നടൻ സുഷാന്ത് സിങ്ങ് രജ്പുത്തിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ മരണത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവം, രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ദിഷയുടെ മരണം സിബിഐ അന്വേഷിക്കണമെന്നും ആദിത്യ താക്കറെക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് പിതാവ് സതിഷ് സാലിയൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ റിയ ചക്രവർത്തി, ഡിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവർക്കെതിരെയും എഫ്‌ഐആർ റജിസ്റ്റർ ചെയ്തതിട്ടുണ്ട്.
ദിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും കേസിൽ ഉൾപ്പെട്ട ഉന്നതരെ സംരക്ഷിക്കാൻ പോലീസ് രാഷ്ട്രീയക്കാരുമായി ഒത്തുകളിക്കുകയാണെന്നും പിതാവ് ആരോപിച്ചു. ആദിത്യ താക്കറെക്കെതിരെ നടപടിയെടുക്കാൻ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അനുവദിക്കുന്നില്ലെന്നും അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും സതിഷ് സാലിയന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
എന്താണ് ദിഷ സാലിയൻ കേസ്?
സെലിബ്രിറ്റി മാനേജറായാണ് 28 കാരിയായിരുന്ന ദിഷ സാലിയൻ ജോലി ചെയ്തിരുന്നത്. ജെബ്സ എന്ന സിനിമയിൽ ഐശ്വര്യ റായുടെയും പിന്നീട് ബോളിവുഡ് നടൻ വരുൺ ശർമ്മയുടെയും മാനേജറായി ദിഷ സാലിയൻ പ്രവർത്തിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ സുഷാന്ത് സിങ്ങ് രജ്പുത്തിന്റെ മാനേജറായിരിക്കുമ്പോഴാണ് ദിഷ സാലിയൻ്റെ മരണം സംഭവിക്കുന്നത്.
പിതാവ് സതിഷ് സാലിയനും അമ്മ വസന്തി സാലിയനുമൊപ്പം ദദാറിലെ ഒരു ഫ്ലാറ്റിലാണ് ദിഷ താമസിച്ചിരുന്നത്. 2020 ലോക്ഡൗൺ സമയത്ത് ദിഷയുടെ പ്രതിശ്രുത വരനും നടനുമായ രോഹിത് റോയിയും കുടുംബത്തോടൊപ്പം താമസിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹശേഷം താമസിക്കാനായി മുംബൈയിലെ മലാഡ് വെസ്റ്റിലുള്ള റീജന്റ് ഗാലക്സി കെട്ടിടത്തിന്റെ 14-ാം നിലയിൽ റോയി ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 2020 ജൂണിൽ ഇതേ ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച നിലയിലാണ് ദിഷയെ കണ്ടെത്തുന്നത്. ദിഷ മരിച്ച് ഒരാഴ്ചക്ക് ശേഷം ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെയും കണ്ടെത്തി. അതോടെയാണ് ദിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. ഇരുവരുടേതും ആത്മഹത്യയാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ, സുശാന്തിന്റെ മരണം കൊലപാതകമാണെന്നു ആരോപണം ഉയർന്നതോടെ സിബിഐയും അന്വേഷണം നടത്തി. ആത്മഹത്യ തന്നെയാണെന്ന അവരുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കോടതിയിൽ സമർപ്പിച്ചത്.
Content Summary: Disha Salian’s death; FIR filed against Uddhav Thackeray’s son. What is Disha Salian case?
Disha Salian Uddhav Thackeray