കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ പദ്ധതി സ്റ്റാൻഡ്-അലോൺ ഹൈ-സ്പീഡ് ലൈൻ പദ്ധതിയായി മാറ്റി പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പുതിയ നീക്കത്തിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-റെയിലിന് പകരം ഡിപിആർ (വിശദമായ പ്രൊജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിനുമായി ഡിഎംആർസിയെ ഏൽപ്പിക്കണമെന്നാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മുൻ മേധാവി ഇ. ശ്രീധരൻ മുന്നോട്ട് വച്ച ആശയം. ഡിഎംആർസിയിൽ ഡിപിആർ സമർപ്പിച്ചാൽ എട്ട് മാസം കൊണ്ട് മാർഗരേഖ തയ്യാറാക്കി അഞ്ച് വർഷം കൊണ്ട് പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് അടുത്തിടെ ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു.
ഇതേതുടർന്ന് ശ്രീധരനുമായി കൂടുതൽ ചർച്ചകൾ നടത്തുന്നതിനും വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി മുഖ്യമന്ത്രി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെ പൊന്നാനിയിലേക്ക് അയച്ചു. ശ്രീധരന്റെ നിർദേശങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. എന്നാൽ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
ഡിപിആർ തയ്യാറാക്കുന്നതിന് ഇന്ത്യൻ റെയിൽവേയെയോ ഡിഎംആർസിയെയോ ഏൽപ്പിക്കണമെന്ന് അടുത്തിടെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ശ്രീധരൻ നിർദേശിച്ചിരുന്നു. സിൽവർ ലൈനിനായുള്ള പാത നിലത്തുകൂടിയാക്കാൻ പദ്ധതിയിടുമ്പോൾ, ശ്രീധരൻ അതിനായി ഒരു സ്റ്റാൻഡേർഡ് ഗേജ് ലൈൻ നൽകാൻ നിർദേശിച്ചു. ഇത് വയഡക്റ്റുകളിലൂടെ ഉയരത്തിലോ, തുരങ്കത്തിലൂടെയോ ആകാമെന്നും അദ്ദേഹം നിർദേശിച്ചു. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിക്കുള്ള ചിലവ് പ്രതീക്ഷിക്കുന്നത്.
”പദ്ധതി ഡിഎംആർസിയെ ഏൽപ്പിച്ചാൽ അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. ഉയർന്ന ഘടനയിലുള്ള ലൈൻ ആയിരിക്കണം. ഇതിനായി കുറച്ച് ഭൂമി ഏറ്റെടുക്കേണ്ടാതായി വരും, എന്നാൽ ചിലവ് ഒരുപാട് ഉയർന്നതായിരിക്കില്ല. നിർദേശങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്, അതിനാൽ കാലതാമസം കൂടാതെ പദ്ധതി നടപ്പിലാക്കണമെന്നാണ് കരുതുന്നത്. എന്നാൽ റെയിൽവേ മന്ത്രിയോട് സംസാരിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ കഴിയു.” ശ്രീധരൻ വ്യക്തമാക്കി.
ഒരു കിലോമീറ്ററിന് 200 കോടി ചിലവ് പ്രതീക്ഷ
മുകളിലൂടെ നിർമിക്കുന്ന പാതയായതിനാൽ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ”തുരങ്കപാതകൾക്കായി ഭൂമി ഏറ്റെടുക്കൽ ഉണ്ടാവുകയില്ല. ഉയരത്തിലൂടെ പോകുന്ന പാതയാണെങ്കിൽ വളരെ കുറഞ്ഞ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വരിക, ഇതുപോലും നിർമാണം കഴിഞ്ഞാൽ തിരികെ നൽകാനാവും. വലിയ മരങ്ങൾ വളർത്താൻ സാധിക്കില്ല എന്ന് മാത്രം. അതുകൊണ്ട് തന്നെ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിൽ പ്രശ്‌നമുണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ സെമി ഹൈ സ്പീഡ് റെയിൽപ്പാതയാണ് കെറെയിൽ കൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും, തുടക്കത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്ററിൽ പദ്ധതി ആരംഭിക്കാനാണ് ശ്രീധരൻ നിർദേശിക്കുന്നത്. ഭാവിയിൽ അത് കാസർകോടേക്കോ, മംഗലാപുരത്തേക്കോ നീട്ടാമെന്നും അദ്ദേഹം പറയുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുന്ന സ്റ്റാൻഡേർഡ് ഗേജിന്റെ ഇരട്ട ലൈനും അദ്ദേഹത്തിന്റെ നിർദേശത്തിൽ ഉൾപ്പെട്ടിരുന്നു. ഒരു കിലോ മീറ്ററിന് ഏകദേശം ഒരു കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.
നിർദേശ പ്രകാരം, കോങ്കോൺ റെയിൽവേ മാതൃക ഉപയോഗിച്ച് പാതയ്ക്ക് ഫണ്ട് നൽകാവുന്നതാണ്. റെയിൽവേയുടെ 51ശതമാനം ഓഹരിയും, സംസ്ഥാനത്തിന്റെ 49 ശതമാനം ഓഹരിയും ഉപയോഗിച്ച് ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ നിർമ്മിക്കേണ്ടതുണ്ട്.പദ്ധതിക്കായുള്ള തുകയുടെ 60 ശതമാനം ഇക്വിറ്റി മുഖേനയും, 40 ശതമാനം കടം വാങ്ങുന്നതിലൂടെയും കണ്ടെത്താൻ കഴിയും. ആറ് വർഷത്തിനുള്ളിൽ പദ്ധതിക്കായി റെയിൽവേ നൽകേണ്ട തുക 30,000 കോടി രൂപയോളം വരും, സംസ്ഥാന സർക്കാരും ഏകദേശം ഇതേ തുക തന്നെ വഹിക്കേണ്ടതായി വരും.
പദ്ധതിക്ക് റെയിൽവേയുടെ അനുമതി ലഭിക്കുമെന്ന കാര്യത്തിൽ സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നതാണ് ഇ ശ്രീധരന്റെ പിന്തുണ.
സ്റ്റാൻഡ്-അലോൺ ഹൈ-സ്പീഡ് ലൈനിൻ്റെ സവിശേഷതകൾ
*മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ഇരട്ട ലൈൻ സ്റ്റാൻഡേർഡ് ഗേജ്.
* തുടക്കത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സർവീസ്, ഭാവിയിൽ കാസറകോടേക്ക് നീട്ടാം.
* ഒരു കിലോമീറ്ററിന് 200 കോടി രൂപയും, പൂർത്തീകരണ ചെലവ് 1 ലക്ഷം കോടി രൂപയും ചിലവ് വരും.
* എട്ട് മാസം കൊണ്ട് ഡിപിആർ തയ്യാറാക്കി അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ ഡിഎംആർസിക്ക് കഴിയുമെന്നും ശ്രീധരൻ പറഞ്ഞു.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ നിന്നും
content summary; Metroman E Sreedharan to bring Kerala SilverLine project back on track with DMRC