തെന്നിന്ത്യന്‍ സിനിമ നടന്‍ ജോണ്‍ വിജയില്‍ നിന്ന് ദുരനുഭവം നേരിട്ട് വനിതാ മാധ്യമ പ്രവര്‍ത്തക. മലയാള സിനിമയിലെ യുവടനടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം കേസുമായി ബന്ധപ്പെട്ട് ദ ന്യൂസ് മിനിട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ നിധി സുരേഷിനാണ് നടന്റെ ഭാഗത്ത് നിന്നുള്ള അപമാനകരമായ പ്രവര്‍ത്തി നേരിടേണ്ടി വന്നത്. തന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി ചലച്ചിത്ര നടന്‍ ദിലീപിന്റെ അഭിമുഖമെടുക്കാനായി ഫെബ്രുവരിയില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ എത്തിയ സമയത്താണ് മധ്യമപ്രവര്‍ത്തയ്‌ക്കെതിരേ അതേ ഹോട്ടലിലുണ്ടായിരുന്ന ജോണ്‍ വിജയ് അപമര്യാദയായി പെരുമാറിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും മലയാളിയുമാണ് നിധി സുരേഷ്. ദിലീപിന്റെ അഭിമുഖത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ജോണ്‍ വിജയില്‍ നിന്ന് മോശമായ അനുഭവമുണ്ടായതെന്ന് നിധി സുരേഷ് പറയുന്നു. സംഭവത്തെ കുറിച്ച് നിധി അഴിമുഖവുമായി സംസാരിക്കുന്നു;
”ദിലീപിന്റെ ആഭിമുഖം എടുക്കാനാണ് ഫെബ്രുവരി 24 ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ എത്തിയത്. ദിലീപിനെ കാത്തിരിക്കുന്നതിനിടയിലാണ് ജോണ്‍ വിജയ് എന്നെ സമീപിക്കുന്നത്. ആദ്യമായാണ് ഞാന്‍ അയാളെ കാണുന്നത്, സിനിമയിലെ വില്ലന്‍ എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ആ സമയമത്രയും അയാള്‍ ഞാനിരിക്കുന്ന കസേരക്ക് തൊട്ടടുത്തായി നില്‍ക്കുകയായിരുന്നു. ഡിസ്‌കംഫര്‍ട്ട് ആയി തോന്നിയതോടെ ഞാന്‍ അയാളോട് ഇരിക്കാന്‍ ആവിശ്യപ്പെട്ടു.” നിധി തനിക്കുണ്ടായ ദുരനുഭവം പറയുന്നു.
”ദിലീപിന്റെ കേസും അതേ തുടര്‍ന്നുണ്ടായ തിരിച്ച് വരവിനെ കുറിച്ചും ആര്‍ട്ടിക്കിള്‍ എഴുതാനാണ് എത്തിയതെന്ന് ഞാന്‍ പറഞ്ഞതിനു പിന്നാലെ അയാള്‍ദിലീപിനെ പുകഴ്ത്തി സംസരിച്ച് തുടങ്ങി. എനിക്ക് അയാളെ(ജോണ്‍ വിജയ്) കൂടുതല്‍ പരിചയമില്ലെന്ന് പറഞ്ഞതോടെ, നടന്‍ ഭാര്യയെ വിളിച്ചു. അയാളുടെ സിവി അയച്ചു തരാന്‍ ആവശ്യപ്പെട്ടു. ആ സിവി എനിക്ക് അയച്ചു തരാമെന്നും, അതോടെ അയാളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നും പറഞ്ഞു.
സംസാരത്തിനിടയില്‍ അയാള്‍ വീണ്ടും ഫോണെടുത്ത് ദിലീപിനെ വിളക്കുന്നുണ്ടായിരുന്നു. തന്നെ കാണാനായി ഒരു പെണ്‍കുട്ടി വന്നിട്ടുണ്ടെന്നും, തീര്‍ച്ചയായും കാണണമെന്നും അയാള്‍ ഫോണിലൂടെ ദിലീപിനോട് പറയുന്നുണ്ടായിരുന്നു. 14ാം നിലയില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദിലീപ് ഞങ്ങളോട് അങ്ങോട്ട് ചെല്ലാനായി ആവശ്യപ്പെട്ടു.
