ഡെമോക്രാറ്റുകളെയും ഇടതുപക്ഷ ചായ്‌വുള്ള ഗ്രൂപ്പുകളെയും ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ കളിക്ക് ഇന്റേണല്‍ റവന്യൂ സര്‍വീസിനെ(ഐആര്‍എസ്) ആയുധമാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് നിര്‍ദേശപ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നവരുടെയും ഇടതുപക്ഷക്കാരെയും ഉള്‍പ്പെടുത്തി ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ഒരു പട്ടിക തയ്യാറാക്കുന്നുണ്ട്. നികുതിയിടപാടുകള്‍ പരിശോധിക്കുന്നുവെന്ന പേരില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഇന്റേണല്‍ റവന്യൂ സര്‍വീസില്‍ ട്രംപ് കൂടുതല്‍ പിടിമുറുക്കിയിരിക്കുയാണെന്നു ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍(ഡബ്ല്യുഎസ്‌ജെ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഡബ്ല്യുഎസ്‌ജെയുമായി സംസാരിച്ച ഒരു ഐആര്‍എസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പട്ടികയില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ഈ പട്ടിക തന്നെയാണ് ട്രംപിനുള്ളത് രാഷ്ട്രീയലക്ഷ്യമാണെന്ന് വ്യക്തമാക്കുന്നത്.
ഐആര്‍എസ് ക്രിമിനല്‍-ഇന്‍വെസ്റ്റിഗേറ്റീവ് ഡിവിഷനില്‍ തന്റെ വിശ്വസ്തരെ നിയോഗിക്കുകയാണ് പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ലക്ഷ്യം. ഇതിലൂടെ ഡിവിഷന്റെ പൂര്‍ണ നിയന്ത്രണം കിട്ടും. ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിയമപരമായ മേല്‍നോട്ടം വഹിക്കുന്ന ഐആര്‍എസ് അഭിഭാഷകരുടെ പങ്കാളിത്തം ദുര്‍ബലപ്പെടുത്തുകയും മറ്റൊരു ലക്ഷ്യമാണ്. എതിരാളികള്‍ക്കെതിരായ അന്വേഷണം എങ്ങനെ വേണമെന്ന് ട്രംപിനും കൂട്ടര്‍ക്കും തീരുമാനിക്കാം. അതായത്, ഇനി നടക്കാന്‍ പോകുന്നത് തികച്ചും രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളായിരിക്കും.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരായ നികുതി വെട്ടിപ്പ് കേസിലെ വിസില്‍ ബ്ലോവര്‍ ആയിരുന്ന ഗാരി ഷാപ്‌ലിയാണ് ഐആര്‍എസിനെ ട്രംപിന്റെ രാഷ്ട്രീയലക്ഷ്യത്തിന് അനുഗുണമായി രൂപമാറ്റം നടത്തുന്നതിന് പ്രധാനമായും പിന്നിണയില്‍ പ്രവര്‍ത്തിക്കുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെ ഉപദേഷ്ടാവായാണ് ഇപ്പോള്‍ ഗാരി.
ട്രംപിനോട് കൂറുള്ളവരെക്കൊണ്ട് ഐആര്‍എസ് നിയന്ത്രിക്കുകയാണ് ഗാരിയുടെ പദ്ധതി. ഇതിനായവര്‍ ആദ്യം ചെയ്യുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവരെ മാറ്റുകയെന്നതാണ്. ഐആര്‍എസില്‍ ദീര്‍ഘകാലത്തെ സേവന പാരമ്പര്യമുള്ള ഗൈ ഫിക്കോയാണ് ഐആര്‍എസ് ക്രിമിനല്‍ അന്വേഷണ വിഭാഗത്തിന്റെ നിലവിലെ മേധാവി. ഗൈ ഫിക്കോയെ മാറ്റുകയാണെന്ന് ഗാരി തന്നെ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ്, അന്വേഷിക്കണമെന്ന് അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ഡെമോക്രാറ്റുകളുടെ സംഭാവ ദാതാക്കളുടെയും, ഇടതുപക്ഷ ഗ്രൂപ്പുകാരുടെയും പട്ടികയും ഗാരി തയ്യാറാക്കിയിരിക്കുന്നത്.
ഡെമോക്രാറ്റുകളുടെ പ്രധാന സംഭാവന ദാതാവായ ജോര്‍ജ് സോറോസും ഗാരിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശതകോടീശ്വരനായ സോറോസുമായി ബന്ധപ്പെട്ട ചില ഗ്രൂപ്പുകളും ഇതേ പട്ടികയില്‍ ഉണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ജോര്‍ജ് സോറോസിനെ പോലെ ഒരാള്‍ക്കെതിരേ അന്വേഷണം എന്ന് വ്യക്തമല്ലെന്നാണ് ഈ വിവരങ്ങള്‍ ഡബ്ല്യുഎസ്‌ജെയ്ക്ക് നല്‍കിയ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ അരാജകത്വം സൃഷ്ടിക്കുന്ന സംഘടനകള്‍ക്ക് ഇടതുപക്ഷ ഗ്രൂപ്പുകള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. അതുകൊണ്ട് ഇടതുസംഘടനകളുടെ സാമ്പത്തിക സ്‌ത്രോസുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വാദം. രാഷ്ട്രീയാക്രമണങ്ങള്‍ക്്ക കാരണമാകുന്ന സാമ്പത്തിക ശൃംഖലകളെ കണ്ടെത്തണമെന്നാണ് ട്രംപ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബെസന്റ് ഐആര്‍എസ് കമ്മീഷണറുടെ താത്കാലിക ചുമതലയും വഹിക്കുന്നത്.
അതേസമയം ഐആര്‍എസ് ക്രിമിനല്‍ യൂണിറ്റിലെ മാറ്റങ്ങളെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗാരി ഷാപ്‌ലിയോ ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വക്താവോ തയ്യാറായില്ല. ”ഐആര്‍എസ് പരിഷ്‌കരിക്കുന്നതില്‍ എന്റെ പങ്ക് തുടരുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്,” എന്നു മാത്രമാണ് ഗാരി പറഞ്ഞത്.
Content Summary; Donald Trump uses America’s Internal Revenue Service as political weapon against Democrats and left-wing groups.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.