UPDATES

സയന്‍സ്/ടെക്നോളജി

സൈബർ ലോകത്തെ പുതിയ കെണി; എന്താണ് ഡിജിറ്റൽ അറസ്റ്റ് ?

ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എങ്ങനെ ഒഴിവാക്കാം?

                       

ജൂലൈ ഏഴാം തീയതി എഴുത്തുകാരനും കവിയുമായ നരേഷ് സക്സേനയെ തേടി ഒരു വീഡിയോ കോൾ എത്തി, കള്ളപ്പണം വെളുപ്പിക്കുന്ന കേസുമായി അന്വേഷണം നടക്കുകയാണെന്ന  വ്യാജേന നരേഷിനെ ആറുമണിക്കൂറോളമാണ് ‘ ഡിജിറ്റൽ അറസ്റ്റിൽ ‘ തട്ടിപ്പുകാർ സൂക്ഷിച്ചത്. ദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയായ വാർത്ത പക്ഷെ കേരളത്തിൽ, അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടില്ല, ഒരു പക്ഷെ ശ്രദ്ധിച്ചിരുന്നെങ്കിൽ യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമാകില്ലായിരുന്നു. നരേഷിന്റേതിന് സമാനമായി സിബിഐയിൽ നിന്നാണെന്ന് പറ‌ഞ്ഞാണ് ഗീവർഗീസ് മാർ കൂറിലോസിനെ തേടി വീഡിയോ കോൾ എത്തിയത്. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ പണം തട്ടിയത്. ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടുന്ന സൈബർ കുറ്റകൃത്യമായ ഡിജിറ്റൽ അറസ്റ്റിനു തടയിടാൻ ഒരുങ്ങിയിരിക്കുകയാണ് അധികൃതർ. ഈ രണ്ട് തട്ടിപ്പുകളിലും ഇരകളെ കുടുക്കിയത് ഡിജിറ്റല്‍ അറസ്റ്റ് എന്ന ഭീഷണിയിലാണ്. എന്താണ് ഡിജിറ്റല്‍ അറസ്റ്റ്? സ്ഥാപിത നിയമപ്രകാരം ഇങ്ങനെയൊരു അറസ്റ്റ് നിലനില്‍ക്കുന്നുണ്ടോ?

പോലീസ് അധികൃതരാണെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടാൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന 1,000-ലധികം സ്കൈപ്പ് അക്കൗണ്ടുകൾക്ക് പൂട്ട് വീണു കഴിഞ്ഞു. തട്ടിപ്പ് നടത്താൻ ഉപയോഗിക്കുന്ന സ്കൈപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ മൈക്രോസോഫ്റ്റുമായി കേന്ദ്ര സർക്കാർ കൈകോർത്തിരിക്കുകയാണ്. സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അധികൃതരോട്
റിപ്പോർട്ട് ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്. നിയമപാലകരായി വേഷമിട്ട് സൈബർ കുറ്റവാളികൾ നടത്തുന്ന ‘ ഡിജിറ്റൽ അറസ്റ്റുകൾ ‘ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. digital arrest

എന്താണ് ഡിജിറ്റൽ അറസ്റ്റ്

സൈബർ സാമ്പത്തിക തട്ടിപ്പ് ചതിക്കുഴിയിലെ പുതിയ രീതിയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷണ ഏജൻസികൾ എന്ന വ്യാജേനയാണ് പലരും ഇരകളെ തട്ടിപ്പിൽപ്പെടുത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ കുറ്റവാളികൾ പലപ്പോഴും ആളുകളെ വിളിച്ച് മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ പോലുള്ള നിയമവിരുദ്ധ വസ്തുക്കൾ ഉള്ള പാക്കേജ് അയച്ചുവെന്നോ സ്വീകരിച്ചുവെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തും. ചിലപ്പോൾ, ഇവർ ഇരയുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വിളിച്ച് വ്യക്തി പ്രശ്‌നത്തിലാണെന്നോ അവരുടെ കസ്റ്റഡിയിലാണെന്നും അവകാശപ്പെടും. കുറ്റവാളികൾ പലപ്പോഴും വ്യാജ പോലീസ് ഫോട്ടോകളോ ഐഡൻ്റിറ്റികളോ ആണ് കുറ്റകൃത്യത്തിനായി ഉപയോഗിക്കുക. കേസ് ഒത്ത് തീർപ്പാക്കാൻ അവർ ഇരയോട് പണം ആവശ്യപ്പെടും. ചില കേസുകളിൽ, അവർ ഇരകളെ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയും, കുറ്റവാളികൾ പണം ലഭിക്കുന്നതുവരെ സ്കൈപ്പിലോ മറ്റ് വീഡിയോ കോളുകളിലോ എത്തുകയും ചെയ്യും.

