March 28, 2025 |
Share on

മോദിയുടെ വിദേശ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വിവരാവകാശ കമ്മിഷന്‍

പ്രധാനമന്ത്രിയുടെ യാത്രാച്ചെലവിനെക്കുറിച്ച് അന്വേഷിച്ച് അയച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര ചെലവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. യാത്രാച്ചെലവിനെക്കുറിച്ച് അന്വേഷിച്ച് അയച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്വദേശത്തെയും വിദേശത്തെയും യാത്ര തയ്യാറെടുപ്പുകളെക്കുറിച്ച് വെളിപ്പെടുത്തുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുമെന്നതിനാല്‍ പ്രധാനമന്ത്രിയുടെ യാത്രകളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും വെളിപ്പെടുത്താനാകില്ലെന്നാണ് മറുപടി. ഫയല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ കമ്മിഷന്‍ വിവരാവകാശ നിയമത്തിന്റെ 8(1)(എ) അനുസരിച്ച് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്ന് പറയുകയായിരുന്നു.

വിദേശയാത്രകളെക്കുറിച്ചുള്ള ഫയലിലെ ഏതാനും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ബാക്കിയുള്ളതും പുറത്താകുമെന്നതിനാല്‍ ഒരു വിവരവും പുറത്തുവിടനാകില്ലെന്നാണ് മറുപടിയില്‍ പറയുന്നത്. ഇന്ത്യയുടെ സര്‍വാധിപത്യത്തെയും സമ്പൂര്‍ണതയെയും സുരക്ഷാ താല്‍പര്യങ്ങളെയും ബാധിക്കുമെന്നതിനാല്‍ ഈ വിവരങ്ങളെ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കിയതായി മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആര്‍ കെ മതുര്‍ അറിയിച്ചു.

ലോകേഷ് കെ ബത്രയാണ് പ്രധാനമന്ത്രിയുടെ യാത്രയുടെ വിവരങ്ങള്‍ അറിയാന്‍ അപേക്ഷ സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രയുടെ തയ്യാറെടുപ്പുകള്‍, സെപ്തംബര്‍ ഒന്ന് മുതല്‍ പ്രധാനമന്ത്രിയ്ക്ക് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്തതിന് വന്ന ബില്ലുകള്‍, ജൂണ്‍ 15, 16 തിയതികളില്‍ പ്രധാനമന്ത്രി ഭൂട്ടാന്‍ സന്ദര്‍ശിച്ചപ്പോള്‍ ചെലവായ 2,45,27,465 രൂപയുടെ ബില്ലുകള്‍ തുടങ്ങിയ വിവരങ്ങളാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുപ്പത് ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

CIC Modi

Leave a Reply

Your email address will not be published. Required fields are marked *

×