February 13, 2025 |
Share on

ധനുഷിനു ശേഷം ചന്ദ്രമുഖി; വിവാദം തീരാതെ നയന്‍താര

വിവാഹ ഡോക്യുമെന്ററിയില്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചതിന് 5 കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്

വിവാദം വിട്ടൊഴിയാതെ നയന്‍താരയുടെ കല്യാണ ഡോക്യുമെന്ററി. നാനും റൗഡി താന്‍ സിനിമയിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന ധനുഷിന്റെ പരാതിയാണ്, നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്ത ‘നയന്‍താര; ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിയെ ആദ്യം വിവാദത്തിലാക്കിയത്. ഇപ്പോഴിതാ രജനികാന്ത് ചിത്രമായ ചന്ദ്രമുഖിയുടെ നിര്‍മാതാക്കളും നയന്‍സിനെതിരേ നിയമ നടപടിയുമായി രംഗത്തു വന്നിരിക്കുകയാണ്. 2005 ല്‍ പുറത്തിറങ്ങിയ ബ്ലോക് ബ്ലസ്റ്റര്‍ ചന്ദ്രമുഖിയിലെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുക വഴി, തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി അഞ്ചു കോടി നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചന്ദ്രമുഖിയിയിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുക വഴിയുണ്ടായ നഷ്ടം നികത്താനായി അഞ്ചു കോടി നല്‍കണമെന്നാണ് നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഈ നോട്ടീസിനോടു നയന്‍താര ഇതുവരെ പ്രതികരിച്ചിട്ടില്ല.

നയന്‍താര; ബിയോണ്ട് ദ ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയവും വിവാഹവും, സിനിമ സെറ്റുകളില്‍ വച്ചുള്ള രസകരമായ മുഹൂര്‍ത്തങ്ങളും, കൂടാതെ നയന്‍താര അഭിനയിച്ച പ്രധാന ചിത്രങ്ങളിലെ സീനുകളും ഉള്‍പ്പെടുത്തിയിരുന്നു. 2022 ല്‍ മഹാബലിപുരത്ത് നടത്തിയ സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

നടനും അവതാരകനുമായ ചിത്ര ലക്ഷ്ണനാണ് ചന്ദ്രമുഖി നിര്‍മാതാക്കള്‍, സിനിമയിലെ പ്രധാന രംഗങ്ങള്‍ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതില്‍ അസന്തുഷ്ടരാണെന്ന വിവരം പുറത്തു വിട്ടത്.അനുമതിയില്ലാതെ സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ നിര്‍മാതാക്കള്‍ നടിക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരേ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന കാര്യവും ചിത്ര ലക്ഷ്മണ്‍ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടത്.

നാനും റൗഡി താന്‍ എന്ന സിനിമയിലെ രംഗങ്ങള്‍ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്നായിരുന്നു ആ ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷും പറഞ്ഞത്. ഇക്കാര്യത്തിലാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചത്. ധനുഷിന്റെ കാര്യത്തില്‍, ഉടന്‍ തന്നെ നയന്‍താര പരസ്യ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. നയന്‍താരയെയും ധനുഷിനെയും പിന്തുണച്ച് ആരാധകര്‍ ചേരിതിരിഞ്ഞു ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിനിമ മേഖലയില്‍ നിന്നും പലരും ഈ വിഷയത്തില്‍ നയന്‍താരയ്‌ക്കൊപ്പമായിരുന്നു നിന്നത്. ധനുഷിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയായിരുന്നു നയന്‍താര അന്ന് പുറത്തു വിട്ടത്.

എന്നാല്‍, ചന്ദ്രമുഖിയുടെ നിര്‍മാതാക്കളുടെ പരാതിയില്‍ നയന്‍താര ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ശവാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാംകുമാര്‍ ഗണേശനാണ് ചിത്രം നിര്‍മിച്ചത്.  Chandramukhi movie makers have also taken legal action against Nayanthara’ s Netflix wedding documentary 

Content Summary; Chandramukhi movie makers have also taken legal action against Nayanthara’s Netflix wedding documentary

Tags:

×