തമിഴ്നാട് സര്‍ക്കാരും രാജ്ഭവനും തമ്മിലുണ്ടായിരുന്ന താത്കാലിക ‘വെടിനിര്‍ത്തല്‍’ വീണ്ടും തടസപ്പെട്ടിരിക്കുന്നു. ഗവര്‍ണര്‍ ആര്‍.എന്‍ രവി പങ്കെടുത്ത പരിപാടിയില്‍ ആലപിച്ച തമിഴ് സംസ്ഥാന ഗാനത്തില്‍ പ്രസക്തമായൊരു വരി ഒഴിവാക്കപ്പെട്ടതാണ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന പിരിമുറക്കും വീണ്ടും സങ്കീര്‍ണമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) ബി.ജെ.പിയും അവരുടെ സഖ്യ കക്ഷികളുമായി ഇതിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. രാഷ്ട്രീയമായി മാത്രമല്ല, തമിഴ് സംസ്‌കാരത്തെക്കൂടി ചൊല്ലിയുള്ള വാഗ്വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
വെള്ളിയാഴ്ച ചെന്നൈ ദൂരദര്‍ശന്‍ ഓഫീസില്‍ നടന്ന ഹിന്ദി മാസാചരണ ചടങ്ങില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ചൊല്ലിയതാണ് വിവാദമായത്. ഈ ഗാനത്തില്‍ നിന്നും ‘തെക്കനവും അധീരശിരന്ധ ദ്രാവിഡ നാള്‍ തിരുനാടും’, എന്ന ദ്രാവിഡ നാടിന്റെ മഹത്വത്തെ വാഴ്ത്തുകയും സംസ്ഥാനത്തിന്റെ സ്വത്വത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വരി ഒഴിവാക്കിയിരുന്നു. ഇതാണ് മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രകോപിതരാക്കിയത്.
‘തമിഴ്‌നാടിനും തമിഴ് ഭാഷയ്ക്കും അപമാനം’ എന്നായിരുന്നു സ്റ്റാലിന്‍ ഈ ഒഴിവാക്കലിനെ അപലപിച്ചത്. ദേശീയഗാനത്തില്‍ നിന്ന് സമാനമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ഗവര്‍ണര്‍ ധൈര്യപ്പെടുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
‘ദ്രാവിഡ അലര്‍ജി’ ഉള്ള ആളായ ഗവര്‍ണറെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് സ്റ്റാലിന്റെ ആവശ്യം. ദ്രാവിഡ അലര്‍ജിയാല്‍ ബുദ്ധിമുട്ടുന്ന ഗവര്‍ണര്‍, ദ്രാവിഡനെ ഒഴിവാക്കിയുള്ള ദേശീയഗാനം ആലപിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുമോ? എന്ന ചോദ്യവും സ്റ്റാലിനുണ്ട്. ഭാഷയും സാംസ്‌കാരിക സ്വത്വവും പരമപ്രധാനമായി കാണുന്നൊരു സംസ്ഥാനം പ്രകടിപ്പിക്കുന്ന വൈകാരികതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രകടമാകുന്നത്.
സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി, ഗവര്‍ണറുടെ ഓഫീസ് എല്ലാ ആക്ഷേപങ്ങളും നിഷേധിക്കുകയാണ്. വരി ഒഴിവാക്കിയത് മനഃപൂര്‍വമല്ലെന്നും ഗവര്‍ണര്‍ രവി പരിപാടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും രാജ്ഭവന്റെ പ്രസ്താവനയില്‍ പറയുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യവശാല്‍ വിലകുറഞ്ഞതും, മുഖ്യമന്ത്രിയുടെ ഉന്നതമായ ഭരണഘടനാ പദവിയുടെ അന്തസ്സ് കുറയ്ക്കുന്നതുമാണെന്നാരുന്നു ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ മറുപടി. ”പരിപാടിയുടെ തുടക്കത്തില്‍, ഗായകസംഘത്തിന്റെ അശ്രദ്ധമൂലം ഒരു വരി തെറ്റിച്ചു, ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ല’ ഗവര്‍ണറുടെ മാധ്യമോപദേഷ്ടാവ് നല്‍കുന്ന വിശദീകരണമിങ്ങനെയാണ്.
സ്റ്റാലിന്‍ ‘വംശീയ പരാമര്‍ശം’ നടത്തിയെന്നും ഗവര്‍ണര്‍ പദവിയോട് അനാദരവ് കാണിക്കുകയാണെന്നുമാണ് രവിയുടെ കുറ്റപ്പെടുത്തല്‍. ‘എല്ലാ ചടങ്ങുകളിലും ഞാന്‍ തമിഴ് തായ് വാഴ്ത്ത് മുഴുവനായി ചൊല്ലാറുണ്ട്, അത് ബഹുമാനത്തോടെയും അഭിമാനത്തോടെയും കൃത്യതയോടെയും ചെയ്യാറുണ്ട്,’ എന്നാണ് രവി ഉറപ്പിച്ചു പറയുന്നത്.
