ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാന്‍ ആകെ ചെലവായത് 862 കോടിയാണ്. അതേ ചെലവില്‍ ആറ് പാര്‍ലമെന്റ് മന്ദിരങ്ങള്‍ കൂടി നിര്‍മിക്കാന്‍ കഴിവുണ്ട് ഡോ. ചന്ദ്രശേഖര്‍ പെമ്മസാനിക്ക്. 18മത് ലോക്‌സഭയിലെ ഏറ്റവും സമ്പന്നനായ ജനപ്രതിനിധിയാണ് ഗുണ്ടൂര്‍ എംപി ചന്ദ്രശേഖര്‍. ഇദ്ദേഹത്തിന്റെ കുടുംബ വക സ്വത്ത് 5,705 കോടിയാണ്. ഇതില്‍ സ്ഥാവര വകയായി 5,598 കോടിയും ജംഗമവകയായി 106 കോടിയും ഉള്‍പ്പെടും. dr-chandrasekhar pemmasani richest mp in parliament, total 504-mps are crorepatis
ഡോക്ടറില്‍ നിന്ന് എംപിയിലേക്ക്
48 കാരനായ ചന്ദ്രശേഖര്‍ പെമ്മസാനി തെലുഗ് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കിലരി വെങ്കട റോസയ്യയെ 3,44,659 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
ഡോക്ടര്‍ എന്ന നിലയിലാണ് ചന്ദ്രശേഖര്‍ പെമ്മസാനി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഡോ. എന്‍ടിആര്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും 1999 ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കി. പെന്‍സില്‍വാനിയായിലെ ഗയ്‌സിഞ്ചര്‍ മെഡിക്കല്‍ സെന്ററില്‍ നിന്നും 2005 ല്‍ എംഡിയും നേടി.
വിദേശത്ത് സ്ഥിര താമസമാക്കിയ എംപി എന്ന പ്രത്യേകത കൂടി ചന്ദ്രശേഖറിനുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഈ ആക്ഷേപം ഉയര്‍ന്നപ്പോള്‍ ടിഡിപി നേതാക്കള്‍ പ്രതിരോധിച്ചത്, ഡോക്ടര്‍ നാട്ടില്‍ സ്ഥിരമായി വരാറുണ്ടെന്ന ന്യായമിറക്കിയാണ്. മറ്റൊരു ശതകോടീശ്വരന് പകരക്കാരനയാണ് ചന്ദ്രശേഖര്‍ ഗുണ്ടൂരില്‍ സ്ഥാനാര്‍ത്ഥിയായതെന്നതും കൗതുകമാണ്. ഗുണ്ടൂരിലെ ടിഡിപി സിറ്റിംഗ് എംപി ഗല്ല ജയദേവ് വീണ്ടും മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം അമരാവതി ഗ്രൂപ്പിന്റെ എംഡിയായ ജയദേവിന്റെ ആസ്തി 680 കോടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 4205 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയദേവിന്റെ വിജയം. രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി ജയദേവ് പ്രഖ്യാപിച്ചതോടെയാണ് അതിലും വലിയ കോടീശ്വരന്‍ ഗുണ്ടൂരില്‍ ഇറങ്ങിയത്.