കുറ്റവാളികൾ പലപ്പോഴും വ്യാജ പോലീസ് സ്റ്റേഷനുകളോ സർക്കാർ ഓഫീസ് സജ്ജീകരണങ്ങളും  തയ്യാറാക്കുകയും നിയമപാലകരുടെ യൂണിഫോം ധരിക്കുകയും ചെയ്താണ് തട്ടിപ്പിനെത്തുക. സി ബി ഐ, നർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റ്, ആർ ബി ഐ, ഇ ഡി തുടങ്ങിയ ഏജൻസികളിൽ നിന്നുള്ള പോലീസ് ഓഫീസർമാരായി വേഷമിട്ടാണ് കുറ്റവാളികൾ ഭീഷണിപ്പെടുത്തുന്നതും ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും. പണം തട്ടിയെടുക്കുന്നതിനായി വേഷം കെട്ടിയെത്തിയ ഇവർ ഡിജിറ്റലായി ഇരകളെ അറസ്റ്റ് ചെയ്യും. നിരവധി ആളുകൾ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) ഇത്തരം സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പലതരം ആളുകൾ തട്ടിപ്പിനിരായതായാണ് വിവരം.

നിയമപ്രകാരം ഡിജിറ്റൽ അറസ്റ്റ് നിലനില്‍ക്കുന്നുണ്ടോ ?

കൊച്ചി സൈബർ സെൽ കൊച്ചി സിറ്റി എസ് ഐ പ്രമോദ് പറയുന്നത്, നിയമപ്രകാരം വിർച്വൽ അറസ്റ്റ്, ഡിജിറ്റൽ അറസ്റ്റ് എന്നിവ നില നിൽക്കുന്നില്ല എന്നാണ്. പോലീസ്  കുറ്റവാളിയെ നേരിട്ട് പോയി മാത്രമേ അറസ്റ്റ് ചെയ്യു.  തട്ടിപ്പുകാർ പുതുതായി കൊണ്ടുവന്നിരിക്കുന്ന കെണിയാണ് ഡിജിറ്റൽ അറസ്റ്റ് . ജങ്ങൾക്ക് ഈ വിഷയത്തെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതിനാൽ  ചതിക്കുഴികളിൽ പെട്ടുപോവുകയാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ മനസ്സാന്നിദ്ധ്യം കൈവിടാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.

തട്ടിപ്പിന്റെ ഉത്ഭവം

അന്താരാഷ്‌ട്ര സംഘങ്ങൾ നടത്തുന്ന സംഘടിത ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യ റാക്കറ്റിൻ്റെ ഭാഗമാണ് സംഭവങ്ങളെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. ഇന്ത്യയിലെ സൈബർ ക്രൈം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C), ഇത്തരം തട്ടിപ്പിന് ഉപയോഗിക്കുന്ന 1,000-ലധികം സ്കൈപ്പ് ഐഡികൾ ബ്ലോക്ക് ചെയ്യാൻ മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്.

തട്ടിപ്പുകാർ ഉപയോഗിക്കുന്ന സിം കാർഡുകൾ, ഫോണുകൾ, “മ്യൂൾ” അക്കൗണ്ടുകൾ എന്നിവ തടയാനും സർക്കാർ ശ്രമിക്കുന്നുണ്ട്. അനധികൃതമായി തട്ടിയെടുത്ത പണം വെളുപ്പിക്കുന്നതിനും ഇത്തരക്കാർ നിരപരിധികളായ ഇരകളെ ഉപയോഗിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ആഭ്യന്തര മന്ത്രാലയം മറ്റ് സർക്കാർ വകുപ്പുകൾ, ആർബിഐ, മറ്റ് സംഘടനകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണ്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) കേസുകൾ ട്രാക്ക് ചെയ്യുന്നതിനും അന്വേഷിക്കുന്നതിന് പിന്തുണയും നൽകി സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസിനെ സഹായിക്കുന്നു. കുറ്റകൃത്യങ്ങളെ കുറിച്ച് കൂടുതൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സൈബർദോസ്തിലും എക്സ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം മുതലായവയിലും ഇൻഫോഗ്രാഫിക്സും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും അവബോധം പ്രചരിപ്പിക്കാനും ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

