോലെ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞത്. അന്നു മുതല്‍ വിരാട് കോഹ്‌ലിയാണ് ടെസ്റ്റ് ക്യാപ്റ്റന്‍. കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ശക്തമായ കുതിപ്പ് നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധോണി എത്രകാലം ഏകദിന, ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം തുടരുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സ്ഥാനമൊഴിയാനുള്ള തീരുമാനം അദ്ദേഹം ബി.സി.സി.ഐയെ അറിയിക്കുകയായിരുന്നു.
ക്രിക്കറ്റിന്റെ എല്ലാ മേഖലയിലും വെന്നിക്കൊടിച്ച പാറിച്ചയാളാണ് ധോണിയെന്നും ബിസിസിഐക്കു വേണ്ടിയും ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടിയും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നതായി ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി പറഞ്ഞു.
. ട്വന്റി-20, ഏകദിന ലോകകിരീടങ്ങള്‍ ഇന്ത്യക്കു സമ്മാനിച്ച നായകനാണ് ധോണി. നിലവിലെ ടെസറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലി ഇനി ടീം ഇന്ത്യയുടെ എല്ലാം ഫോര്‍മാറ്റിലും നായകനായി മാറും.