June 04, 2026 |
Share on

ടിവി പരസ്യം ദേഷ്യം പിടിപ്പിച്ചു; കാനഡയ്ക്ക്‌ 10 ശതമാനം തീരുവ കൂട്ടി ട്രംപ്‌

മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ ഉപയോഗിച്ചായിരുന്നു ട്രംപിനെ കൊട്ടാന്‍ പരസ്യം നിര്‍മിച്ചത്‌

ശനിയാഴ്ച്ച ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന കാനഡയോടുള്ള വിരോധം വ്യക്തമാക്കുന്നതായിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ സ്വതന്ത്ര വ്യാപാരത്തെ പിന്തുണച്ചു സംസാരിക്കുന്ന പരസ്യമാണ് ട്രംപിനെ ദേഷ്യം പിടിപ്പിച്ചത്. ഇക്കാര്യം ട്രംപ് തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നുണ്ട്. താരിഫ് വര്‍ദ്ധിപ്പിക്കാനുള്ള കാരണമായും ഇതാണ് പറയുന്നത്.

വസ്തുതകളെക്കുറിച്ച് അവര്‍ ഗുരുതരമായ തെറ്റിദ്ധാരണ പടര്‍ത്തുകയും, അവരില്‍ നിന്നുണ്ടാകുന്ന ശത്രുതാപരമായ നടപടിയും കാരണം, ഞാന്‍ കാനഡയുടെ താരിഫ്, അവര്‍ ഇപ്പോള്‍ നല്‍കുന്നതിനെക്കാള്‍ 10% വര്‍ദ്ധിപ്പിക്കുകയാണ് എന്നാണ് ട്രംപ് ശനിയാഴ്ചത്തെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിശദീകരിക്കുന്നത്.

കാനഡയുടെ ടിവി പരസ്യം ഒരു ‘തട്ടിപ്പ്’ ആണെന്നാണ് ട്രംപ് ആരോപിച്ചത്. ‘വര്‍ഷങ്ങളായി യുണൈറ്റഡ് സ്റ്റേറ്റ്സിനെ വേദനിപ്പിക്കാന്‍ അവര്‍ ഉപയോഗിച്ച താരിഫുകളുടെ കാര്യത്തില്‍ അമേരിക്കന്‍ സുപ്രീം കോടതി തങ്ങളുടെ രക്ഷയ്ക്കെത്തും എന്ന കാനഡയുടെ പ്രതീക്ഷ മാത്രമാണ് ഇതിന്റെ ഏക ലക്ഷ്യം,’ എന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു.

‘ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ഉയര്‍ന്നതും അധികഭാരമുള്ളതുമായ കനേഡിയന്‍ താരിഫുകളില്‍ നിന്ന് (ലോകത്തെ മറ്റുള്ളവരില്‍ നിന്നുള്ളവയില്‍ നിന്നും!) സ്വയം പ്രതിരോധിക്കാന്‍ കഴിയും,’ എന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.

ഒന്റാറിയോയുടെ പരസ്യം
കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തിങ്കളാഴ്ച മുതല്‍ യുഎസിലെ പരസ്യ കാമ്പയിന്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് വെള്ളിയാഴ്ച അറിയിച്ചിട്ടുണ്ട്.

കാനഡയിലെ ഒന്റാറിയോ പ്രവിശ്യാ സര്‍ക്കാര്‍ പണം മുടക്കിയ ഈ പരസ്യത്തില്‍, റൊണാള്‍ഡ് റീഗന്‍ 1987-ല്‍ നടത്തിയ ഒരു പ്രസംഗത്തിലെ ഭാഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതില്‍ ‘വ്യാപാര തടസ്സങ്ങള്‍ ഓരോ അമേരിക്കന്‍ തൊഴിലാളിക്കും ദോഷകരമാണ്’ എന്ന് അദ്ദേഹം പറയുന്നുണ്ട്.

ഈ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപ് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. പരസ്യം ‘വ്യാജം’ ആണെന്നും യുഎസ് കോടതി തീരുമാനങ്ങളില്‍ ഇടപെടാന്‍ കാനഡ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിക്കുന്നു.

റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷന്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് പരസ്യത്തെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. ഒന്റാറിയോ അനുമതി തേടിയില്ലെന്നും പരസ്യത്തില്‍ ‘തിരഞ്ഞെടുത്ത ഓഡിയോയും വീഡിയോയും’ ഉപയോഗിച്ച് റീഗന്റെ അഭിപ്രായങ്ങളെ തെറ്റായി ചിത്രീകരിച്ചു എന്നും ഫൗണ്ടേഷന്‍ എക്‌സില്‍ പങ്കുവച്ച് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ട്രംപ് കഴിഞ്ഞ ജൂലൈയില്‍ തന്നെ കാനഡയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ താരിഫ് 25% ല്‍ നിന്ന് 35% ആയി വര്‍ദ്ധിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടിരുന്നു. ഇപ്പോള്‍ വീണ്ടും അവരുമായി ഇടഞ്ഞിരിക്കുകയാണ്.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×