അധ്യാപികയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഡി.വൈ.എസ്.പിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് നിയമവിരുദ്ധമാണെന്ന പ്രതികരണം ശക്തമാകുന്നു. പരാതിക്കാരിയായ സ്ത്രീ ഭർത്താവിൽ നിന്നും ഒന്നര വർഷമായി മാറി താമസിക്കുകയാണ്. ഇത് ഡി.വൈ.എസ്.പി കെ.സുദര്‍ശനന്റെ സുഹൃത്തിന്റെ കുടുംബം സംരക്ഷിക്കാനെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു. മെയ് 26 ന് സുദര്‍ശനന്റെ തടഞ്ഞ് വച്ച ശമ്പള ഇന്‍ക്രിമെന്റ് നല്‍കുന്നതിനും സര്‍വ്വീസ് രേഖകളില്‍ കുറ്റവിമുക്തമാക്കുന്നതിനുമുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുകയായിരുന്നു.
സ്വകാര്യതയ്ക്കുള്ള അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും വിഷയം കുടുംബ കോടതിയിൽ മാത്രം ഒതുക്കാതെ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും മുതിർന്ന അഭിഭാഷകയായ അഡ്വ ജെ. സന്ധ്യ സന്ധ്യ അഴിമുഖത്തോട് പറഞ്ഞു.
‘ഫെമിനിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണിത്. സ്ത്രീകളുടെ പരാതികൾ പലപ്പോഴും ലളിതവൽക്കരിക്കുകയും അതിന് ഒരു തരത്തിലുള്ള പ്രാധാന്യവും കൊടുക്കാതെ നിൽക്കുന്നതും തന്നെയാണ് ഇതിൽ പ്രതിഫലിക്കുന്നത്. എന്ത് സന്ദേശമാണ് ഇതിലൂടെ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുക എന്ന് കൂടി നമ്മൾ ആലോചിക്കേണ്ടതുണ്ട്.
ഇങ്ങനെയാണെങ്കിൽ സൈബറിൽ പരിചയമുള്ള ഏത് ഉദ്യോഗസ്ഥനും കോൺടാക്സ് ഉപയോഗിച്ച് ഏത് സ്ത്രീകളുടെയും വിവരങ്ങൾ എടുക്കാമല്ലോ. ഇത് കൊടുക്കുന്ന സന്ദേശം വളരെ മോശമായിരിക്കും. മറ്റൊരു വശമെന്തെന്നാൽ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യതയ്ക്കുള്ള അവകാശലംഘനമാണ് നടന്നിരിക്കുന്നത്. സ്വകാര്യത എന്നത് മൗലികാവകാശമാണ്. ആ സ്ത്രീക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ അർഹതയുമുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. ഒരു വ്യക്തിയല്ല, മറിച്ച് സ്റ്റേറ്റ് ആണ് ഇവിടെ നിയമം ലംഘിച്ച് പ്രവർത്തിച്ചിരിക്കുന്നത്. അതിനാൽ കഴിയുമെങ്കിൽ അവർ ഹൈക്കോടതിയിൽ കേസുമായി പോവുക തന്നെ വേണം.
നിസാരമായി ഇതിനെ കാണരുത്. ആ സ്ത്രീയുടെ പോരാട്ടം കുടുംബ കോടതിയിൽ മാത്രം ഒതുക്കിനിർത്തേണ്ടതല്ല, ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതിയിൽ പോകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം’, അഭിഭാഷക സന്ധ്യ പറഞ്ഞു.
ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ട സ്ത്രീക്ക് നീതി ലഭിക്കണമെന്നും ഉദ്യോഗസ്ഥനെതിരെ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും ഗാർഹിക അതിക്രമ പ്രതിരോധ സമിതിയുടെ അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ മെർസി അലക്സാണ്ടർ അഴിമുഖത്തോട് പ്രതികരിച്ചു.
ആരെങ്കിലും ചോദിച്ചാൽ സൈബർ ക്രൈമിൽ നിന്ന് വിവരങ്ങൾ കൊടുക്കുമോ? ഫോൺ ഉപയോഗിക്കുന്നയാളുടെ അനമതിയില്ലാതെ എങ്ങനെയാണ് സൈബർ സെല്ലിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നത്. രണ്ടാമത്തെ കാര്യം അയാൾ അത് പ്രചരിപ്പിച്ചു എന്നതാണ്. അത് തന്നെ നിയമത്തിന് എതിരല്ലേ? ഒരു സ്ത്രീയുടെ സ്വകാര്യതയെ ഹാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുടുംബം രക്ഷിക്കാനാണെന്നാണ് അയാൾ വാദമുന്നയിച്ചിരിക്കുന്നത്. ഉടൻ തന്നെ അയാളെ തിരിച്ചെടുക്കുകയും ചെയ്തു. ആ സ്ത്രീക്ക് എവിടെയാണ് നീതി ലഭിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ആ സ്ത്രീ ഭർത്താവിൽ നിന്നും മാറി കഴിയുകയാണ്. ഉദ്യോഗസ്ഥനെതിരെ സർക്കാർ ശക്തമായ നടപടി എടുക്കുക തന്നെ വേണം. അയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുക തന്നെ ചെയ്യണം.
