July 12, 2025 |

അധ്യാപികയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഡി.വൈ.എസ്.പിയെ കുറ്റവിമുക്തമാക്കി സര്‍ക്കാര്‍

‘കുടുംബം സംരക്ഷിക്കാനായിരുന്നു’ എന്ന വാദത്തിന് അംഗീകാരം

സുഹൃത്തിന് വേണ്ടി മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഡി.വൈ.എസ്.പി കെ.സുദര്‍ശനന്റെ കുറ്റം ‘കുടുംബം സംരക്ഷിക്കാനാണെന്ന’ വാദം അംഗീകരിച്ച് പോലീസ് നേതൃത്വം. സുദര്‍ശനന്റെ തടഞ്ഞ് വച്ച ശമ്പള ഇന്‍ക്രിമെന്റ് നല്‍കുന്നതിനും സര്‍വ്വീസ് രേഖകളില്‍ കുറ്റവിമുക്തമാക്കുന്നതിനുമുള്ള സര്‍ക്കാര്‍ ഉത്തരവ് മെയ് 26ന് പുറത്തിറങ്ങി.

2021 സെപ്തംബര്‍ 25-നാണ് കുറ്റകൃത്യം നടന്നത്. പൊന്നാനി സ്വദേശിയായ അധ്യാപികയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ്ഡിവിഷനില്‍ ജോലി ചെയ്യവേ സുദര്‍ശനന്‍, നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെ കൈക്കലാക്കുന്നത്. ഈ വിശദാംശങ്ങള്‍ ഭര്‍ത്താവിന് കൈമാറുകയും അത് അധ്യാപികയുടെ അനുമതിയില്ലാതെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറുകയും ചെയ്തുവെന്നാണ് കെ.സുദര്‍ശനനെതിരെയുണ്ടായ കുറ്റം. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഫോണ്‍നമ്പര്‍ എന്ന് കോഴിക്കോട് സൈബര്‍ സെല്ലിനെ തെറ്റിദ്ധരിപ്പിച്ചാണ് സുദര്‍ശന്‍ മൊബൈല്‍ നമ്പറിന്റെ കാള്‍ ഡീറ്റെയ്ല്‍സ് നിയമവിരുദ്ധമായി കൈക്കലാക്കുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സുദര്‍ശനന്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയിരുന്നു. അതേ തുടര്‍ന്ന് ശമ്പള ഇന്‍ക്രിമെന്റ് തടഞ്ഞ് സര്‍വ്വീസ് അച്ചടക്ക നടപടി കൈക്കൊണ്ടു. ഇതിനെതിരെ കെ.സുദര്‍ശനന്‍ നല്‍കിയ ഹര്‍ജിയും റിവ്യൂ ഹര്‍ജിയും സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചിരുന്നു. അതിന് ശേഷം നല്‍കിയ ദയാഹര്‍ജിയിലാണ് കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി മാത്രം ചെയ്ത പ്രവര്‍ത്തിയാണിത് എന്ന വാദം അദ്ദേഹം ഉന്നയിച്ചത്. അത് അംഗീകരിച്ചാണ് ഇപ്പോള്‍ സുദര്‍ശനനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

