തെന്നിന്ത്യന്‍ സിനിമരംഗത്ത് നയന്‍താരയുടെ താരമൂല്യത്തെ വ്യത്യസ്തമാക്കുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയാണ്. തികഞ്ഞ പുരുഷാധിപത്യവും, ഈഗോയും നിലവിലുള്ള ഈ രംഗത്ത് അവര്‍ ആഘോഷിക്കപ്പെടുന്നത് അതുകൊണ്ടാണ്. 2003 ല്‍ ‘മനസിനക്കരെ’ എന്ന സിനിമയിലാണ് തിരുവല്ലക്കാരി ഡയാന കുര്യനെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് നയര്‍താരയായി പരിചയപ്പെടുത്തുന്നത്. രണ്ടാമത്തെ സിനിമയില്‍ ഫാസില്‍ മോഹന്‍ലാലിന്റെ നായികയാക്കുന്നു. സമാനമായ രീതിയില്‍ തമിഴിലും നയന്‍താരയെ കാണുന്നത് ചന്ദ്രമുഖിയില്‍ തലൈവര്‍ രജനീകാന്തിനൊപ്പമാണ്. രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ മിക്ക സൂപ്പര്‍ സാറ്റാറുകള്‍ക്കുമൊപ്പം നയന്‍താര തുല്യപ്രാധാന്യത്തില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. വ്യക്തിജീവിതത്തിലെ പാളിച്ചകള്‍ക്കും, സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്കും ശേഷം അവതരിച്ച നയന്‍താര 2.0 വിസ്മയകരമായ ഒരു കാഴ്ച്ചയാണ്. ഒരു ഫെയറി ടെയല്‍ പോലെ അവിശ്വസനീയമായ ‘ നയന്‍താര മാജിക്’ എന്തായിരിക്കും?
നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ‘ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ ഡോക്യുമെന്ററിയില്‍ മഷിയിട്ട് നോക്കിയാല്‍ പോലും ഇതിനുള്ള ഉത്തരമില്ല എന്നത് നിരാശപ്പെടുത്തു. വിനയാന്വിതയായ നയന്‍താരയുടെ മറുപടി ‘ മക്കള്‍ കൊടുത്ത അന്‍പ്’ എന്നാണ്. അദൃശ്യശക്തികള്‍ക്കുള്ള വീതവും മാറ്റിവയ്ക്കുന്നു. നായന്‍താര ഇപ്പോഴും ഒരു മികച്ച അഭിനേത്രിയല്ല. ഗ്ലാമര്‍ താരങ്ങള്‍ വേറെയുമുണ്ട്. അതുകൊണ്ട് തന്നെ സമകാലീനര്‍ക്കും പിന്തുടര്‍ച്ചക്കാര്‍ക്കും സീനിയര്‍ താരങ്ങള്‍ക്കുമടക്കം ഇതൊരു റഫറന്‍സ് പോയിന്റ് ആയിരിക്കും. പ്രേക്ഷകര്‍ക്കും ആഗ്രഹമുണ്ടാകും.
നയന്‍താര; ബിയോണ്ട് ദി ഫെയറി ടെയ്ല്‍ കണ്ട് ശരിക്കും സന്തോഷിക്കാം, തലക്കെട്ടിലെ ‘ബിയോണ്ട്’ വെട്ടിയാല്‍ മതി.
ഓമനാമ്മയുടെ സ്‌നേഹത്തെ ചോദ്യം ചെയ്യുന്നില്ല. അമ്മായിയമ്മയുടെ ആദരവോടെയുള്ള നന്ദി പ്രകടനത്തെയും. സ്‌നേഹത്തിന് മുന്‍പില്‍ നായന്‍താര എപ്പോഴും ദുര്‍ബലയാണ്. നയന്‍സ് അഭിനയിച്ച സിനിമകളുടെ സംവിധായകര്‍, സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ വെഡ്ഡിംഗ് പ്ലാനേഴ്‌സ്, കോസ്റ്റിയൂം ഡിസൈനേഴ്‌സ്; ഇങ്ങനെ ആകെ മൊത്തം സ്തുതിപാഠകരുടെ ‘ ക്യൂറേറ്റഡ് ഷോട്‌സ്(curated shots) കൊണ്ട് സമ്പന്നമായ ഡോക്യുമെന്ററി.
‘ ട്രൂ ലൗവ്(true love) പോലൊരു കിട്ടാക്കനിയെ കൊതിച്ച് നടന്ന നയന്‍താരയെ സെന്‍ മോഡില്‍ എത്തിച്ച ദിവ്യ പ്രണയം. അത്രമേല്‍ സ്‌നേഹിക്കുന്ന വിഘ്‌നേഷ് ശിവനപ്പുറം ഒന്നും കാണാന്‍ കഴിയാത്ത ഒരു പാവം ലേഡി സൂപ്പര്‍ സ്റ്റാര്‍. ഒരു മായക്കഥയിലെപ്പോലെ മനോഹരമായ കല്യാണത്തിന്റെ ആരും കാണാത്ത ദൃശ്യങ്ങള്‍, ചില ചെറിയ പ്രണയ പരാജയങ്ങളും പാഠങ്ങളും, ഉള്ളത് പറയാലോ, നയന്‍താര; ബിയോണ്ട് ദി ഫെയറി ടെയ്ല്‍ കുറച്ചെങ്കിലും സ്വാഭാവികമാകുന്നത് ഇവിടെയാണ്. ഹൈലൈറ്റ്‌സ് എന്താക്കണമെന്ന് ഡയറക്ടറും എഡിറ്ററുമായ അമിത് കൃഷ്ണന് കൃത്യമായ നിര്‍ദേശങ്ങള്‍ ഉള്ളതുപോലെ, അതുക്കം മേലെ ഒന്നുമില്ല. Nayanthara Beyond the Fairy Tale, netflix documentary
Content Summary; Nayanthara Beyond the Fairy Tale, netflix documentary