തെന്നാലിയിലെ ബൂരിപാലം സ്വദേശികളായ ചന്ദ്രശേഖറിന്റെ കുടുംബം കാലങ്ങളായി തെലുഗു ദേശം പാര്‍ട്ടിയുടെ അണികളാണെന്നാണ് ടിഡിപി നേതാവ് പട്ടാഭി രാം റെഡ്ഡി പറയുന്നത്. നരസര്‍പേട്ടില്‍ ബിസിനസ് നടത്തിയിരുന്ന ചന്ദ്രശേഖറിന്റെ പിതാവ് തെലുഗു ദേശത്തിന്റെ നേതാവായിരുന്നുവെന്നും റെഡ്ഡി അവകാശപ്പെടുന്നു. പേരുകേട്ട ഡോക്ടറായ ചന്ദ്രശേഖര്‍ അമേരിക്കയില്‍ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പാഠ്യം പദ്ധതികള്‍ തയ്യാറാക്കുകയും സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചില ആപ്പുകള്‍ വികസിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നും റാം റെഡ്ഡി പറയുന്നു.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തന്റെ 25മത്തെ വയസില്‍ പെമ്മസാനി UWorlds എന്ന ലേണിംഗ് സര്‍വീസ് ആരംഭിച്ചു. എസ്എടി, എംസിഎടി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് മെഡിക്കല്‍ ലൈസന്‍സിംഗ് തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായിരുന്നു യുവേള്‍ഡ്. നിലവില്‍ യുവേള്‍ഡിന്റെ സിഇഒ ആണ് പെമ്മസാനി. 2022 ല്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് എന്‍ട്രപ്രണര്‍ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
സ്‌കൂള്‍ നിര്‍മിച്ചും വിവധി സാമൂഹ്യപ്രവര്‍ത്തികളില്‍ പങ്കാളിയായും നരസപേട്ടില്‍ ഡോക്ടര്‍ ചന്ദ്രശേഖര്‍ പെമ്മസാനി ജനങ്ങള്‍ക്കിടയില്‍ പരിചിതനാണ്. ടിഡിപിയുടെ നോണ്‍ റെസിഡന്റ് ഇന്ത്യന്‍ സെല്ലിന്റെ സജീവ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ 2024, 2019 പൊതു തെരഞ്ഞെടുപ്പുകളില്‍ ടിഡിപിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നാണ് തെലുഗു ദേശ് നേതാക്കള്‍ പറയുന്നത്.
ഇത്തവണയാണ് ഡോ. ചന്ദ്രശേഖര്‍ ആദ്യമായി തനിക്ക് തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ താത്പര്യമുണ്ടെന്നു പറയുന്നതെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്. അദ്ദേഹം സംശുദ്ധനാണെന്നും ഒന്നും ഒളിക്കാനില്ലാത്തതുകൊണ്ട് തന്റെ ആസ്തി വിവരങ്ങളെല്ലാം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നുമായിരുന്നു വോട്ടെടുപ്പിനു മുന്നോടായി നേതാക്കള്‍ വാദിച്ചത്. ഗല്ല ജയദേവ് രാഷ്ട്രീയത്തില്‍ നിന്നും ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ചന്ദ്രശേഖര്‍ മണ്ഡലത്തില്‍ ഗ്രൗണ്ട് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ടിഡിപി നേതാവ് എന്‍ വിജയകുമാര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
ഇന്ത്യയിലും യുഎസ്എയിലും സ്വത്തുള്ള പെമ്മസാനി നൂറിനു മുകളില്‍ കമ്പനികളില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. രണ്ട് മെഴ്‌സിഡസ്, ഒരു ടെസ്‌ല, ഒരു റോള്‍സ് റോയ്‌സ് എന്നിവ ചന്ദ്രശേഖറിന് സ്വന്തമാണ്. ഹൈദരാബാദ്, തെന്നാലി എന്നിവിടങ്ങള്‍ക്കു പുറമെ അമേരിക്കയിലും അദ്ദേഹത്തിന് വസ്തുവകകളുണ്ട്. 1,038 കോടിയുടെ കടവും തെരഞ്ഞെടുപ്പ് കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒരു കേസും അദ്ദേഹത്തിന്റെ പേരിലുണ്ട്.
കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുന്നില്‍ ബിജെപി
സഭയിലെ കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനം തെലങ്കാനയില്‍ നിന്നുള്ള കൊണ്ട വിശ്വേശര്‍ റെഡ്ഡിയാണ്. ചേവെല്ല മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്. കോണ്‍ഗ്രസിന്റെ ജി രഞ്ജിത്ത് റെഡ്ഡിയെ 8,09,882 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സത്യവാങ്മൂലത്തില്‍ പറഞ്ഞതു പ്രകാരം റെഡ്ഡിക്ക് 4,568 കോടിയുടെ ആസ്തിയുണ്ട്.
പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍ ബിജെപിയുടെ തന്നെ നവീന്‍ ജിന്‍ഡാലാണ്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നു വിജയിച്ച ജിന്‍ഡാലിന് 1,241 കോടിയുടെ സ്വത്തുണ്ട്. ബിസിനസുകാരനായ നവീന്‍ ജിന്‍ഡാല്‍, തെരഞ്ഞെടുപ്പിനു ചില മാസങ്ങള്‍ക്കു മുമ്പാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തുന്നത്. ഖനി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം വന്നതോടെയാണ് ജിന്‍ഡാല്‍ പാര്‍ട്ടി മാറിയത്.
ബിജെപിയില്‍ നിന്നാണ് ഇത്തവണ കൂടുതലും കോടീശ്വര എംപിമാര്‍. 240 ബിജെപി എംപിമാരുടെ ശരാശരി സ്വത്ത് 50.04 കോടിയാണെന്നാണ് എഡിആര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ 99 എംപിമാരുടെ ശരാശരി ആസ്തി 22.93 കോടിയാണ്. 37 സമാജ്‌വാദി പാര്‍ട്ടി എംപിമാര്‍ക്ക് 15.24 കോടിയുടെ ശരാശരി ആസ്തിയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 29 എംപിമാരുടെ ശരാശരി ആസ്തി 17.98 കോടിയാണ്. ടിഡിപിയില്‍ നിന്നു ജയിച്ച 16 പേരുടെ ശരാശരി ആസ്തി 442.26 കോടിയാണ്.
കൂടുതല്‍ കോടീശ്വരന്മാരുള്ള ബിജെപിയില്‍ നിന്നു തന്നെയാണ് ഈ ലോക്‌സഭയില്‍ സമ്പത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന എംപിയുമുള്ളത്. പശ്ചിമ ബംഗാളിലെ പുരുലിയ മണ്ഡലത്തില്‍ നിന്നും വിജയിച്ച ജ്യോതിര്‍മയി സിംഹ് മഹാതോ ആണ് ഏറ്റവും കുറവ് ആസ്തിയുള്ള ലോക്‌സഭ അംഗം.
കോടീശ്വരന്മാര്‍ കൂടുന്ന ലോക്‌സഭ
ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച 543 എംപിമാരില്‍ 504 പേരും കോടീശ്വരന്മാണെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) പറയുന്നത്. അതായത് 93 ശതമാനം എംപിമാരും കോടികളുടെ ആസ്തിയുള്ളവര്‍. 2009 ല്‍ 543 പേര്‍ മത്സരിച്ചതില്‍ 315(58 ശതമാനം) പേരായിരുന്നു കോടീശ്വരന്മാര്‍, 2014ല്‍ 542 പേര്‍ മത്സരിച്ചതില്‍ കോടീശ്വരന്മാരുടെ എണ്ണം 443(82ശതമാനം) ആയി ഉയര്‍ന്നു. 2019 ല്‍ എത്തിയപ്പോള്‍ 539 പേര്‍ മത്സരിച്ചതില്‍ കോടീശ്വരന്മാരുടെ എണ്ണം 475(88ശതമാനം) ആയി വീണ്ടും ഉയര്‍ന്നു. ഇത്തവണ 504(93 ശതമാനം) ആയി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇന്ത്യന്‍ പാര്‍ലമെന്റ് കോടീശ്വരന്മാരുടെ സങ്കേതമായി പരിണമിക്കുകയാണ്.
Content Summary; dr.chandrasekhar pemmasani richest mp in parliament, total 504-mps are crorepatis