dysp who leaked teacher's phone details

‘കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു തന്റെ പ്രവര്‍ത്തിയെന്നും പരാതിക്ക് ആധാരമായവരുടെ ഭാഗത്ത് നിന്നും യാതൊരു പരാതിയും നിലവില്‍ ഇല്ലെന്നും തന്നോട് വിദ്വേഷമോ പരസ്പരം സംശയമോ ഇല്ലാത്ത രീതിയില്‍ ഇവര്‍ ഇപ്പോള്‍ കുടുംബജീവിതം നയിച്ച് വരികയാണെന്നുമാണ് അറിഞ്ഞത്’ എന്ന് -ദയാഹര്‍ജിയില്‍ സുദര്‍ശനന്‍ പറയുന്നു. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ ഈ അധ്യാപിക പരാതി പിന്‍വലിച്ചിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ ‘അഴിമുഖ’ത്തെ അറിയിച്ചത്. കുടുംബത്തിലും സമൂഹത്തിലും മാനം കെടുത്തുന്നതിനാണ് ആ ഫോണ്‍ വിവരങ്ങള്‍ ഉപയോഗിച്ചതെന്നും നേരത്തേ പരാതിയില്‍ അധ്യാപിക പറഞ്ഞിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അയാളില്‍ നിന്ന് പിരിഞ്ഞ് ജീവിക്കുന്ന അധ്യാപിക വിവാഹമോചനത്തിനുള്ള നിയമനടപടികള്‍ നടത്തിവരികയാണ്. അതുകൊണ്ട് തന്നെ അധ്യാപികയുടെ കുടുംബം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയത് എന്ന വാദം അടിസ്ഥാനരഹിതമാണ്. ഹര്‍ജിക്കാരിയെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് ആ ഫോണ്‍ വിവരങ്ങള്‍ അവരുടെ ഭര്‍ത്താവ് ഉപയോഗിച്ചത്.

അത് മാത്രമല്ല, തികച്ചും നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയാണ് സുദര്‍ശനന്‍ ഈ സ്വകാര്യ മൊബൈല്‍ ഫോണിന്റെ കാള്‍ ഡീറ്റെയ്ല്‍സ് കരസ്ഥമാക്കിത്. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, താന്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന, കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഫോണ്‍നമ്പര്‍ ആണിതെന്നും അതിന്റെ അന്വേഷണത്തിനായി കാള്‍ ഡീറ്റെയ്ല്‍സ് ആവശ്യമാണെന്നും കോഴിക്കോട് സിറ്റി സൈബര്‍ സെല്ലില്‍ അപേക്ഷ നല്‍കി, പോലീസ് സംവിധാനത്തെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഇത് സുദര്‍ശനന്‍ കരസ്ഥമാക്കിയത്. ഇത് തന്റെ സുഹൃത്തും പരാതിക്കാരിയായ അധ്യാപികയുടെ ഭര്‍ത്താവുമായ ആള്‍ക്ക് സുദര്‍ശനന്‍ അയച്ച് നല്‍കിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പരാതിക്കാരിയുടെ ഭര്‍ത്താവ് ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ അനുമതിയില്ലാതെ പങ്കുവച്ചു. ഇതുവഴി പരാതിക്കാരിയുടെ സ്വകാര്യതയും മൗലികാവകാശവും ലംഘിക്കാന്‍ ഇടയായി എന്നതിനാലാണ് പോലീസ് നേതൃത്വവും സര്‍ക്കാരും അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സുദര്‍ശനനെതിരെ പോലീസ് നേതൃത്വം നടത്തിയ അന്വേഷണം ‘നോണ്‍ ഓറല്‍’ വിഭാഗത്തില്‍ പെട്ടതായിരുന്നു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി രാഹുല്‍ ആര്‍.നായര്‍ക്കായിരുന്നു അന്വേഷണ ചുമതല. ‘വാക്കാല്‍ അല്ലാത്ത അന്വേഷണം’ ആയിരുന്നത് കൊണ്ട് തന്നെ പരാതിക്കാരിയുടെ മൊഴികള്‍ രേഖപ്പെടുത്താതിരുന്നത് സുദര്‍ശനന് പ്രയോജനപ്പെട്ടു. സുദര്‍ശനെതിരെയുള്ള നടപടി പിന്‍വലിക്കുന്നതിന് മുമ്പും കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു കുറ്റകൃത്യമെന്ന ഇയാളുടെ വാദത്തിനോടുള്ള പരാതിക്കാരിയുടെ പ്രതികരണം പോലീസും കുറ്റം റദ്ദാക്കുന്നതിന് മുമ്പ് അന്വേഷിച്ചിട്ടില്ല. Government acquits the dysp who leaked the teacher’s phone details

Content Summary: Government acquits the dysp who leaked the teacher’s phone details

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×