മരണശേഷം മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനു പകരം ദഹിപ്പിക്കണമെന്ന പ്രാദേശിക അധികൃതരുടെ നിർദ്ദേശത്തിനെതിരെ ചൈനയിൽ പ്രതിഷേധം. ചൈനയുടെ തെക്കൻ പ്രദേശമായ ഗുയിഷൗ പ്രവിശ്യയിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാമീണ പ്രക്ഷോഭങ്ങളിൽ 70 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഷിഡോങ് പട്ടണത്തിലെ പ്രതിഷേധങ്ങൾ വാരാന്ത്യത്തിലാണ് ആരംഭിച്ചത്. ഷെൻഷെൻ, ഷാങ്ഹായ് തുടങ്ങിയ നഗര കേന്ദ്രങ്ങളിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു ദരിദ്ര ഗ്രാമീണ പ്രവിശ്യയാണ് ഗുയിഷൗ. പൂർവ്വികരുടെ ശവകുടീരങ്ങൾ കുഴിച്ചുമാറ്റാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്യുന്നതെങ്കിൽ, ആദ്യം ഷി ജിൻപിങ്ങിന്റെ പൂർവ്വികരുടെ ശവകുടീരങ്ങൾ കുഴിച്ചുമാറ്റുക എന്ന് എക്സിൽ പ്രചരിക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോയിൽ ഒരു ഗ്രാമീണൻ വിളിച്ചുപറയുന്നത് കേൾക്കാം.
പ്രദേശവാസികളിൽ മിയാവോ വംശജരായ ന്യൂനപക്ഷ വിഭാഗക്കാരാണ് കൂടുതൽ. മരിച്ചവരെ ദഹിപ്പിക്കുന്നതിനു പകരം അടക്കം ചെയ്യണം എന്ന് പാരമ്പര്യം നിഷ്കർഷിക്കുന്ന ഒരു ഗോത്ര വിഭാഗമാണിത്.
പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ചൊവ്വാഴ്ച, പ്രാദേശിക സർക്കാർ ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചു. ശവസംസ്‌കാരത്തിന് പകരം ദഹനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശം 2003ലെ ഒരു നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അതിൽ പറയുന്നു. ഭൂവിഭവങ്ങൾ സംരക്ഷിക്കാനും ചെലവ് കുറഞ്ഞ പുതിയ ശവസംസ്‌കാര രീതി പ്രോത്സാഹിപ്പിക്കാനും ദഹനം അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.
സെമിത്തേരികളിലെ സ്ഥലപരിമിതി കൊണ്ട് സമീപ വർഷങ്ങളിലായി ചൈന ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ, കടലിൽ അടക്കം ചെയ്യൽ പോലുള്ള ബദൽ ശവസംസ്‌കാര രീതികൾ പരിഗണിക്കാൻ സർക്കാർ ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, പരമ്പരാഗതമായ അടക്കം ചെയ്യൽ അവരുടെ സംസ്കാരത്തിൻ്റെ പ്രധാന ഭാഗമാണ്.
ഷിഡോങ് പട്ടണം ഉൾപ്പെടുന്ന ജില്ലയായ ക്സിഫെങ് കൗണ്ടിയിലെ ഒരു ഗ്രാമീണൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്, പ്രാദേശിക ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കാരണം ഈ വർഷം ആദ്യം തൻ്റെ മുത്തശ്ശനെ ദഹിപ്പിക്കേണ്ടി വന്നു എന്നാണ്. നിർദ്ദേശം പാലിച്ചില്ലെങ്കിൽ തൻ്റെ കുടുംബത്തിന് മൂന്ന് തലമുറകളോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ. ഈ വർഷം, ചൈനയിൽ 661 ഗ്രാമീണ പ്രതിഷേധങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 2024ലെ കണക്കിനേക്കാൾ 70 ശതമാനം കൂടുതലാണ്.
content summary: ‘Don’t bury the dead, cremate them instead’ Residents in Guizhou, China, protest a government directive