വിവാദം രൂക്ഷമായതോടെ, ചെന്നൈയിലെ ദൂരദര്‍ശന്‍ കേന്ദ്രം സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. വരി ഒഴിവാക്കിയതിനെ ‘അശ്രദ്ധമായ തെറ്റ്’ എന്നാണ് ദുരദര്‍ശന്‍ കേന്ദ്രം സ്വയം വിമര്‍ശിക്കുന്നത്. തമിഴിനെയോ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്തിനെയോ അനാദരിക്കാന്‍ ഗായകര്‍ക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനും ഈ വിഷയത്തില്‍ പങ്കാളിയിട്ടുണ്ട്. സംസ്ഥാന ഗാനത്തില്‍ നിന്നും പ്രധാനപ്പെട്ട വരി ഒഴിവാക്കിയതിനെ അപലപിച്ച കമല്‍, സംസ്ഥാന ഗാനത്തില്‍ മാത്രമല്ല ദേശീയ സ്വത്വത്തിലും ”ദ്രാവിഡ”ത്തിന് ഒരു പ്രധാന സ്ഥാനമുണ്ടെന്ന് എടുത്തു പറഞ്ഞു. ഇതോടെ, വിവാദം കൂടുതല്‍ വൈകാരികമായ രാഷ്ട്രീയ-സാംസ്‌കാരിക പ്രശ്‌നമായി മാറുകയാണ്. ഗവര്‍ണര്‍ക്കെതിരായ വികാരം ആളിക്കത്തിക്കുന്നതാണ് കമല്‍ഹാസന്റെ വാക്കുകളും.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് പ്രാദേശിക ഭാഷകളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമമാണെന്നാണ് ഹിന്ദി മാസാചരണത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍ വിമര്‍ശിച്ചത്. ഹിന്ദി മാസാചരണം തുടരുകയാണെങ്കില്‍ തമിഴ് പോലുള്ള പ്രാദേശിക ഭാഷകളെയും ആഘോഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഇപ്പോഴത്തെ വിവാദങ്ങള്‍ കേവലം പാട്ടിലെ ഒരു വരി ഒഴിവാക്കപ്പെട്ടതിന്റെ മാത്രം പ്രശ്‌നമല്ല; അത് ആഴത്തിലുള്ള പ്രത്യയശാസ്ത്ര വിഭജനത്തിന്റെതാണ്. തമിഴ് ഭാഷയ്ക്കും ദ്രാവിഡ സ്വത്വത്തിനും മേലുള്ള തമിഴ്നാട് ഭരണകൂടത്തിന്റെ വൈകാരിക ആവേശം പേരുകേട്ടതാണ്. പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാരിന്റെ പല തീരുമാനങ്ങള്‍ക്കുമെതിരേ നടത്തിയിട്ടുള്ള ചരിത്രപരമായ വിയോജിപ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുക്കുമ്പോള്‍. തമിഴന്റെ സ്വത്വപ്രശ്‌നം അവിടുത്തെ രാഷ്ട്രീയവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. തമിഴ് വൈകാരിതയ്ക്കു മേലുണ്ടാകുന്ന ഏത് അവഹേളനവും സംസ്ഥാനത്തിന്റെ പൊതു പ്രശ്നമായി മാറുമെന്നു ഡിഎംകെ നേതൃത്വത്തിന് നന്നായി അറിയാം.
ഇപ്പോഴത്തെ പിരിമുറുക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് സ്വത്വ രാഷ്ട്രീയം നിര്‍ണായക പങ്ക് വഹിക്കുന്ന വിശാലമായ രാഷ്ട്രീയ മണ്ഡലത്തെയാണ്. ദ്രാവിഡ പ്രസ്ഥാനത്തില്‍ വേരുകളുള്ള ഡിഎംകെ തങ്ങളുടെ പ്രാദേശിക സ്വത്വത്തെയാണ് മുന്നോട്ടു വയ്ക്കുന്നത്, അതേസമയം ബിജെപിയും സഖ്യകക്ഷികളും ശ്രമിക്കുന്നത് പ്രാദേശിക വികാരങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു ദേശീയ വികാരത്തെ ഉയര്‍ത്തിപ്പിടിക്കാനാണ്.
ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കുമ്പോള്‍, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയത്തിനപ്പുറത്തേക്കും വ്യാപിച്ചേക്കാം. ഡിഎംകെയുടെ നിലപാട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഭാവി ഇടപെടലുകളെയും സ്വാധീനിച്ചേക്കും, പ്രത്യേകിച്ച് സാംസ്‌കാരിക പ്രാതിനിധ്യത്തിന്റെയും, ദേശീയതയെ മുന്‍നിര്‍ത്തി പ്രാദേശിക സ്വത്വങ്ങളെ പരിഗണിക്കുന്ന വിഷയങ്ങളില്‍.
ഒരു സുപ്രധാന ചടങ്ങില്‍ തമിഴ് സംസ്ഥാന ഗാനത്തില്‍ നിന്ന് ഒരു പ്രധാന വരി ഒഴിവാക്കിയതിന്റെ പേരില്‍ തമിഴ്നാട് സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ആളിക്കത്തുന്നത്, ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ ഭൂപ്രകൃതിയിലെ അന്തര്‍ലീനമായ വിള്ളലുകളാണ് വെളിപ്പെടുത്തുന്നത്. ഭാഷയും സ്വത്വവും പരമപ്രധാനമായി കാണുന്നൊരു ജനസമൂഹം ജീവിക്കുന്ന തമിഴ്നാട്ടില്‍ ഓരോ വാക്കിനുപോലും അതിന്റെതായ പ്രാധാന്യമുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ ജാഗ്രതയോടെ നിലകൊള്ളണമെന്നും ഈ സംഭവം ഓര്‍മപ്പെടുത്തുന്നു. Dravida’ skipped in Tamil Nadu state song, Again MK Stalin Vs Governor
Content Summary; Dravida’ skipped in Tamil Nadu state song, Again MK Stalin Vs Governor