അവർ ഒരുമിച്ച് ജീവിക്കുന്നുവെന്ന് പറയുന്നതൊക്കെ കള്ളമാണ്. അതൊക്കെ എന്തുകൊണ്ട് അന്വേഷിച്ചില്ല. അന്വേഷണം നടത്തുന്നവർ ആ സ്ത്രീയുടെ മൊഴിയെടുക്കണ്ടേ. ഒരു അന്വേഷണത്തിനും മുതിരാതെ ഏകപക്ഷീയമായല്ലേ നടപടി സ്വീകരിച്ചത്. ഇരയായ സ്ത്രീക്ക് നീതി ലഭിക്കുക തന്നെ വേണം, മെർസി അലക്സാണ്ടർ അഴിമുഖത്തോട് പറഞ്ഞു.
അധികാര ദുർവിനിയോഗവും ക്രിമിനൽ ഒഫൻസും തെളിഞ്ഞ കേസിൽ സുദർശൻ്റെ ദയഹർജി സ്വീകരിച്ചത് തന്നെ തെറ്റാണെന്നും കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഐടി ആക്ട് പ്രകാരം കേയെടുക്കേണ്ട വിഷയത്തിൽ എന്തുകൊണ്ടാണ് പോലീസിന് മാത്രം നിയമം ബാധകമല്ലാതാകുന്നതെന്ന് ഹരീഷ് വാസുദേവൻ ചോദിക്കുന്നു. പരാതിക്കാരിയുടെ മൊഴി എടുക്കുകയോ അവരുടെ അഭിപ്രായം പരിഗണിക്കുകയോ ചെയ്യുന്നില്ല. ആരോപണവിധേയന്റെ വാക്കും കേട്ട് സർക്കാർ ഉത്തരവിൽ എഴുതാനും, കുറ്റം ചെയ്ത ഒരാൾ പറഞ്ഞ നുണ എഴുതിവെച്ച് കുറ്റവിമുക്തൻ ആക്കാനും ആഭ്യന്തര വകുപ്പിന് എങ്ങനെ ധൈര്യം വന്നു?? പോലീസ് സേനയുടെ തലപ്പത്ത് മാത്രമല്ല അഭ്യന്തര വകുപ്പിലും ക്രിമിനലുകൾ ഉണ്ടോ?? മേൽത്തട്ടിൽ ഉള്ള പലരും ചട്ടം ലംഘിച്ച് CDR എടുക്കുന്നത് വെളിയിൽ വിടുമെന്ന് സുദർശൻ പറഞ്ഞത് കൊണ്ടാണോ ഇതു മാപ്പാക്കി വിട്ടത്?, ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അധികാര ദുർവിനിയോഗങ്ങൾക്ക് ഒത്താശ ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും ഹരീഷ് വാസുദേവൻ കൂട്ടിച്ചേർത്തു.
2021 സെപ്തംബര്‍ 25 ന് നടന്ന കുറ്റകൃത്യത്തെക്കുറിച്ച് സുഹൃത്തിന് വേണ്ടി മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഡി.വൈ.എസ്.പി കെ.സുദര്‍ശനനെ കുറ്റവിമുക്തനാക്കിയ എക്സ്ക്ലൂസീവ് റിപ്പോർട്ട് കഴിഞ്ഞ ദിവസം അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. 2021 സെപ്തംബര്‍ 25-നാണ് കുറ്റകൃത്യം നടന്നത്. പൊന്നാനി സ്വദേശിയായ അധ്യാപികയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ്ഡിവിഷനില്‍ ജോലി ചെയ്യവേ സുദര്‍ശനന്‍, നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെ കൈക്കലാക്കുന്നത്. ഈ വിശദാംശങ്ങള്‍ ഭര്‍ത്താവിന് കൈമാറുകയും അത് അധ്യാപികയുടെ അനുമതിയില്ലാതെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറുകയും ചെയ്തുവെന്നാണ് കെ.സുദര്‍ശനനെതിരെയുണ്ടായ കുറ്റം.dysp who leaked teacher’s phone details, committed cyber crime
Content Summary: dysp who leaked teacher’s phone details, committed cyber crime