സര്‍ക്കാര്‍ നയങ്ങളുടെയും തീരുമാനങ്ങളുടെയും നടത്തിപ്പുകാരായാണ് പൊതുവെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കണക്കാക്കുന്നത്. ഒരു പ്രത്യേക മതത്തെയോ, രാഷ്ട്രീയത്തെയോ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ടവരല്ല ഐഎഎസ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെയും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സുതാര്യമാണെന്ന് പറയാന്‍ കഴിയുകയില്ലെന്നതിനുള്ള തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. Does the bureaucracy lean towards caste and religion
‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരില്‍ ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇപ്പോള്‍ കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത് ചെറിയ വിവാദങ്ങളല്ല. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ആയിരുന്നു ഗ്രൂപ്പ് അഡ്മിന്‍. സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയായിരുന്നു ഗ്രൂപ്പുണ്ടാക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഗ്രൂപ്പില്‍ അംഗമായിരുന്നു. എന്നാല്‍ ഗ്രൂപ്പിന്റെ അപകടം മനസ്സിലാക്കിയത് കൊണ്ടാകണം മണിക്കൂറുകള്‍ക്കകം തന്നെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇത് സംബന്ധിച്ച് സൈബര്‍ പോലീസില്‍ പരാതി നല്‍കിയെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം.
താനല്ല ഗ്രൂപ്പ് നിര്‍മിച്ചതെന്നും ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ചില ഓഫീസര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നതെന്നും, തുടര്‍ന്നാണ് ഗ്രൂപ്പ് ഡിലീറ്റ് ആക്കിയതെന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. കഴിഞ്ഞമാസം 30നാണ് ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരില്‍ ഗോപാലകൃഷ്ണന്‍ അഡ്മിനായി വാട്‌സ്ആപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. ഹാക്ക് ചെയ്തവര്‍ ‘മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്’എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും തന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.
എന്നാല്‍ സംഭവം വിവാദമായതോടെ ഗോപാലകൃഷ്ണനായി കുരുക്ക് മുറുകുകയാണ്. ഹാക്കിങ് നടന്നിട്ടില്ലെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ പോലീസിന് നല്‍കിയിരിക്കുന്ന മറുപടി. ഗോപാലകൃഷ്ണന്‍ പ്ലേ സ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഉപയോഗിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഫോണില്‍ വേറെ ഐ.പി അഡ്രസ് ഉപയോഗിച്ച് ഇടപെടല്‍ നടന്നിട്ടില്ലെന്നും ഗൂഗിളും വാട്‌സ് ആപ്പ് ഉടമസ്ഥരായ മെറ്റയും അറിയിച്ചു. കൂടുതല്‍ വ്യക്തതയ്ക്ക് ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. എന്നാല്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഗോപാലകൃഷ്ണന്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഹാക്കിംഗ് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മെറ്റ കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നത്.
പോലീസിന്റെ കസ്റ്റഡിയിലുള്ള ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ റീസെറ്റ് ചെയ്ത നിലയിലാണ് പോലീസിന് ലഭിച്ചിരുന്നത്. എന്നാല്‍ ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ട് നാലാം ദിവസമായിരുന്നു ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. പരാതി വൈകിയതും പോലീസ് സംശയത്തോടെയാണ് കാണുന്നത്.
ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടെങ്കിലും മതപരമായ ഒരു ഗ്രൂപ്പ് ഇതാദ്യമായാണ്. വ്യക്തികള്‍ എന്ന നിലയില്‍ സിവില്‍ സെര്‍വെന്റ്സിനും മതവിശ്വാസമാകാം. പക്ഷേ, ജോലിയിലേക്ക് അതൊന്നും കടത്തിക്കൊണ്ടുവരരുതെന്നുമാത്രം. മതപരമായ കൂട്ടായ്മകള്‍ രൂപവത്കരിക്കാനോ അത്തരം കൂട്ടായ്മകളില്‍ ചേരാനോ നിയമം അവരെ അനുവദിക്കുന്നുമില്ല.
ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി മനഃപൂര്‍വം രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പായിരുന്നു ഇതെങ്കില്‍ നമ്മുടെ സമൂഹത്തിലെ ഉദ്യോഗസ്ഥവൃന്ദങ്ങളും ജാതി, മത, രാഷ്ട്രീയ മാമൂലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ഓരോ മതവിഭാഗത്തില്‍ പെട്ടവരും പ്രതേ്യകം ഗ്രൂപ്പുകള്‍ ഉണ്ടാക്കി വര്‍ഗീയതയുടെ വേലി തീര്‍ക്കുമ്പോള്‍ രൂപപ്പെടുക ജാതി, മത ചിന്തകളുടെ പ്രത്യേക തുരുത്തുകളായിരിക്കും. ഇത് സമൂഹത്തെ എത്തിക്കുന്നതും വലിയ ആപത്തിലേക്ക് തന്നെയാണ്.
ജനത്തിനും ഭരണകൂടത്തിനുമിടയിലെ പ്രബലരായ കണ്ണികള്‍ എന്ന നിലയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ആത്യന്തികമായി കൂറുണ്ടാകേണ്ടത് ഭരണഘടനയോടും നിയമത്തോടുമാണ്. അല്ലാതെ രാഷ്ട്രീയ അടിമകളാകുന്നത് വഴി അവര്‍ ഇരിക്കുന്ന ഉദ്യോഗത്തിന് മാത്രമല്ല, നിയമ വ്യവസ്ഥിതിക്ക് തന്നെയാണ് കളങ്കല്‍മേല്‍പ്പിക്കുന്നത്. അടുത്തൂണ്‍ പറ്റിയതിനുശേഷം ലഭിക്കാവുന്ന സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തി അധികാരകേന്ദ്രങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ദിവസേന കൂടുകയാണെന്നതും നാം വിസ്മരിച്ചുകൂടാ.
‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വിഷയത്തില്‍ സമഗ്രമായ അന്വേഷണം തന്നെ നടക്കണമെന്നതില്‍ തര്‍ക്കമില്ല. സിവില്‍ സര്‍വീസ് എന്ന രാജ്യത്തെ തന്നെ മികച്ച ഒരു പദവിയെ കൂടി കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇതിലൂടെ നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന ഗോപാലകൃഷ്ണന്റെ പരാതിയില്‍ മാത്രമായി അന്വേഷണം ഒതുക്കപ്പെടരുത്. മതനിരപേക്ഷമാകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേര്‍തിരിവിന്റെ വേലി തീര്‍ക്കുന്നത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന നമ്മുടെ ബ്യൂറോക്രസിക്ക് യോജിച്ചതല്ലെന്നതും നാം ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. Does the bureaucracy lean towards caste and religion
content summary; Does the bureaucracy lean towards caste and religion slums?