സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി. ജയരാജന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ആത്മകഥ, ‘ഇതാണെന്റെ ജീവിതം’, പ്രസിദ്ധീകരണത്തിന് പിന്നാലെ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഉള്‍പ്പാര്‍ട്ടി അമര്‍ഷങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുന്‍പ്, ‘കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നത് വലിയ വിവാദമായിരുന്നു. ഇതോടെ പുസ്തകത്തിന്റെ പേര് മാറ്റി പ്രകാശനം നടത്തിയതോടെ പുസ്തകം വീണ്ടും സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്‌തെങ്കിലും, അതിലെ ഉള്ളടക്കം പാര്‍ട്ടി അണികള്‍ക്കിടയിലും നേതൃത്വത്തിലും അതൃപ്തിയുടെ വിത്ത് പാകിയിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് താന്‍ പാര്‍ട്ടിക്കുള്ളില്‍ അവഗണിക്കപ്പെട്ടതായി ഇപി ആത്മകഥയില്‍ പറയുന്നതാണ് അമര്‍ഷത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ആത്മകഥയില്‍, പാര്‍ട്ടിയിലെ സംഘടനാപരമായ കാര്യങ്ങള്‍ കൂടി ഇപി ജയരാജന്‍ തുറന്നെഴുതി എന്നതും നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, ‘കട്ടന്‍ ചായയും പരിപ്പുവടയും…’ എന്ന പേരില്‍ ഇപി ജയരാജന്റെ ആത്മകഥാ ഭാഗം പി.ഡി.എഫ്. രൂപത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും, പാര്‍ട്ടിയില്‍ തനിക്ക് നേരിട്ട അവഗണനയെക്കുറിച്ചുള്ള സൂചനകളും പ്രചരിച്ച ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ ഭാഗങ്ങള്‍ തന്റേതല്ലെന്നും ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ജയരാജന്‍ ശക്തമായി നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Also Read: കട്ടന്‍ ചായയും പരിപ്പ് വടയും മാത്രമല്ല; വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച രാഷ്ട്രീയ ജീവിതം
തുടര്‍ന്ന്, പാര്‍ട്ടിയുടെ അനുമതിയോടെയും കേന്ദ്ര നേതൃത്വത്തിന്റെ പരിശോധനയ്ക്ക് ശേഷവുമാണ് ‘ഇതാണെന്റെ ജീവിതം’ എന്ന പേരില്‍ യഥാര്‍ത്ഥ ആത്മകഥ പുറത്തിറങ്ങിയത്.
അവഗണനയുടെ തുറന്നെഴുത്ത്
മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ പി ജയരാജനുമായുള്ള അമര്‍ഷവും ആത്മകഥയില്‍ മറനീക്കി വന്നിട്ടുണ്ട്. ‘വൈദേകം’ എന്ന അധ്യായത്തിന്റെ 169-ാം പേജിലാണ് ഇപി തനിക്ക് നേരിട്ട അഴിമതി ആരോപണത്തെ വിശദീകരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെ പോലെ സഹായിച്ചെന്നായിരുന്നു പി ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വാര്‍ത്ത വന്നത് പി ജയരാജന്‍ എനിക്കെതിരെ വൈദേകം റിസോര്‍ട്ട് നിക്ഷേപത്തില്‍ അഴിമതി ആരോപണം നടത്തി എന്നായിരുന്നു. താന്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് നടന്നതെന്നും അറിഞ്ഞിരുന്നില്ല. വാര്‍ത്ത ദിവസങ്ങളോളം നീണ്ടുനിന്നു. ആരും വ്യക്തത വരുത്തിയില്ല.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നു. ആത്മകഥ പുറത്ത് വന്നതോടെ, വൈദേകം വിഷയത്തില്‍ ഇപിയുടെ അതൃപ്തി കൂടിയാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.
ഇതിനെല്ലാം പുറമെയാണ് തിരഞ്ഞെടുപ്പ് തലേന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ഇപി ജയരാജന്റെ കൂടിക്കാഴ്ച വലിയ വിവാദമായത്. എന്നാലിപ്പോള്‍ ആത്മകഥയിലൂടെ ബിജെപിയുമായുള്ള മറ്റൊരു വിവാദത്തിന് കൂടിയാണ് ജയരാജന്‍ തിരികൊളുത്തിയിരിക്കുന്നത്. തന്റെ മകനെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാക്കാന വിളിച്ചുവെന്ന പരാമര്‍ശമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ബിജെപി നേതാവ് പല തവണ മകനെ ഫോണില്‍ വിളിച്ചു. എന്നാല്‍ അവന്‍ ഫോണെടുത്തില്ല. എറണാകുളത്തെ ഒരു വിവാഹച്ചടങ്ങില്‍ വച്ചായിരുന്നു അവര്‍ മകനെ പരിചയപ്പെട്ടതും നമ്പര്‍ വാങ്ങിയതും. സ്ഥാനാര്‍ത്ഥിയാക്കാനുള്ള അവരുടെ തന്ത്രം മനസ്സിലാക്കിയതോടെയാണ് അവന്‍ ഫോണ്‍ എടുക്കാതിരുന്നതെന്നും ജയരാജന്‍ ആത്മകഥയില്‍ പറയുന്നു. പ്രകാശ് ജാവദേക്കറുമായുള്ള തന്റെ കൂടിക്കാഴ്ച അവിചാരിതമായിരുന്നുവെന്നും, ദല്ലാള്‍ നന്ദകുമാറിനൊപ്പം അദ്ദേഹം തന്നെ വന്നു കണ്ടതാണെന്നുമാണ് ജയരാജന്‍ ആവര്‍ത്തിക്കുന്നത്.
Also Read: ഇപിയുടെ ആത്മകഥാ വിവാദവും അഴിയാക്കുരുക്കും
ഇപി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നിട്ടും പങ്കെടുക്കാത്തതും വലിയ ചര്‍ച്ചയായിരിക്കുകയാണ്. പി ജയരാജനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
‘ഇതാണെന്റെ ജീവിതം’ എന്ന ഇ.പി. ജയരാജന്റെ ആത്മകഥ, ജീവിതാനുഭവം എന്നതിലുപരി, സി.പി.ഐ.എമ്മിനുള്ളില്‍ ശക്തനായ ഒരു നേതാവ് നേരിടുന്ന രാഷ്ട്രീയ ഒറ്റപ്പെടലിന്റെയും, അധികാര കേന്ദ്രങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെയും നേര്‍ചിത്രമാണോ എന്ന ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
Content Summary: E.P. Jayarajan’s book is trouble for the CPIM
This post was last modified on November 4, 2025 2:36 pm
Leave a Comment