തട്ടിപ്പുകൾ

വീഡിയോ കോളിൽ സി ബി ഐ ഉദ്യോഗസ്ഥരുടെ വേഷമിട്ട തട്ടിപ്പുകാർ ലഖ്‌നൗ സ്വദേശിയായ എഴുത്തുകാരനും കവിയുമായ നരേഷ് സക്സേനയെ ആറ് മണിക്കൂറാണ് “ഡിജിറ്റൽ അറസ്റ്റിൽ” സൂക്ഷിച്ചത്.

ജൂലൈ 7 ന്, നരേഷ് സക്‌സേനയെ സിബിഐ ഇൻസ്പെക്ടർ രോഹൻ ശർമ്മയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ വീഡിയോ കോൾ ചെയ്തു. കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് താനെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി തട്ടിപ്പുകാർ നരേഷിനോട് പറഞ്ഞു.

തട്ടിപ്പുകാരുടെ വസ്ത്രധാരണം നരേഷിനെ അദ്ദേഹം യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ആറ് മണിക്കൂറിനിടെ, നരേഷിനെകൊണ്ട് പ്രശസ്ത കവികളായ മിർസ ഗാലിബിൻ്റെയും ഫൈസ് അഹമ്മദ് ഫൈസിൻ്റെയും കവിതകൾ പാടിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ 24 മണിക്കൂറിനുള്ളിൽ മോചിപ്പിക്കാമെന്നും ജയിൽ ശിക്ഷ ഒഴിവാക്കാമെന്നും അവർ ഉറപ്പുനൽകുകയും ചെയ്തതായി നരേഷ് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി മുംബൈയിലെ തൻ്റെ അക്കൗണ്ട് ആരോ ഉപയോഗിച്ചെന്ന് തട്ടിപ്പുകാരൻ പറഞ്ഞതായാണ് നരേഷ് പറയുന്നത്. സിബിഐ ഇൻസ്‌പെക്ടർ രോഹൻ ശർമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ തനിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പറഞ്ഞ് ബീഹാനിപ്പെടുത്തിയെന്നും നരേഷ് പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച വീഡിയോ കോൾ രാത്രി 7-8 വരെ തുടർന്നു. മുറിയുടെ വാതിൽ അടയ്ക്കാനും വീഡിയോ കോളിൽ അവരുടെ മുന്നിൽ നിൽക്കുന്ന കാര്യം കുടുംബാംഗങ്ങളെ അറിയിക്കരുതെന്നും അവർ തന്നോട് പറഞ്ഞതായി നരേഷ് പറയുന്നുണ്ട്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നരേഷ് വാതിൽ തുറക്കാതിരുന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി അന്വേഷിച്ച് വന്നപ്പോൾ, സൈബർ തട്ടിപ്പിലൂടെ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ മരുമകൾ ഫോൺ കോൾ വിച്ഛേദിക്കുകയും ചെയ്തത് മൂലം വലിയ തട്ടിപ്പിൽ നിന്നാണ് രക്ഷപെട്ടത്.

ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എങ്ങനെ ഒഴിവാക്കാം?

പോലീസോ സർക്കാർ ഉദ്യോഗസ്ഥരോ എന്ന് അവകാശപ്പെടുന്ന അജ്ഞാത നമ്പറുകളിൽ നിന്നുള്ള അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ സംബന്ധിച്ച് ജാഗ്രത ഉള്ളവരാക്കണം. digital arrest

പരിചയമില്ലാത്ത വ്യക്തികളുമായി വ്യക്തിഗത വിവരങ്ങളോ പേയ്‌മെൻ്റ് വിശദാംശങ്ങളോ പങ്കിടരുത്. അറസ്റ്റോ നിയമപരമായ ഭീഷണിപ്പെടുത്തുകയാണെങ്കിൽ ശാന്തത പാലിക്കുക. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ വന്നാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഇത്തരം സംഭവങ്ങൾ [http://www.cybercrime.gov.in](http://www.cybercrime.gov.in) എന്ന സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയും, 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുകായും വേണം.

content summary; What is ‘digital arrest’, and what can you do to ensure you don’t fall victim to cybercriminals?

Share on

മറ്റുവാര്‍ത്തകള്‍