December 13, 2024 |
Share on

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ; മസ്‌കിന് വേണ്ടി പുതിയ വകുപ്പ് ഉണ്ടാക്കി ട്രംപ്

വിവേക് രാമസ്വാമിയും മസ്‌കിനൊപ്പം പുതിയ കാര്യക്ഷേമ വകുപ്പിനെ നിയന്ത്രിക്കും

ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ അമേരിക്കന്‍ ഭരണകൂടത്തിലെ നിര്‍ണായക സ്ഥാനത്ത് ഇരുത്തി ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യുപകാരം. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ആയ ഇലോണ്‍ മസ്‌കിനെയും(Elon Musk) ഇന്ത്യന്‍ വംശജനായ ബിസിനസുകാരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി സ്ഥാനാര്‍ത്ഥിയായിരുന്ന വിവേക് രാമസ്വാമിയും അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയതായി രൂപീകരിക്കുന്ന കാര്യക്ഷമത വകുപ്പിനെ(Department of Government Efficiency -DOEG) നിയന്ത്രിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട നയങ്ങളോ, ചുവപ്പ് നാട തടസങ്ങളോ ഇല്ലാതാക്കി സര്‍ക്കാര്‍ നടപടികള്‍ സുതാര്യവും ലളിതമാക്കുക, അധിക നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുക, അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക, ഫെഡറല്‍ എജന്‍സികളെ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി രൂപീകരിക്കുന്ന പുതിയ വകുപ്പാണ് ഡിഒജിഇ. സേവ് അമേരിക്കന്‍ പ്രസ്ഥാനത്തിന് ഇരുവരുടെയും സേവനം മുതല്‍ക്കൂട്ടാകുമെന്നും, ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ തന്റെ ഭരണകൂടത്തിന് വഴിയൊരുക്കുമെന്നുമാണ് മസ്‌കിന്റെയും വിവേകിന്റെയും നിയമനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ട്രംപ് പറയുന്നത്. 2026 ജൂലൈ നാല് വരെയാണ് ഇരുവരുടെയും കാലാവധി. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250 ആം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ‘ ചെറുതും കാര്യക്ഷമവുമായ’ ഒരു സര്‍ക്കാരിനെ രാജ്യത്തിന് സമ്മാനമായി നല്‍കുകയാണെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. Donald Trump nominates Elon Musk and Vivek Ramaswamy new efficiency department
ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ ധനികനായതെങ്ങനെ?

രാഷ്ട്രീയത്തിനു പുറത്ത് ബിസിനസുകാരായി നിലകൊളുന്ന രണ്ട് പേര്‍ക്കും ട്രംപ് നല്‍കിയിരിക്കുന്ന ഈ പദവികള്‍ അവര്‍ക്കുള്ള പ്രതിഫലമായും കാണാം. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ്, റോക്കറ്റ് കമ്പനിയായ സ്പേസ് എക്സ് എന്നിവയുടെ ഉടമയാണ് മസ്‌ക്. ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചയാളാണ് വിവേക് രാമസ്വാമി ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനാണ്. പ്രൈമറിയില്‍ പരാജയം നേരിട്ടതിനു പിന്നാലെ വിവേക് തന്റെ പിന്തുണ ട്രംപിന് അനുകൂലമായി പ്രഖ്യാപിക്കുകയായിരുന്നു. ഏകദേശം ആയിരത്തി അറുന്നൂറ് കോടിക്ക് മുകളില്‍ മസ്‌ക് ട്രംപിന്റെ പ്രചാരണത്തിനായി ചെലവഴിച്ചിരുന്നു. പണം കൊടുത്തത് കൂടാതെ പൊതുവേദികളില്‍ ട്രംപിന് വേണ്ടി പ്രചാരണം നയിക്കുകയും, തന്റെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്-ല്‍ ഉള്‍പ്പെടെ ട്രംപിന് വേണ്ടി വോട്ട് പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. തന്റെ ഭരണകൂടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലോക കോടീശ്വരനെ തനിക്കൊപ്പം നിര്‍ത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നതാണ്. പുതിയ വകുപ്പിന്റെ പേര് പോലും മസ്‌കിന് സഹായം ചെയ്യുന്ന രീതിയിലാണ്. വകുപ്പിന്റെ ചുരുക്കെഴുത്ത് DOGE( Department of Government Efficiency) എന്നാണ്. മസ്‌ക് പിന്തുണയ്ക്കുന്ന ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഗ് കോയ്ന്‍. എക്‌സിലൂടെ ഇതിന് പ്രചാരണം നല്‍കാനും ഒരുങ്ങുകയാണ് മസ്‌ക്.

vivek ramaswamy

വിവേക് രാമസ്വാമി

അതേസമയം, പുതിയ വകുപ്പ് എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നതില്‍ വ്യക്തയായിട്ടില്ല. ഫെഡറല്‍ അഡൈ്വസറി കമ്മിറ്റി ആക്ടിന് കീഴിലായിരിക്കും പുതിയ വകുപ്പ് വരികയെന്നാണ് അസോഷ്യേറ്റ്ഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന് ഉപദേശം നല്‍കുന്ന ബാഹ്യ ഗ്രൂപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം, പൊതുജനങ്ങളോട് എത്രമാത്രം ഉത്തരവാദിത്തം ഉള്ളവരായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഈ നിയമം നിര്‍ദേശിക്കുന്നുണ്ട്.

സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പൊതുവില്‍ വിരുദ്ധ താത്പര്യങ്ങള്‍ ഒഴിവാക്കാനും അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കാനും അവരുടെ ആസ്തികളും ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതുമൊക്കെ വെളിപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മസ്‌കും രാമസ്വാമിയും ഔപചാരികമായി ഫെഡറല്‍ ജീവനക്കാരായിരിക്കില്ല എന്നതിനാല്‍, അവര്‍ക്ക് ഇത്തരം ബാധ്യതകളോ ധാര്‍മ്മിക പരിമിതികളോ നേരിടേണ്ടി വരില്ല. മറ്റൊന്ന് മേല്‍പ്പറയുന്ന ഉത്തരവാദിത്തങ്ങളൊക്കെ ചെയ്യാന്‍ ഇവര്‍ക്ക് കുറച്ചെങ്കിലും സമയം കിട്ടുമോയെന്നതാണ്.  Donald Trump nominates Elon Musk and Vivek Ramaswamy new efficiency department 

Content Summary; Donald Trump nominates Elon Musk and Vivek Ramaswamy new efficiency department

×