ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ഡീപ്സീക്കിന്റെ സേവനം താൽക്കാലികമായി നിർത്തിവെക്കുന്നതായി അറിയിച്ച് ദക്ഷിണ കൊറിയൻ സർക്കാർ. ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് ആപ്പിന്റെ സേവനം നിർത്തലാക്കിയത്. ഡീപ്സീക്കിന്റെ ഡാറ്റ ശേഖരണ രീതിയെക്കുറിച്ചുള്ള ആശങ്കയെ തുടർന്നാണ് സേവനം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ദക്ഷിണ കൊറിയൻ വാർത്ത ഏജൻസിയായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയുടെ വ്യക്തിഗത വിവര സംരക്ഷണ നിയമങ്ങൾക്ക് അനുസൃതമായി മെച്ചപ്പെടുത്തലുകളും പ്രതിവിധികളും സൃഷ്ടിച്ചതിന് ശേഷം മാത്രമേ ആപ്പ് പ്രവർത്തനക്ഷമമാക്കൂവെന്നും അധികൃതർ അഭിപ്രായപ്പെട്ടു. നിരവധി സർക്കാർ മന്ത്രാലയങ്ങളും ഏജൻസികളും എഐ സേവനങ്ങളിലേക്കുള്ള ആക്സസ് തടഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ദക്ഷിണ കൊറിയയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
അതേസമയം, ഡാറ്റ ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്നത് സംബന്ധിച്ച് ഡീപ്സീക്കിന് കഴിഞ്ഞ മാസം ദക്ഷിണ കൊറിയൻ സർക്കാർ ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് അയച്ചിരുന്നു. ഇതിന് മറുപടിയായി, ഡീപ്സീക്ക് ദക്ഷിണ കൊറിയയിലേക്ക് ഒരു പ്രതിനിധിയെ അയക്കുകയും രാജ്യത്തിന്റെ ഡാറ്റാ സംരക്ഷണ നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നില്ലെന്ന് സമ്മതിക്കുകയും അന്വേഷണ സമയത്ത് അധികാരികളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഡീപ്സീക്കിന്റെ ഡാറ്റ ശേഖരണ രീതിയെക്കുറിച്ചുള്ള ആശങ്ക ഉന്നയിക്കുന്ന ആദ്യ രാജ്യമല്ല ദക്ഷിണ കൊറിയ. പല രാജ്യങ്ങളിലെയും സർക്കാർ ഏജൻസികൾ തങ്ങളുടെ ജീവനക്കാർക്കിടയിൽ എഐ സോഫ്റ്റ്‌വെയർ നിരോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ജനുവരി 31 ന് സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ കാരണം, നാസ അവരുടെ സിസ്റ്റങ്ങളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ഡീപ്സീക്കിന്റെ എഐ ടൂൾ ബ്ലോക്ക് ചെയ്തിരുന്നു. ഡീപ്സീക്ക് ഉപയോഗിക്കരുതെന്ന് ഒരു ആഴ്ച മുമ്പ് യുഎസ് നാവികസേന തങ്ങളുടെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ സർക്കാരും സർക്കാർ സിസ്റ്റങ്ങളിലേക്കുള്ള ഡീപ്സീക്കിന്റെ ആക്സസ് തടഞ്ഞിരുന്നു. ജനുവരി 30ന് ഇറ്റാലിയൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്ന് ആപ്പിൽ വ്യക്തമായി വിശദീകരിച്ചിട്ടില്ലാത്തതിനാൽ, അവരുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കണമെന്ന് പരിമിതപ്പെടുത്താൻ ഇറ്റലിയുടെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഗാരന്റേ) ഡീപ്സീക്കിനോട് ഉത്തരവിട്ടു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി തായ്‌വാൻ സർക്കാർ വകുപ്പുകളും ഡീപ്സീക്ക് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ എങ്ങനെയാണ് സംഭരിക്കുന്നതെന്നും ഉപയോഗിക്കുന്നതെന്നും കൃത്യമായ അവലോകനം ഇല്ലാത്തതിനാലാണ്
ഡീപ്സീക്ക് പ്രോഗ്രാമുകൾ തടയാൻ പല രാജ്യങ്ങളും ഉത്തരവിട്ടിരിക്കുന്നത്.
Content Summary: Due to concerns over data collection practices, South Korea has halted the services of DeepSeek
DeepSeek South Korea yonhap