തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനമാണ് വിഘ്നേഷിന്റെ തട്ടകം. ഇരുവരെയും മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. തങ്ങൾക്കിടയിലെ പ്രണയം പൂവിടാൻ കാരണം ധനുഷാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. 2015 ൽ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും അടുത്തിടപഴകുന്നതും പിന്നീട് വിവാഹംവരെ എത്തുന്നതും. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും ആരംഭിച്ച ഇരുവരുടെയും യാത്രയിൽ നടൻ ധനുഷ് വഹിച്ച പങ്കിനെ പറ്റിയാണ് ഇരുവരും ഹലോ മാഗസിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുന്നത്.
‘ധനുഷാണ് എന്നോട് നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ കഥ നയൻതാരയോട് പറയാൻ നിർബന്ധിച്ചത്. കഥ കേട്ടപ്പോൾ നയൻ സിനിമ ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു. നയൻ സമ്മതിച്ചത് കൊണ്ടാണ് ചിത്രം ചെയ്യാൻ താല്പര്യമില്ലാതിരുന്ന വിജയ് സേതുപതിയും സമ്മതിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതോടെ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു പാട് സമയം ഒന്നിച്ച്ചിലവഴിക്കേണ്ടി വന്നു. വളരെ പെട്ടന്ന് ഞങ്ങൾ തമ്മിൽ അടുത്തു. പരിചയപ്പെട്ട് ആദ്യത്തെ വർഷത്തിനുള്ളിൽ തന്നെ ഞങ്ങൾ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. ധനുഷ് അന്നെന്നോട് കഥ പറയാൻ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇതൊന്നും സംഭവിക്കില്ലായിരുന്നു’. വിഘ്‌നേഷിന്റെ വാക്കുകൾ
2014 ൽ പുറത്തിറങ്ങിയ ധനുഷിന്റെ ഹിറ്റ് ചിത്രമായ വേലയില്ലാ പട്ടധാരിയിൽ അദ്ദേഹത്തിനൊപ്പം ഞാൻ ഒരു അതിവേഷം ചെയ്തിരുന്നു. അവിടെ നിന്നാണ് ധനുഷുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. എന്റെ പ്രണയത്തിന്റെയും കാരണം ആ സൗഹൃദമാണ്. എന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു.
‘ഞാനും വിഘ്‌നേഷും തമ്മിൽ തൊഴിൽപരമായുളള ബന്ധമല്ലാതെ മറ്റൊരു തരത്തിലുളള പൊരുത്തം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സത്യത്തിൽ ഞങ്ങളുടെ ബന്ധം ആദ്യ ഘട്ടത്തിൽ ഒരു പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. പക്ഷെ, ഒരു ഒഴുക്കിൽ വളരെ സാവധാനം പ്രണയം ഞങ്ങളിലെത്തുകയായിരുന്നു. പരിചയപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഞങ്ങൾ ഇരുവർക്കും മനസിലായി ഞങ്ങളുടെ ഉള്ളിൽ പ്രണയമാണെന്ന്’. നയൻതാര പറയുന്നു.
2021 ലാണ് നയൻതാരയും വിഘ്‌നേഷും ഒന്നിക്കാൻ തീരുമാനിച്ച വിവരം ലോകത്തോട് പറയുന്നത്. 2022 ജൂൺ 9-ന് ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2022 ഒക്ടോബറിലാണ് നയനും വിഘ്‌നേഷിനും ഇരട്ട കുഞ്ഞുങ്ങൾ പിറക്കുന്നത്. റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ഈ നയൻതാരക്കും വിഘ്‌നേഷിനുമുണ്ട്.
This post was last modified on April 7, 2024 8:58 am
Leave a Comment