നാലു മാസത്തോളമായി ദിലീപിനെ കാണാനായി ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ അവസരം എനിക്ക് അത്രത്തോളം പ്രധാനമായിരുന്നു. ദിലീപിനെ കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദിലീപ് റൂമിന് പുറത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് വളരെ അരോചകമായ സംസാരമാണ് ജോണിന്റെ ഭാഗത്തു നിന്നുണ്ടായത്. അത് കഴിഞ്ഞ് ചോദിച്ച ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. ഒരിക്കലെങ്കിലും ഒരു പുരുഷനുമൊത്ത് നഗ്നയായിട്ടുണ്ടോ ? (Have you ever been naked with a man). അതായിരുന്നു അയാള്‍ക്ക് അറിയേണ്ടത്.
ആ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കാതായതോടെ, റൂമിലേക്ക് പോകാനായി ക്ഷണിച്ചു കൊണ്ടിരുന്നു. അയാളുടെ ചോദ്യങ്ങള്‍ അസഹ്യമായി തുടങ്ങിയതോടെ ദിലീപിനെ കാണാന്‍ നില്‍ക്കാതെ തിരിച്ച് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷെ അതെ സമയം തന്നെ ദിലീപ് മുറിയില്‍ നിന്ന് ഇറങ്ങി വന്നു. ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചാണ് ലിഫ്റ്റില്‍ കയറിയത്. മാധ്യമങ്ങളെ കണ്ടതിനു ശേഷം അഭിമുഖം താരമെന്നേറ്റ് ദിലീപ് മാധ്യമങ്ങള്‍ക്കടുത്തേക്ക് നടന്നു.
ജോണ്‍ ദിലീപിനൊപ്പം പോകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അയാളുടെ പ്രവര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്നോട് റൂമിലേക്ക് വരാന്‍ അയാള്‍ വീണ്ടും ആവശ്യപ്പെട്ടു. ഞാന്‍ ചെല്ലാത്തപക്ഷം ഇന്റര്‍വ്യൂ കിട്ടില്ലെന്നും ഭീഷണിപ്പെടുത്തി, ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരു സാഹചര്യമായിരുന്നു അത്.
ന്യൂസ് മിനിറ്റും എഡിറ്റര്‍ ധന്യ രാജേന്ദ്രനും എനിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. കേസ് കൊടുക്കാമെന്നാണ് സ്ഥാപനം പറഞ്ഞത്. എന്നെ സംബന്ധിച്ച് ഇത് തീര്‍ത്തും വിരോധഭാസമാണ്. ഒരു ലൈംഗികാതിക്രമ കേസിനെ കുറിച്ച് അന്വേഷിക്കാനായി എത്തിയ എനിക്ക് അതേ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ഞാന്‍ എഴുതിയ ആര്‍ട്ടിക്കളില്‍ (An orchestrated nightmare: A sexual assault that unmasked Malayalam cinema ) ഈ വിഷയം കൂടി ഉള്‍പ്പെടുത്താമെന്ന നിലപിടിലായിരുന്നു ഞാന്‍. സ്ത്രീകള്‍ പുരുഷനാല്‍ ചൂഷണം ചെയ്യപ്പെടാനുള്ള ഉപകരണം മാത്രമാണെന്ന ബോധ്യമാണ് അയാളുടെ പ്രവര്‍ത്തിക്ക് പിന്നില്‍. യാതൊരു കൂസലുമില്ലാതെയായിരുന്നു അയാളുടെ പെരുമാറ്റം. ആ ദിവസം ഞാന്‍ അങ്ങേയറ്റം ദേഷ്യത്തിലും നിരാശയിലുമായിരുന്നു. പക്ഷെ ന്യൂസ് മിനിറ്റ് എനിക്ക് പിന്തുണ നല്‍കി കൂടെ നിന്നു, ഞാന്‍ ഒറ്റക്കായിരുന്നില്ല.” നിധി പറയുന്നു.
നടന്‍ ജോണ്‍ വിജയ്‌ക്കെതിരെ ഇതിനുമുന്‍പും ലൈംഗിക അതിക്രമണ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയുടെ പരാതി പുറത്തു വന്നതിനു പിന്നാലെ നടനെതിരേ ഏതാനും സ്ത്രീകള്‍ നല്‍കിയ പരാതികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഗായിക ചിന്മയിയും പുറത്തുവിട്ടിട്ടുണ്ട്.
Content summary; Female journalist opens up about actor john Vijay misconduct